ജയില്‍ ഇടിഞ്ഞാലും... സ്വപ്നയ്ക്ക് ദേ ജാമ്യം കിട്ടുമെന്ന് കരുതി വക്കീലന്‍മാര്‍ കളി തുടങ്ങിയപ്പോള്‍ ആഞ്ഞടിച്ച് എന്‍ഐഎ; റമീസിന് ദാവൂദ് ബന്ധമെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അന്വേഷണത്തിന്റെ ഗതിമാറ്റി സ്വപ്നയുടെ ഫോണില്‍ വമ്പന്റെ ഫോട്ടോ കാണിച്ച് എന്‍ഐഎ

സ്വപ്ന സുരേഷിന് കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യം ലഭിച്ചതോടെ ഉടന്‍ വീട്ടില്‍ പോകാമെന്നാണ് കരുതിയത്. മാത്രമല്ല എന്‍ഐഎ കോടതിയില്‍ വിയര്‍ക്കുകയും ചെയ്തു. യുഎപിഎ ചുമത്തുന്നതിന് തെളിവ് എവിടേയെന്നാണ് കോടതി ചോദിച്ചത്. നിരന്തരം തെളിവ് ചോദിച്ചതോടെ സ്വപ്ന ഉടന്‍ പുറത്തിറങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് എന്‍ഐഎ ശക്തമായ തെളിവാണ് നല്‍കിയത്. മുംബൈ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് കേസിലെ മറ്റൊരു പ്രതി റമീസുമായി ബന്ധമെന്ന് പറഞ്ഞതിന് പിന്നാലെ സ്വപ്നയുടെ ഫോണിലെ വമ്പന്റെ ഫോട്ടോ പുറത്ത് കാട്ടി. സ്വപ്ന സുരേഷിന്റെ ഫോണില്‍ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഫോട്ടോയാണ് കണ്ടെത്തിയത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ട മട്ടാണ്.
സ്വര്‍ണക്കടത്തു കേസ് പ്രതി കെ.ടി. റമീസിനു ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായ ഡി കമ്പനിയുമായുള്ള ബന്ധത്തിനു സൂചന ലഭിച്ചതായി അന്വേഷണ സംഘം ഇന്നലെയാണ് എന്‍ഐഎ കോടതിയില്‍ അറിയിച്ചത്. ഡി കമ്പനി ടാന്‍സനിയ കേന്ദ്രീകരിച്ചു സ്വര്‍ണം, ലഹരി, ആയുധം, രത്‌നം എന്നിവയുടെ കള്ളക്കടത്തു നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. റമീസും മറ്റൊരു പ്രതി കെ.ടി. ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാന്‍സനിയ യാത്രയുമായി ബന്ധപ്പെട്ട് ഗുരുതര തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ടാന്‍സനിയയിലെ താവളത്തില്‍ തോക്കുമായി നില്‍ക്കുന്ന റമീസിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രത്‌ന വ്യാപാര ഡീലര്‍ഷിപ്പിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന റമീസിന്റെ മൊഴിയും കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
അതേസമയം മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണില്‍ വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ചിത്രവും മറ്റു ചില പ്രതികളുടെ പക്കല്‍ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു. 10 പ്രതികളുടെ ജാമ്യ ഹര്‍ജികളുടെ വാദത്തിലാണ് എന്‍ഐഎ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വാദം ഇന്നും തുടരും. സ്വപ്നയുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.
ടാന്‍സാനിയയില്‍ നിന്ന് യു.എ.ഇയിലേക്ക് കടത്തുന്ന സ്വര്‍ണമാണ് നയതന്ത്ര ബാഗിലൊളിപ്പിച്ചു പ്രതികള്‍ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് എന്‍ഐഎ വാദിച്ചത്. ടാന്‍സാനിയയില്‍ രത്‌നവ്യാപാരം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് കെ.ടി. റമീസിന്റെ മൊഴിയുണ്ട്. ദാവൂദ് സംഘത്തിലെ ദക്ഷിണേന്ത്യക്കാരനായ ഫിറോസ് ഒയാസിസ് ഇപ്പോള്‍ ടാന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. പ്രതികളും ഇയാളും തമ്മിലുള്ള ബന്ധമാണ് എന്‍.ഐ.എ സംശയിക്കുന്നത്.
ടാന്‍സാനിയയിലെ രഹസ്യ താവളത്തില്‍ തോക്കേന്തി നില്‍ക്കുന്ന റമീസിന്റെ ചിത്രം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തു തുടങ്ങുന്ന സമയത്ത് റമീസ് കേരളത്തിലേക്ക് 13 തോക്കുകള്‍ കടത്തിയതായും കണ്ടെത്തിയിരുന്നു. റമീസിന്റെയും ഷറഫുദ്ദീന്റെയും ടാന്‍സാനിയ യാത്രകള്‍ക്ക് ഭീകരവാദ ബന്ധം സംശയിക്കുന്നുണ്ട്. കള്ളക്കടത്തില്‍ പണം നിക്ഷേപിക്കുന്നവര്‍ ഇതില്‍ നിന്നുള്ള ലാഭം സ്വീകരിക്കാതെ വീണ്ടും വീണ്ടും കള്ളക്കടത്തില്‍ തന്നെ നിക്ഷേപിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ടു കണ്ടെത്താനാണെന്ന് സംശയിക്കണം. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളും സമാനമായ രീതിയാണ് സ്വീകരിച്ചത്. യു.എ.ഇയ്ക്കു പുറമേ ടാന്‍സാനിയ കേന്ദ്രീകരിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്.
പ്രതികളില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള തെളിവുകള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല. ഇതുവരെ 22 ഉപകരണങ്ങളില്‍ നിന്നുള്ള തെളിവുകളാണ് ലഭിച്ചത്. വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ ചിത്രം സ്വപ്നയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത് ഗുരുതരമാണ്. സ്വര്‍ണ ബിസ്‌കറ്റുകള്‍ പായ്ക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍, വ്യാജ രേഖകളുടെ ചിത്രങ്ങള്‍ എന്നിവയും കണ്ടെത്തി. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും. ഇങ്ങനെയാണ് എന്‍ഐഎ വാദിക്കുന്നത്. ഇതോടെയാണ് സ്വപ്നയുടെ ജാമ്യം പൊല്ലാപ്പായത്.
"
https://www.facebook.com/Malayalivartha


























