വൈക്കത്തഷ്ടമി എഴുന്നള്ളത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം മതിയെന്ന് ഉത്തരവ്, ആന പാടില്ലെന്ന് ദേവസ്വം ബോര്‍ഡ്

വൈക്കത്തഷ്ടമി ഉത്സവത്തിന് എഴുന്നള്ളത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ആന എഴുന്നള്ളത്ത് വേണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എഴുന്നള്ളിപ്പിനു കുറഞ്ഞത് 2 ആനകളെ അനുവദിക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. ഒരാനയെയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡിനു കത്ത് നല്‍കി
ആനകളെ എഴുന്നള്ളിക്കണമെന്ന ആവശ്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഡിസംബര്‍ വരെയുള്ള ഉത്സവത്തിന് ആനകളെ ഒഴിവാക്കണമെന്നാണ് ബോര്‍ഡിന്റെ തീരുമാനം. അതു നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കെ.ആര്‍.ബിജു പറഞ്ഞു.
അഷ്ടമിക്ക് ഒന്നാം ഉത്സവം മുതല്‍ ആറാട്ട് വരെ വൈക്കം ക്ഷേത്രത്തില്‍ 75 എഴുന്നള്ളിപ്പുകളാണു നടക്കേണ്ടത്. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് 24 എഴുന്നള്ളത്തുകളും നടക്കും. ഇതിലെല്ലാം ആനയെ ഉപയോഗിച്ചിരുന്നു. വൈക്കം ക്ഷേത്രത്തില്‍ സന്ധ്യാ വേല, ഉത്സവബലി, കൊടിയേറ്റ് അറിയിപ്പ്, തെക്കുംചേരിയുടെയും വടക്കുംചേരിയുടെയും എഴുന്നള്ളിപ്പ്, ശ്രീബലി, ആറാട്ട്, ഋഷഭ വാഹനം എഴുന്നള്ളിപ്പ് എന്നിവയ്ക്കു പുറമേ അഷ്ടമി വിളക്കിനും ആനയെ എഴുന്നള്ളിച്ചിരുന്നു. ഉദയനാപുരത്തപ്പന്‍ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതും ആനപ്പുറത്താണ്. അഷ്ടമി ദര്‍ശനത്തിനു ശേഷം പിറ്റേന്നു പുലര്‍ച്ചെ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും തമ്മിലുള്ള കൂടിപ്പിരിയല്‍ ചടങ്ങും ആനപ്പുറത്തു തന്നെ.
ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേവസ്വം അധികൃതര്‍ക്കു നിവേദനം നല്‍കി. കോവിഡ് നിയന്ത്രണം പാലിച്ച് ഒരു ആനയെ എങ്കിലും അനുവദിക്കണമെന്ന് -ഡി.സോമന്‍ കടവില്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഉത്തരവ് പിന്‍വലിക്കണം. ഇല്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കും. ആചാരപരമായ ചടങ്ങുകള്‍ക്ക് ആന അനിവാര്യമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.ഡി.സന്തോഷ് പറഞ്ഞു.
https://www.facebook.com/Malayalivartha