സ്വർണക്കടത്ത് കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ; കേസിലെ സംഘങ്ങൾക്ക് അധോലോക നായകൻ ദാവൂദു ഇബ്രാഹുമായി ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻ.ഐ.എ

കേസിലെ സംഘങ്ങൾക്ക് അധോലോക നായകൻ ദാവൂദു ഇബ്രാഹുമായി ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻ.ഐ.എ. ഈ ബന്ധത്തിന്റെ സൂചനകൾ ലഭിച്ചതായി അന്വേഷണസംഘം കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തു.
കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.ടി. റമീസ് വിദേശത്തുനിന്ന് ആയുധങ്ങൾ കേരളത്തിലേക്കു കടത്തിയിട്ടുണ്ട് എന്ന വിവരം കണ്ടെത്തിയിരുന്നു. പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിനിടയിലാണ് എൻ.ഐ.എ. ഇക്കാര്യങ്ങൾകോടതിയെ ബോധിപ്പിച്ചത്. പ്രതികളുടേത് ഗുരുതര ക്രിമിനൽ പ്രവൃത്തിയാണെന്നു നിരീക്ഷിച്ച കോടതി ഇവർക്കുമേൽ യു.എ.പി.എ. ചുമത്താനുള്ള കാര്യങ്ങൾ വിശദമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി 90-ഓളം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ. അറിയിച്ചു. ഇതിൽ 22 ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള രേഖകൾ മാത്രമേ തിരിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. കേസ് രജിസ്റ്റർ ചെയ്തശേഷവും ചില പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. അവ തിരിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എൻ.ഐ.എ. പറഞ്ഞു.
അതിഗുരുതര സ്വഭാവമുള്ള കേസായിട്ടുപോലും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പരിശോധനാ ഫലത്തിനായി ഒരു മാസംമുമ്പ് അപേക്ഷ നൽകിയിട്ടും ഇതുവരെ റിപ്പോർട്ട് ലഭിച്ചില്ലെന്നും പ്രോസിക്യൂട്ടർ ധരിപ്പിച്ചു.
യു.എ.ഇ., ടാൻസാനിയ എന്നിവിടങ്ങളിലും ആഴത്തിൽ അന്വേഷണം നടത്തേണ്ട കേസാണിത്. ഇതിനാവശ്യമായ സമയം ലഭിക്കണം. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് എൻ.ഐ.എ. പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ അഭ്യർഥിച്ചു. കേസിലെ 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ വ്യാഴാഴ്ച വാദം തുടരും. പ്രതികൾ ടാൻസാനിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആ മേഖലയിലെല്ലാം ദാവൂദിന്റെ സംഘാംഗങ്ങൾക്ക് സ്വാധീനമുണ്ടെന്നും ദാവൂദിന്റെ സംഘത്തിൽപ്പെട്ട ഫിറോസ് എന്നയാൾ ടാൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും എൻഐഎ കോടതിയിൽ ചൂണ്ടിക്കാണിച്ചു. അതിനാൽ പ്രതികൾ ടാൻസാനിയ സന്ദർശിച്ചതുൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് അവർ അറിയിച്ചത്. അതേ സമയം സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പ്രതി സ്വപ്നാ സുരേഷിന്റെ ജാമ്യo തിരിച്ചടിയായി. അഡീഷണൽ സോളിസിറ്റർ ജനറൽവരെ ഹാജരായിട്ടും ജാമ്യത്തിലെ വാദംകേൾക്കലിനു തൊട്ടുമുമ്പ് കുറ്റപത്രം നൽകിയിട്ടും ജാമ്യം ലഭിക്കുന്നത് തടയാനായില്ല. എന്നാൽ, കോഫെപോസ, യു.എ.പി.എ. വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ സ്വപ്നയ്ക്ക് ജയിലിൽനിന്നു പുറത്തിറങ്ങാനാകില്ല. സാമ്പത്തികക്കേസുകൾ കൈകാര്യംചെയ്യുന്ന പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കൗസർ എടപ്പകത്താണ് സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. നിയമപരമായ സ്വഭാവിക ജാമ്യം എന്നത് പ്രധാനപ്പെട്ട അവകാശമാണെന്ന് കോടതി നിരീക്ഷിച്ചു.
10 വർഷത്തിനു താഴെ തടവുശിക്ഷ ലഭിക്കാവുന്ന കേസിൽ അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നൽകിയിരിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം 61-ാം ദിവസംമുതൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോളിന്റെ വാദം കോടതി അംഗീകരിച്ചു.
ക്രിമിനൽ നടപടിച്ചട്ടത്തിലെ 167 പ്രകാരം ജാമ്യാപേക്ഷ നൽകിയില്ലെന്നും കേസ് ഏറെ ഗൗരവമുള്ളതായതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി. രാജുവിന്റെ വാദങ്ങൾ കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ചത് 62-ാം ദിവസമായിരുന്നു.
"
https://www.facebook.com/Malayalivartha


























