കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തതിന്റെയും കുടുംബാംഗത്തെ ശല്യം ചെയ്തതിന്റെയും പ്രതികാരമായി കൊലപാതകം: നിര്‍ണായകമായി സൈബര്‍ തെളിവ്!

ഒറ്റപ്പാലം ചുനങ്ങാട് മുതിയിറക്കത്ത് റഫീഖിനെ (30) പട്ടിപ്പറമ്പിലെ വാടക വീട്ടില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറം വളാഞ്ചേരി തിണ്ടിലം കൂടശേരി അമീര്‍ (32), കോഴിക്കോട് താമരശേരി അമ്പായത്തോട് പുത്തന്‍പുരയ്ക്കല്‍ അഷറഫ് (34) എന്നിവര്‍ അറസ്റ്റിലായി. പ്രതിയായ അമീറിന്റെ കഞ്ചാവ് വില്‍പന ഒറ്റിക്കൊടുത്തതിന്റെയും ഇയാളുടെ കുടുംബാംഗത്തെ ശല്യം ചെയ്തതിന്റെയും പ്രതികാരമായാണു കൊലപാതകം നടത്തിയതെന്നാണു പ്രതികളുടെ മൊഴി.
പൊന്നാനിയിലെ ഒരു ബാറില്‍ നിന്നാണ് ചൊവ്വ രാത്രി ഇവരെ പിടികൂടിയത്. അക്രമാസക്തനായ അഷറഫിനെ സാഹസികമായാണു കീഴടക്കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മാനസികാരോഗ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് ഇയാളെ തെളിവെടുപ്പിനു കൊണ്ടുപോയത്.
റഫീഖ് വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപത്തുള്ള, പ്രതിയായ ഉമ്മറിന്റെ പട്ടിപ്പറമ്പിലെ വാടക വീട്ടിലെത്താന്‍ അഷറഫിന്റെ സുഹൃത്തിന്റെ കാറിാണ് അവര്‍ ഉപയോഗിച്ചത്. തിങ്കള്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് പ്രതികള്‍ പഴയ കഞ്ചാവ് കേസുകളില്‍ പ്രതിയായ ഉമ്മറിന്റെ വീട്ടിലെത്തിയത്.
ഇവിടെ നിന്നു മദ്യവും ലഹരി മരുന്നും ഉപയോഗിച്ച ശേഷമാണു കൊലപാതകത്തിനു പുറപ്പെട്ടത്. ഇരുമ്പു വടിയും ആയുധങ്ങളും ഉപയോഗിച്ച് മാരകമായി പരുക്കേല്‍പിച്ചു മരണം ഉറപ്പാക്കിയ ശേഷമാണു മടങ്ങിയത്. ബഹളം കേട്ട് എഴുന്നേറ്റു വന്ന പാലക്കാട് നൂറണി മേപ്പറമ്പ് ഫാസിലിനെ (23) വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഫാസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്‍പതോളം കേസുകളില്‍ പ്രതിയായ അമീര്‍ ഒട്ടേറെത്തവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2018-ലാണ് അവസാനമായി ജയിലില്‍ നിന്നിറങ്ങിയത്. ഇരുന്നൂറോളം കേസുകളില്‍ പ്രതിയായ അഷറഫ് രണ്ടാഴ്ച മുന്‍പാണു തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്നു മോചിതനായത്. പൊലീസിനെയും ജയില്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചതിന് അഷറഫിനെതിരെ കേസുകളുണ്ട്. സ്വയം പരുക്കേല്‍പ്പിക്കുന്ന സ്വഭാവക്കാരനായ ഇയാളുടെ ദേഹമാസകലം കത്തി കൊണ്ടു വരഞ്ഞ പാടുകളുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി മോഷണം, പിടിച്ചുപറി, ലഹരി മരുന്നു വില്‍പന, അടിപിടി എന്നിങ്ങനെ വിവിധ സംഭവങ്ങളില്‍ പ്രതികളാണ് ഇരുവരും.
നേരത്തേ കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്ന ഉമ്മറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ഉമ്മറുമായി അടുപ്പമുള്ളവരെ കണ്ടെത്തി അവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ 2 പേരും സംഭവ സമയത്ത് സ്ഥലത്ത് എത്തിയിരുന്നതായി വ്യക്തമായി. ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയായിരുന്നു എന്നത് പൊലീസിന്റെ നിഗമനങ്ങള്‍ ശരി വച്ചു. തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സൈബര്‍ സെല്‍ ശേഖരിച്ച തെളിവുകള്‍ നിര്‍ണായകമായി.
പാലക്കാട് ജില്ലാ ആന്റി നര്‍കോട്ടിക് ആക്ഷന്‍ ഫോഴ്‌സ് കഞ്ചാവ് കേസ് പ്രതികളുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയതോടെ അന്വേഷണം വേഗത്തിലായി. ഉമ്മറിന്റെയും അമീറിന്റെയും പേരുകള്‍ ആക്ഷന്‍ ഫോഴ്‌സ് നല്‍കിയ പട്ടികയിലുണ്ടായിരുന്നു.ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ കഞ്ചാവിന്റെ വിവരങ്ങള്‍ തേടി റഫീഖിനെ കാണാനെത്തിയപ്പോഴാണ് തിങ്കള്‍ ഉച്ചയ്ക്ക് ഇയാള്‍ വെട്ടേറ്റു മരിച്ചു കിടക്കുന്നതായി കണ്ടത്.
കുന്നംകുളം എസിപി ടി.എസ്. സിനോജ്, പഴയന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ജെ.നിസാമുദ്ദീന്‍, എസ്‌ഐ കെ.ജി.ജയപ്രദീപ്, ക്രൈം സ്‌ക്വാഡ് എസ്‌ഐമാരായ കെ.എ.മുഹമ്മദ് അഷറഫ്, ഗ്ലാഡ്‌സണ്‍, പി.സി.സുനില്‍, റാഫി, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കൊലപാതക സ്ഥലത്തു തെളിവെടുപ്പിന് എത്തിച്ചപ്പോഴും ആമ്പായത്തോട് അഷറഫ് കഞ്ചാവ് ലഹരിയില്‍ ആയിരുന്നു. ഇയാളെ പൊലീസ് പിടിച്ച് 20 മണിക്കൂര്‍ പിന്നിട്ടിരുന്നു. സ്വയം കുത്തി വരഞ്ഞ പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























