സ്വപ്‌നേ ഇനിയും വേണോ... ആഹാരം കഴിക്കാതെ ഉത്തരം നല്‍കാതെ ശിവശങ്കര്‍ കൊച്ചി ഇഡി ഓഫീസില്‍ കഴിയുമ്പോള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്കും വിശപ്പില്ല; ശിവശങ്കറിന്റെ ബിനാമിയാണോ സ്വപ്നയെന്ന് ചിന്തിച്ച് ഇഡി; നിസഹകരിച്ചാല്‍ സ്വത്ത് മരവിപ്പിക്കാനും നീക്കം

എത്ര അകലെയാണെങ്കിലും അടുപ്പമുള്ളവര്‍ തമ്മില്‍ ഒരു സാമ്യം ഉണ്ടാകുക എന്നത് പ്രകൃതി നിയമമാണ്. അതേ അവസ്ഥയാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റേയും സ്വപ്ന സുരേഷിന്റെ കാര്യത്തിലും സംഭവിച്ചത്. താന്‍ കാരണം വലിയൊരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് സ്വപ്നയ്ക്ക് ഉറക്കമില്ല. ശിവശങ്കറിനാകട്ടെ സ്വയം കുഴിയില്‍ ചാടിയതിന്റെ പശ്ചാത്താപവും. രണ്ട് പേര്‍ക്കും വിശപ്പുമില്ല. ശിവശങ്കറും സ്വപ്നയും ഭക്ഷണം ഉപേഷിച്ച മട്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോടു മനസ്സു തുറക്കാതെ എം. ശിവശങ്കറിന്റെ കസ്റ്റഡി 2 ദിവസം പിന്നിട്ടു. നവംബര്‍ 5 വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ടെങ്കിലും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതിയുടെ നിര്‍ദേശമുണ്ട്.
ചോദ്യം ചെയ്യലില്‍ വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടാനൊരുങ്ങുകയാണ് ഇഡി കൊച്ചി യൂണിറ്റ്. കസ്റ്റഡിയിലായ ആദ്യ ദിവസം തന്നെ ഭക്ഷണം ഉപേക്ഷിച്ചാണു ശിവശങ്കര്‍ അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കിയത്. ഇന്നലെ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു.
തുടര്‍ന്നും നിസഹകരിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ പിഎംഎല്‍എ അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങാം. ശിവശങ്കറിന്റെ ബെനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം.
അതേസമയം ശിവശങ്കറുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തേ പലതവണ നടന്ന ചോദ്യം ചെയ്യലുകളുടെ തുടര്‍ച്ചയായി, ഉത്തരം നല്‍കാത്ത ചോദ്യങ്ങള്‍ വീണ്ടും ഉന്നയിച്ച് സമ്മര്‍ദത്തിലാക്കി ഉത്തരത്തിലേക്കെത്തിക്കുക എന്ന തന്ത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പയറ്റുന്നത്.
സ്വര്‍ണക്കടത്തുമായോ പ്രതികളുമായോ ഒരുബന്ധവുമില്ലെന്ന് ആദ്യ ചോദ്യം ചെയ്യലുകളില്‍ അവകാശപ്പെട്ട ശിവശങ്കര്‍, പിന്നീട് ബന്ധങ്ങള്‍ ഓരോന്നായി അംഗീകരിച്ചിരുന്നു. മൊഴി നിഷേധിക്കാന്‍ കഴിയാത്തവിധം സാക്ഷികളെ എത്തിച്ച് സമ്മര്‍ദം കൂട്ടാനും ഇ.ഡി പദ്ധതിയിടുന്നുണ്ട്. ഇതിന് ശിവശങ്കറുടെ അടുത്ത സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ വിളിച്ചുവരുത്തും. നേരത്തേ ശിവശങ്കറുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നല്‍കിയവരെയും അവര്‍ നല്‍കിയ മൊഴികളും മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യുക.
ലോക്കറിലെ പണം, സ്വപ്ന സുരേഷുമായുള്ള ബന്ധം, സംസ്ഥാന ഭരണനേതൃത്വത്തിലെ ആര്‍ക്കെങ്കിലും ഇടപാടുകളില്‍ പങ്കാളിത്തമുണ്ടോ എന്നീ മൂന്ന് കാര്യത്തിലൂന്നിയാണ് ചോദ്യം ചെയ്യല്‍.
ഇതില്‍ സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച പണത്തിലെ ശിവശങ്കറുടെ ഇടപെടലാണ് ഇ.ഡിക്ക് കൂടുതല്‍ സംശയമുണ്ടാക്കുന്നത്. ലോക്കറില്‍ സൂക്ഷിച്ച പണത്തില്‍ ശിവശങ്കര്‍ അമിത താല്‍പര്യം കാണിക്കാന്‍ കാരണം, ഇത് സ്വപ്നയുടേതു തന്നെയാണോ, ശിവശങ്കറുടെ പണവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, സ്വന്തം പണമല്ലെങ്കില്‍ സ്വപ്നക്കൊപ്പം സംയുക്ത ലോക്കര്‍ തുടങ്ങാന്‍ 25 കൊല്ലമായി താനുമായി അടുത്ത ബന്ധമുള്ള വിശ്വസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് നിര്‍ദേശിച്ചത് എന്തിന്, കോണ്‍സുല്‍ ജനറലിന് കൊടുക്കാനെന്ന് പറഞ്ഞ് മറ്റുപ്രതികളെ കബളിപ്പിച്ച് സ്വപ്ന അധികമായി നേടിയ 1000 ഡോളറില്‍ ശിവശങ്കറിന് പങ്കുണ്ടോ, ഈ ലാഭം മുന്നില്‍ക്കണ്ടാണോ സ്വര്‍ണക്കടത്തിന് തുടക്കംകുറിക്കുന്നതിന് മുമ്പേ 2019 ഏപ്രിലില്‍ കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലേക്കുള്ള ബാഗേജുകള്‍ പരിശോധന കൂടാതെ പുറത്തുവിടാന്‍ ആവശ്യപ്പെട്ടത് എന്നിങ്ങനെയാണ് സംശയങ്ങള്‍. ഈ സംശയങ്ങള്‍ തീരുമ്പോള്‍ എല്ലാം വെളിച്ചത്ത് കൊണ്ടുവരാനാകുമെന്നാണ് ഇഡി കരുതുന്നത്.
"
https://www.facebook.com/Malayalivartha






















