കണ്ണ്തള്ളി അടിയേറ്റുവാങ്ങി പ്രതിപക്ഷം... തദ്ദേശ തെരഞ്ഞെടുപ്പിലെ അഭിമാനവിജയത്തിന് പിന്നാലെ തുടര്‍ഭരണം ലക്ഷ്യമിട്ട് പിണറായി വിജയന്‍ നീക്കം തുടങ്ങി; പ്രതിപക്ഷം തമ്മില്‍ തല്ലി രമ്യമാകുംമുമ്പ് ജനക്ഷേമ പദ്ധതികളുമായി സര്‍ക്കാര്‍; നിയമസഭ തെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് പ്രകടനപത്രിക തയാറാക്കാന്‍ സംസ്ഥാന പര്യടനത്തിന് മുഖ്യമന്ത്രി നേരിട്ട്

തദ്ദേശ തെരഞ്ഞെടുപ്പിലെ അഭിമാനവിജയം എല്‍ഡിഎഫിനും പിണറായി വിജയനും ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. ഇപ്പം ശരിയാക്കിക്കളയുമെന്ന് പറഞ്ഞുവന്ന പ്രതിപക്ഷവും ബിജെപിയും തമ്മിത്തല്ലല്‍ തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് മാസങ്ങള്‍ മാത്രമാണുള്ളത്. പ്രതിപക്ഷത്തിന്റെ അടി ഉടന്‍ തീരില്ല. അതേസമയം പരമാവധി ഉപയോഗിച്ച് ജനങ്ങളെ കൈയ്യിലെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനുമുള്ള നിര്‍ദേശങ്ങള്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവെച്ചു.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ വന്‍തുക വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ക്കണ്ട് കിറ്റ് വിതരണം തുടരാനുള്ള സൂചനകളാണ് അദ്ദേഹം നല്‍കിയത്. കഴിഞ്ഞദിവസം സൂചിപ്പിച്ച നൂറുദിന കര്‍മപദ്ധതികള്‍ അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ചചെയ്ത് പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. 23 വരെ പെരുമാറ്റച്ചട്ടമുണ്ട്. 24ന് മന്ത്രിസഭായോഗം ചേരും. ചില ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും.
തദ്ദേശ തിരഞ്ഞെടുപ്പു വിജയം മന്ത്രിസഭാ യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണിത്. ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയകരമായി നടപ്പാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ അഭിമാനവിജയത്തിന് പിന്നാലെ തുടര്‍ഭരണം ലക്ഷ്യമിട്ട് 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് പ്രകടനപത്രിക തയാറാക്കാന്‍ സംസ്ഥാന പര്യടനത്തിന് മുഖ്യമന്ത്രി തയ്യാറെടുക്കുകയാണ്. ഭരണം അവസാനിക്കാന്‍ നാല് മാസം ശേഷിക്കെയാണ് പത്ത് ദിവസത്തോളം നീളുന്ന പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നത്. ഡിസംബര്‍ 22ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന പര്യടനം 30ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന തരത്തിലാണ് സി.പി.എം നേതൃത്വം ആസൂത്രണം ചെയ്യുന്നത്. സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍, എല്‍.ഡി.എഫ് എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ വിനിമയമാണ് നടക്കുക.
സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെ കുറിച്ചുള്ള അഭിപ്രായം, തുടര്‍ നിര്‍ദേശങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക കൂടിയാണ് ഉദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാവും പ്രകടനപത്രിക തയാറാക്കുക. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന ക്ഷേമ രാഷ്ട്രീയ നടപടികളുടെ തുടര്‍ച്ചക്കുള്ള അന്വേഷണവും ഇതില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പര്യടനത്തിന്റെ വിവിധ ജില്ലകളിലെ തീയതികള്‍ക്ക് അടക്കം അവസാനരൂപം നല്‍കും.
കൊല്ലത്ത് 22ന് രാവിലെ 10ന് ബീച്ച് ഓര്‍ക്കിഡ് ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച. തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ വഴിയാവും പര്യടനം. ജനുവരി രണ്ടാംവാരം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ 30ന് പര്യടനം അവസാനിപ്പിക്കാനാണ് ആലോചന. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് നടത്തിയ നവകേരള യാത്രയില്‍ എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരെ കണ്ടിരുന്നു.
ഭാവി കേരളം എന്തായിരിക്കണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പദ്ധതികള്‍ തയാറാക്കുകയാണ് പര്യടനത്തിലൂടെ വിഭാവനം ചെയ്യുന്നതെന്ന് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഗെയ്ല്‍ പൈപ്പ് ലൈന്‍, കെ റെയില്‍, കെ ഫോണ്‍ പദ്ധതി, ഇ മൊബിലിറ്റി പദ്ധതി, ഐ.ടി വികസനം തുടങ്ങിയവയുടെ തുടര്‍ച്ചയും പുതിയ പദ്ധതിയും ലക്ഷ്യമിടുന്നുണ്ട് സി.പി.എം. ഇതെല്ലാം യാഥാര്‍ത്ഥ്യമായാല്‍ പിന്നെ പിണറായിയെ പിടിച്ചാല്‍ കിട്ടില്ല.
https://www.facebook.com/Malayalivartha