സപ്ലൈകോ കിറ്റുകള്‍ക്കുള്ള തുണി സഞ്ചി കിട്ടാത്ത സാഹചര്യത്തില്‍ സഹകരണസംഘങ്ങള്‍ വഴി വാങ്ങാന്‍ പുതിയ ഉത്തരവ്

സപ്ലൈകോ സി.എം.ഡി. അലി അസ്ഗര്‍ പാഷ ഇന്നലെ ഇറക്കിയ പുതിയ ഉത്തരവിലൂടെ, പല ഡിപ്പോകളിലും തുണി സഞ്ചി കിട്ടാത്ത സാഹചര്യത്തില്‍ ഡിപ്പോ മാനേജിങ് കമ്മിറ്റി മുഖേന സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കി സഞ്ചി വാങ്ങാന്‍ അവശ്യപ്പെട്ടു. നവംബര്‍ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ മുടങ്ങാതിരിക്കാനാണിതെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ കിറ്റുകള്‍ വിതരണം ചെയ്യാനുപയോഗിച്ച തുണി സഞ്ചി തിരികെ വാങ്ങാമെന്ന് ഉത്തരവിട്ടത്് പലരുടേയും പുരികം ചുളിപ്പിച്ചിരുന്നു.
ഒരു കോടിക്ക് അടുത്തു കിറ്റുകള്‍ ചുരുങ്ങിയ സമയം കൊണ്ട് എത്തിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക്് ആകില്ല. സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വാങ്ങാനാണ് നിര്‍ദേശം. വീണ്ടും സഞ്ചികള്‍ ഇഷ്ടംപോലെ ഡിപ്പോ മാനേജര്‍മാര്‍ക്ക് വാങ്ങാനുള്ള അവസരമാകും ഉണ്ടാകുക. കിറ്റ് വിതരണത്തിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലഭിച്ച പരാതികളില്‍ അന്വേഷണം വന്നാല്‍ കുടുങ്ങുമെന്നായതോടെ എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമമാണ് സപ്ലൈകോ ഇപ്പോള്‍ നടത്തുന്നത്.
വയനാട് കോഫി ട്രേഡിങ് എന്ന സ്ഥാപനത്തിനു ടെന്‍ഡറില്‍നിന്നു പിന്‍മാറാന്‍ ഭീഷണിയെന്ന് പരാതിയും ഉയര്‍ന്നു. സഞ്ചിക്കായുള്ള നവംബര്‍ മാസത്തിലെ ഇ ടെന്‍ഡറില്‍ പങ്കെടുത്തു രണ്ടാമതെത്തിയ സ്ഥാപനമാണിത്. ഒക്ടോബര്‍ മാസത്തിലെ ഇ ടെന്‍ഡറില്‍ ഒന്നാമതെത്തിയത് ബംഗളുരു ആസ്ഥാനമായ കമ്പനിയായിരുന്നെങ്കിലും ഇവര്‍ പിന്‍മാറിയിരുന്നു. ഒരു സഞ്ചിക്ക് 8.49 രൂപ രേഖപ്പെടുത്തിയ വയനാട് കോഫി ട്രേഡിങ് കമ്പനിയാണ് ഒക്ടോബറില്‍ രണ്ടാമത് എത്തിയതെങ്കിലും ഇവരെ പരിഗണിക്കാതെ കൂടിയ തുകയ്ക്ക് സപ്ലൈകോ സഞ്ചി വാങ്ങുകയായിരുന്നു.
നവംബറിലെ ടെന്‍ഡറില്‍ വയനാട് കോഫി ട്രേഡിങ് കമ്പനി ഒരു സഞ്ചിക്ക് 8.29 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇവര്‍ രണ്ടാമതായെങ്കിലും ഒക്ടോബറില്‍ പരിഗണിക്കാതിരുന്നതിനെക്കുറിച്ച് പരാതിപ്പെട്ടതിനാല്‍ ഇവര്‍ക്ക് ഇക്കുറി കരാര്‍ നല്‍കി.
ഇവര്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ അനുവദിച്ചത് പന്ത്രണ്ടാം തീയതിയാണ്. എന്നാല്‍ സപ്ലൈകോ ഇത് കരാറുകാരനു ഇ മെയില്‍ വഴി നല്‍കിയത് 18-നും. 22-നകം 50 ശതമാനവും ഡിസംബര്‍ രണ്ടിനു ബാക്കിയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇത് ഈ സ്ഥാപനം യാതൊരു കാരണവശാലും സഞ്ചി നല്‍കാന്‍ സാധിക്കാതിരിക്കാനുള്ള നീക്കമായിരുന്നുവെന്നാണ് ആരോപണം. മൂന്നു ദിവസത്തിനുള്ളില്‍ 2.90 ലക്ഷത്തിലേറെ രൂപാ കെട്ടിവെക്കാനും ആവശ്യപ്പെട്ടു.
ജീവനു ഭീഷണിയുണ്ടെന്നും ഇടപാടില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നും അതിനാല്‍ ഇടപാടില്‍നിന്ന് പിന്‍മാറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി. എം.ഡിക്ക് വയനാട് കോഫി ട്രേഡിങ് കമ്പനി ഉടമ കത്ത് നല്‍കി.
https://www.facebook.com/Malayalivartha