വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം! മലയാളത്തിന്റെ മഹാകവി വിടവാങ്ങി... ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ മാത്രം... മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങി; ഇത് തീരാ നഷ്ടം

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി.
ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍.
ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്.
മലയാളത്തിന്റെ വിശ്വമഹാകവി യുഗദീര്‍ഘമായൊരു സ്‌നേഹവസന്തം അക്കിത്തത്തിന്റെ കവിതകളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നു. സ്‌നേഹം എന്ന വിശുദ്ധവികാരമാണ് എന്നും അക്കിത്തത്തിന്റെ പ്രത്യയശാസ്ത്രം.
ലോകനടത്തിപ്പിന്റെ തുമ്പില്ലായ്മയ്‌ക്കെതിരേയാണ് അന്നുമുതലിന്നോളം അക്കിത്തം എഴുതിയതും പ്രവര്‍ത്തിച്ചതും. സാമൂഹികനവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്റെ ഗുരുനാഥന്‍. ആഢ്യത്വവും ജന്മിത്തവും സംബന്ധവ്യവസ്ഥയുംതൊട്ട് കടവല്ലൂര്‍ അന്യോന്യംവരെ കടപുഴക്കിയെറിഞ്ഞ് തുലാക്കാറ്റുപോലെ കടന്നുപോയ ആ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റുവിതച്ചവരുടെ കൂടെ അക്കിത്തം എന്ന ഉണ്ണിനമ്പൂതിരിയുമുണ്ടായിരുന്നു. 'അഗ്‌നിഹോത്ര'ത്തില്‍നിന്ന് അനാഥജനസഞ്ചയത്തിന്റെ യോഗക്ഷേമത്തിലേക്കായിരുന്നു ആ യാത്ര. വി.ടി.യോടൊപ്പം യോഗക്ഷേമസഭയിലെ പുരോഗമനപക്ഷത്ത് പ്രവര്‍ത്തിച്ച കാലത്താണ് ഐ.സി.പി. നമ്പൂതിരിയുടെയും ഇ.എം.എസിന്റെയുമൊക്കെ സ്വാധീനത്തില്‍ കമ്യൂണിസ്റ്റുപക്ഷത്തേക്കുവന്നത്. തൃത്താല ഫര്‍ക്കയില്‍, കേരള സംസ്ഥാന രൂപവത്കരണത്തിനുമുമ്പുള്ള തിരഞ്ഞെടുപ്പില്‍ കെ.ബി. മേനോനെതിരേ മത്സരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് തിരഞ്ഞെടുത്തത് അക്കിത്തത്തെയായിരുന്നു.
പക്ഷേ, അച്ഛന്‍ അന്ന് അക്കിത്തത്തോടുപറഞ്ഞു: ''നീ രാഷ്ട്രീയത്തില്‍ പരാജയമാവും. കവിതയില്‍ പക്ഷേ, വിജയിക്കും.'' അക്കിത്തം, അച്ഛന്‍ ചൂണ്ടിക്കാട്ടിയ വഴി സ്വീകരിച്ചു. അക്കിത്തത്തിലെ കവിയെ പിന്നീട് ആഴത്തില്‍ കണ്ടെത്തിയത് മഹാകവി ഇടശ്ശേരിയാണ്. അക്കിത്തത്തിന്റെ ഒരു കവിത വായിച്ച് ഇടശ്ശേരി പറഞ്ഞത്രെ: ''ഇയാള്‍ക്ക് ചിരിക്കാനറിയാം, ചിരിക്കാനറിയുന്നവര്‍ക്ക് കരയാനും കഴിയും.'' കവിതയില്‍നിന്ന് കണ്ണുനീര്‍ത്തുള്ളി കുഴിച്ചെടുക്കാനാണ് ഇടശ്ശേരി അക്കിത്തത്തെ ഉപദേശിച്ചത്. അന്നുമുതല്‍ 'രുദിതാനുസാരി' (കരച്ചിലിനെ അനുസരിക്കുന്നവന്‍) യായിത്തീര്‍ന്നു ഈ വലിയ കവി. കവിത കണ്ണുനീരിന്റെ ലവണദര്‍ശനവും ജലകാമനയുടെ വേദാന്തവുമായി.
'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' അക്കിത്തത്തെ കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് മുദ്രകുത്തുന്നതിനായി ചിലര്‍ ഉപയോഗപ്പെടുത്തി. നേരത്തേ മഹാത്മജിയുടെ പ്രേരണയില്‍ നാലണ മെമ്പര്‍ഷിപ്പെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന കവി, ചിലരുടെ കണ്ണില്‍ ചോപ്പനും ചിലരുടെ കണ്ണില്‍ ഖദറുകുപ്പായക്കാരനും ചിലരുടെ കണ്ണില്‍ ഫാസിസ്റ്റിസുമായി (മഹാത്മജിയെക്കുറിച്ച്, 'ധര്‍മസൂര്യന്‍' എന്ന ഒരുജ്ജ്വലകാവ്യവും അക്കിത്തമെഴുതിയിട്ടുണ്ട്).
പക്ഷേ, അക്കിത്തം എന്നും അനാഥരുടെയും അശരണയുടെയും പക്ഷത്തായിരുന്നു. എല്ലാ രാഷ്ട്രീയസമരങ്ങളിലും പരാജിതരാവുകയും എല്ലാ യുദ്ധങ്ങളിലും തോറ്റുപോവുകയും ചെയ്തവരുടെ പക്ഷത്തുനിന്നാണ് അക്കിത്തം 'ഇതിഹാസ'മെഴുതിയത്. തനിക്കൊന്നും ആവശ്യമില്ലെന്ന 'വിരക്തരതി' ഈ കവിയെ എന്നും ഭരിച്ചിട്ടുണ്ട്. ഓരോ തവണ ആഹുതിചെയ്യുമ്പോഴും 'അഗ്‌നയേ ഇദം ന മമഃ' എന്ന് പ്രാര്‍ഥിച്ച വേദാന്തധര്‍മ സംസ്‌കൃതിയുടെ യജ്ഞബോധമാണ് നിഷ്‌കര്‍മയോഗമായി കവിതയെ സ്വീകരിക്കാന്‍ അക്കിത്തത്തിനു പ്രേരണയായത്. മനുഷ്യര്‍ മാത്രമല്ല പ്രകൃതിയും ചരാചരപ്രാണങ്ങളും മുഴുവനും അക്കിത്തത്തിന് സഹോദരരാണ്.
സര്‍വഭൂതഹൃദയത്വമാണ് അക്കിത്തത്തിന്റെ കവിത. അത് ഒന്നിനെയും ഒഴിവാക്കുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്ന മഹാസ്‌നേഹസ്പന്ദമായിരിക്കുകമാത്രം ചെയ്യുന്നു. താന്‍ കമ്യൂണിസം പഠിച്ചത് ഋഗ്വേദത്തിലെ സംവാദസൂക്തത്തില്‍നിന്നാണെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടിടത്ത് 'സമാനം, സമാനം' എന്നാവര്‍ത്തിച്ചതു വായിച്ച് ആത്മാവിലുള്‍ക്കൊണ്ട ഈ അസാധാരണ സമഭാവനയാണ് കാലാതിവര്‍ത്തിയായ കാവ്യബലമായി അക്കിത്തത്തെ ഭരിച്ചത്. 'വെളിച്ചം ദുഃഖമാണുണ്ണീ' തമസ്സല്ലോ സുഖപ്രദം' എന്ന് സമകാലിക യുഗദുഃഖങ്ങളില്‍ മുഴുകിനിന്നുകൊണ്ട് ഒരു കറുത്ത ഉപനിഷത്ത് ഉച്ചരിക്കേണ്ടിവന്നപ്പോള്‍ അത് പ്രതിലോമപരമായിരുന്നില്ല എന്നറിയണമെങ്കില്‍ ആ വരികളുടെ മുന്നിലുള്ള വരികള്‍കൂടി ആഴത്തില്‍ വായിക്കണം. പോരാളിയും സന്ന്യാസിയും ഒരാളില്‍ ഒന്നിച്ചതിന്റെ ഋഷിദര്‍ശനമാണ് അക്കിത്തം കവിത.
https://www.facebook.com/Malayalivartha


























