കോഴിക്കോട് വീട്ടിനകത്ത് കയറിയ കാട്ടുപന്നികളെ വനംവകുപ്പിന്റെ അനുമതിയോടെ വെടിവച്ചു വീഴ്ത്തി, കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ ഇറങ്ങിയ മുള്ളന്‍പന്നിയെ പിടികൂടി

കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ജനവാസ മേഖലയായ പൂവത്തുംചോലയിലെ ആലമല മോഹനന്റെ വീട്ടില്‍ കാട്ടുപന്നികള്‍ കയറി. കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
വീടിന്റെ മുന്‍ വാതിലിലൂടെ അകത്തു കയറിയെങ്കിലും പന്നികള്‍ക്കു തറയിലെ ടൈല്‍സിലൂടെ നീങ്ങാന്‍ കഴിയാതെ മുറിയില്‍ കുടുങ്ങി. വീട്ടുകാര്‍ വാതില്‍ പൂട്ട. പന്നികള്‍ മുറിക്കുള്ളിലെ ജനല്‍, വാതില്‍, ടൈല്‍സ്, വീട്ടുപകരണങ്ങള്‍, കിടക്ക എന്നിവ നശിപ്പിച്ചു.
പന്നികളെ തുറന്നു വിടാനും മയക്കുവെടി വയ്ക്കാനും സ്ഥലത്ത് എത്തിയ പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതരും കൂരാച്ചുണ്ട് പൊലീസും ശ്രമിച്ചെങ്കിലും ജനപ്രതിനിധികള്‍, വീട്ടുടമസ്ഥന്‍, നാട്ടുകാര്‍, കര്‍ഷക സംഘടന പ്രതിനിധികള്‍ എന്നിവര്‍ എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പന്നികളെ വെടിവയ്ക്കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അനുമതി നല്‍കുകയും വനം വകുപ്പിന്റെ അനുമതി ഉള്ളവര്‍ എത്തി വെടിവച്ചിടുകയുമായിരുന്നു.
മറ്റൊരു സംഭവത്തില്‍ കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകലിറങ്ങിയ മുള്ളന്‍പന്നിയെ വനംവകുപ്പ് പിടികൂടി കോടനാട് വനത്തില്‍ വിട്ടയച്ചു. സെന്റ് തെരേസാസ് കോളജിനു പിന്‍ഭാഗത്ത് മുള്ളന്‍പന്നിയെ കണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാര്‍ രാവിലെ 8 മണിയോടെ എത്തിയത്. 2 തവണ വല പൊട്ടിച്ചു ചാടിപ്പോയി. മൂന്നാം തവണയാണ് വലയിലാക്കിയത്. റോഡിലൂടെയും കെട്ടിടങ്ങള്‍ക്കിടയിലൂടെയും ഓടിയ മുള്ളന്‍പന്നിയെ സാഹസികമായാണ് വനംവകുപ്പ് ജീവനക്കാര്‍ പിടികൂടിയത്. ഇരുമ്പു കൂട്ടിലടച്ച് കോടനാട് എത്തിച്ച് വനത്തിനുള്ളിലേക്കു വിട്ടു.
നഗരത്തില്‍ മുള്ളന്‍പന്നിയെ കാണുന്നത് അപൂര്‍വമാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ചരക്കു വാഹനങ്ങളില്‍ കയറിപ്പറ്റിയോ ജലാശയങ്ങള്‍ വഴിയോ ആകാം എത്തിയതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം ആലുവ പാനായിക്കുളത്തു കിണറ്റില്‍ വീണ നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















