എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി.... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ഉത്തരവ്.... ശങ്കരന് തത്കാലം ആശ്വസിക്കാം... അറസ്റ്റോ? എപ്പോൾ... ആര് പറഞ്ഞു...കൈ മലർത്തി ഇഡി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞത്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ, സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ.ഡിയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പിന്നെന്തിനാണ് ശിവശങ്കറിന് ഇത്തരത്തിലൊരു സംരക്ഷണമെന്നും ഇഡി അഭിഭാഷകന്‍ ആരാഞ്ഞു.
വലിയ അളവില്‍ സ്വര്‍ണം കടത്തിയിട്ടുള്ള, ഗുരുതരമായ കേസാണ് ഇത്. ഒരുപാട് സ്വാധീനമുള്ള ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തം വിശദമായി പരിശോധിക്കണമെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു. ആദ്യം കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നേരത്തേ ആക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടതോടെ ഒക്ടോബര്‍ 23ലേക്ക് മാറ്റി. 23ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ശിവശങ്കറിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു ഹാജരായി.
കഴിഞ്ഞദിവസം ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇ.ഡി. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചു.താനും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കേസിലെ തെളിവായി ഇ.ഡി. റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ യു.എ.ഇ. കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്.
ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തി. സ്വപ്നയുടെ കുടുംബാംഗങ്ങളുടെ പല ചടങ്ങുകളിലും പങ്കെടുത്തു. പരസ്പരം സമ്മാനങ്ങൾ നൽകി. യു.എ.ഇ. ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പായി നൽകിയ പണം ലോക്കറിൽവെയ്ക്കാൻ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാൽ ഇതിനെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്. അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് സ്ഥാപിക്കാൻ കോടതി പലവട്ടം എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു. റമീസ് അടക്കമുളള ചില പ്രതികൾക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു അന്വേഷണസംഘം ഇന്നലെ കോടതിയെ അറിയിച്ചത്. എൻഫോഴ്സ്മെന്‍റ് കേസിൽ നാലാം പ്രതിയായ സന്ദീപ് നായർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും.
അതേസമയം സ്വർണക്കടത്തു സംഘത്തിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. സൂചനകൾ ഉയർത്തിയതോടെ കേസന്വേഷണം നിർണായക ഘട്ടത്തിലേക്കാണ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് നടത്തിയ വാദത്തിലാണ് കോടതിയിൽ എൻ.ഐ.എ. ഇക്കാര്യങ്ങൾ നിരത്തിയത്. അഞ്ചാംപ്രതി കെ.ടി. റമീസും പതിമ്മൂന്നാം പ്രതി ഷറഫുദീനും ഒരുമിച്ചുനടത്തിയ ടാൻസാനിയ യാത്രയിൽനിന്നാണ് എൻ.ഐ.എ. പ്രതികൾക്കെതിരേ ഗുരുതര സ്വഭാവമുള്ള തെളിവുകൾ ശേഖരിച്ചത്. ടാൻസാനിയയിൽനിന്ന് യു.എ.ഇ.യിലേക്കു കടത്തുന്ന സ്വർണമാണു പ്രതികൾ നയതന്ത്ര ബാഗേജിന്റെ മറവിൽ ഇന്ത്യയിലേക്കു കടത്തിയത്. ടാൻസാനിയയിലെ താവളത്തിൽ തോക്കുമായി നിൽക്കുന്ന റമീസിന്റെ ദൃശ്യങ്ങൾ എൻ.ഐ.എ.യ്ക്കു ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് നടത്തുന്നതിനിടയിലാണ് 2019 നവംബറിൽ റമീസ് 13 തോക്കുകൾ കേരളത്തിലേക്കു കടത്തിയത്. ദാവൂദ് കമ്പനിയിലെ പ്രമുഖനായ ഫിറോസ് ഒയാസിസ് എന്നയാളുമായാണ് റമീസ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് എൻ.ഐ.എ.യ്ക്കു ലഭിച്ച വിവരം.
ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരനാണെന്നാണു കരുതുന്നത്. യഥാർഥ പേര് ഇതായിരിക്കണമെന്നില്ലെന്നും എൻ.ഐ.എ. കോടതിയിൽ പറഞ്ഞു. സ്വപ്നാ സുരേഷിന്റെ ഫോണിൽ പ്രഭാഷകൻ സക്കീർ നായിക്കിന്റെ ചിത്രം സൂക്ഷിക്കാനിടയായ സാഹചര്യവും എൻ.ഐ.എ. അന്വേഷിക്കുന്നുണ്ട്. മറ്റുചില പ്രതികളുടെ പക്കൽ കണ്ടെത്തിയ ദേശവിരുദ്ധ സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങൾ സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണെന്ന് എൻ.ഐ.എ. പറഞ്ഞു. രത്നവ്യാപാരത്തിനുള്ള ഡീലർഷിപ്പിനു ശ്രമിച്ചെങ്കിലും അതു ലഭിച്ചില്ലെന്ന റമീസിന്റെ മൊഴികളും എൻ.ഐ.എ. കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
https://www.facebook.com/Malayalivartha


























