യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിലുണ്ടായ സുരക്ഷ വീഴ്ചയില്‍ നടപടി... എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി, അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിലുണ്ടായ സുരക്ഷ വീഴ്ചയില്‍ നടപടി. മ്യൂസിയം എസ് ഐയെയും സി ഐയെയും സ്ഥലം മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
ദേവസ്വം ബോര്‍ഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു. ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമിന് മുമ്പിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പിന്നാലെ കൂടുതല്‍ പൊലീസുകാരെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഡി സി പി ദിവ്യ ഗോപിനാഥ് എന്നിവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. സുരക്ഷ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് ഇന്നലെ രാത്രി തന്നെ പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. സമീപകാലത്ത് രണ്ടാം തവണയാണ് ക്ലിഫ് ഹൗസില്‍ സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്ത് ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















