സുരേന്ദ്രനാരാ മോന്‍... കെ. സുരേന്ദ്രനെ പറപറപ്പിക്കാന്‍ കാത്തിരുന്നവര്‍ക്ക് തെരഞ്ഞെടുപ്പോടെ അവസരം കിട്ടിയതോടെ ആഞ്ഞടിക്കുന്നു; സുരേന്ദ്രനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തിനു കത്ത്; കത്തെത്തും മുമ്പ് ട്വിസ്റ്റുണ്ടാക്കി കേന്ദ്ര നേതൃത്വവും

പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമ്പോള്‍ സല്യൂട്ടടിക്കാന്‍ ഒരു ബിജെപി മേയര്‍ എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയ്ക്ക് അതിന് കഴിയാതെ വന്നതോടെ ബിജെപിയിലെ പഴയ എതിരാളികള്‍ അടി തുടങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ആഞ്ഞടിക്കാനിരുന്ന ബിജെപിയിലെ എതിരാളികള്‍ അത് സുവര്‍ണാവസരമായി മാറ്റുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു കെ. സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രനേതൃത്വത്തിനു പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കത്തയച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളും മൂലമാണ് എന്നാണു കത്തിലെ ആരോപണം.
കോര്‍ കമ്മിറ്റിയോ തിരഞ്ഞെടുപ്പു കമ്മിറ്റിയോ ചേരാതെയും പ്രകടനപത്രിക തയാറാക്കാതെയുമായാണു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മോശം പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നും പറയുന്നു.
8,000 സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളും നേടാമെന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു നല്‍കിയ ഉറപ്പ്. എന്നാല്‍, അടുത്തു പോലും എത്താന്‍ കഴിഞ്ഞില്ല. വോട്ടാക്കി മാറ്റാമായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയില്ല.
സംസ്ഥാനാധ്യക്ഷന്‍ സ്വര്‍ണക്കള്ളക്കടത്തിനെയും ഇടതുപക്ഷ നേതാക്കളെയും വിമര്‍ശിച്ചു മുന്നോട്ടു പോയപ്പോള്‍ കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയ എല്‍ഡിഎഫ് നേട്ടം കൊയ്തുവെന്നു കത്തിലുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും സുരേന്ദ്രനെ മാറ്റി എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്ന അധ്യക്ഷനെ നിയമിക്കണമെന്നുമാണു കത്തിലെ ആവശ്യം.
എന്നാല്‍ കത്ത് ഡല്‍ഹിയിലെത്തും മുമ്പ് വന്‍ ട്വസ്റ്റുണ്ടായത് കത്തെഴുതിയവരെ അമ്പരപ്പിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നല്‍കിയ ജന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ തന്നെ രംഗത്തെത്തി. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും അഴിമതികള്‍ക്കെതിരായ ബിജെപി പോരാട്ടമാണിതെന്ന് അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു നദ്ദയുടെ പ്രതികരണം.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനമായി പ്രവര്‍ത്തിച്ചു. ഇരു മുന്നണിയുടേയും ഇരട്ടത്താപ്പും വര്‍ഗീയതയും നിറഞ്ഞ രാഷ്ട്രീയത്തിനെതിരെ പോരാട്ടം ഇനിയും തുടരുമെന്നും നദ്ദ വ്യക്തമാക്കി.
2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. 2015ലെ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ നേട്ടം കൊയ്യാന്‍ ബിജെപിക്ക് സാധിച്ചു. 249 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ അധികമായി വിജയിച്ച ബിജെപി 16 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും നേടി. മുന്‍സിപ്പാലിറ്റികളില്‍ 84 വാര്‍ഡുകള്‍ 2015 നേക്കാള്‍ കൂടുതല്‍ നേടിയപ്പോള്‍ നഗരസഭകളില്‍ 8 സീറ്റുകള്‍ അധികം നേടി. ആകെ 354 വാര്‍ഡുകളാണ് 2020ല്‍ ബിജെപി അധികമായി നേടി വലിയ മുന്നേറ്റം നടത്തിയത്.
കഴിഞ്ഞ തവണത്തെ 14 പഞ്ചായത്തുകളുടെ ഭരണത്തില്‍ നിന്ന് ബിജെപി ഇത്തവണ 23 പഞ്ചായത്തുകളായി ഉയര്‍ന്നു. പന്തളത്തും വര്‍ക്കലയിലും ബിജെപി നേടിയത് എതിരാളികളെ ഞെട്ടിച്ച വിജയമായിരുന്നു. പാലക്കാട് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫ്‌യുഡിഎഫ് കോട്ടയായ പലയിടത്തും ബിജെപിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാനായി എന്നതും ശ്രദ്ധേയം.
എന്തായാലും കെ. സുരേന്ദ്രന്‍ സംസ്ഥാനത്തെ വലിയ നേതാവായി മാറിക്കഴിഞ്ഞു. പല സന്ദര്‍ഭങ്ങളിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേക്കാളും വെല്ലുന്ന പ്രകടനമാണ് സുരേന്ദ്രന്‍ നടത്തിയിട്ടുള്ളത്. ഇതോടെ കത്തിന്റെ കാര്യത്തില്‍ തീരുമാനം വ്യക്തമായി.
"
https://www.facebook.com/Malayalivartha