ജെഡിഎസ് പിളര്‍പ്പിലേക്ക്; സി.കെ നാണു വിഭാഗത്തിന്റെ കൗണ്‍സില്‍ യോഗം നാളെ; ഇടതു മുന്നണിയിലെ വെല്ലുവിളി; സി.കെ നാണു വിഭാഗം എല്‍.ഡി.എഫിന് പുറത്തേക്ക്; സി.പി.എമ്മിന് താല്‍പര്യം മാത്യു ടി തോമസിനോട്

സംസ്ഥാന ജെഡിഎസ് പിളര്‍പ്പിലേക്ക്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗമാണ് നാളെ തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. നാണു പ്രസിഡണ്ടായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട കേന്ദ്ര തീരുമാനം യോഗം അംഗീകരിക്കില്ല. അതേസമയം നാണു നാളത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ്ജ് തോമസിന്റെ നേതൃത്വത്തിലാകും യോഗം ചേരുക. നാണുവിനെ മാറ്റി മാത്യു ടി തോമസിനെ പ്രസിഡണ്ടാക്കിയത് അംഗീകരിക്കില്ലെന്നാണ് നാണുവിഭാഗത്തിനറെ നിലപാട്. ഇതോടെ സംസ്ഥാനത്ത് ജെഡിഎസിന് രണ്ട് സംസ്ഥാന കമ്മിറ്റികള്‍ നാളെ മുതല്‍ നിലവില്‍ വരും. തങ്ങളാണ് യഥാര്‍ത്ഥ ജെഡിഎസ് എന്ന് പറഞ്ഞ് തല്‍ക്കാലം ഇടതുമുന്നണിയില്‍ തുടരാനാണ് നാണുപക്ഷത്തിന്റെ നീക്കം.
കഴിഞ്ഞ ഒക്ടോബറിലാണ് ജനതാദള്‍ സെക്യുലര്‍ സംസ്ഥാന കമ്മിറ്റി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ പിരിച്ചുവിട്ടത്. അന്ന് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും സികെ നാണുവിനെ മാറ്റിയിരുന്നു. പകരം താല്‍ക്കാലിക ചുമതല മാത്യു ടി തോമസിന് കൈമാറി. പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണ് സികെ നാണു നടത്തുന്നതെന്നും കൂടിയാലോചയില്ലാതെയാണ് അദ്ദേഹം പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ദേശീയ അധ്യക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താല്‍ക്കാലിക സംസ്ഥാന കമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു. ഇതുപ്രകാരം മാത്യു ടി തോമസ് സംസ്ഥാന പ്രസിഡന്റ്യും ജമീല പ്രകാശവും ജോസ് തെറ്റയിലും വൈസ് പ്രസിഡന്റുമാരുമായി. ബെന്നി മൂഞ്ചേലി, അഡ്വ. വി മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. മുഹമ്മദ് ഷാ ആണ് ട്രഷറര്‍.
https://www.facebook.com/Malayalivartha