മുല്ലപ്പള്ളി വഞ്ചിച്ചു; ടി.പിയുടെ ചോരയെ മറന്നു; രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി; പാര്‍ട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകള്‍ നഷ്ടമായി; മുല്ലപ്പള്ളി വടകരയില്‍ നിന്നും രണ്ടു തവണ ജയിച്ചത് ടിപി ചന്ദ്രശേഖരന്റെ ചോരയുടെ ബലത്തില്‍

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആര്‍.എം.പി രംഗത്ത് വന്നിരിക്കുന്നത്. കല്ലാമലയിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വിവാദങ്ങളില്‍ മുല്ലപ്പള്ളി നിലപാടാണ് മുന്നണിക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലാണ് ആര്‍.എം.പി നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മുല്ലപ്പള്ളിയെ അതിരൂക്ഷവിമര്‍ശനമാണ് ആര്‍എംപി നടത്തുന്നത്. മുല്ലപ്പള്ളി വഞ്ചന കാട്ടിയെന്നും കല്ലാമല തര്‍ക്കം തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.
കല്ലാമല തര്‍ക്കം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാര്‍ട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകള്‍ ഇതുവഴി നഷ്ടമായി. ടി.പി ചന്ദ്രശേഖരന്റെ ചോരയുടെ ബലത്തിലാണ് വടകരയില്‍ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ മറക്കരുത്. ടിപി ചന്ദ്രശേഖരന്റെ വധം ഉയര്‍ത്തി കൊണ്ടു വന്ന അക്രമവിരുദ്ധ രാഷ്ട്രീയത്തിനെതിരായ വികാരമാണ് 2009-ലും 2014-ലും മുല്ലപ്പള്ളിയേയും 2019-ല്‍ കെ മുരളീധരനേയും വടകരയില്‍ ജയിപ്പിച്ചത്. ടിപി ചന്ദ്രശേഖരന്റെ ചോരയുടെ ബലമാണ് ഇതെല്ലാം.
ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വടകര മുന്‍സിപ്പാലിറ്റിയിലും മുല്ലപ്പള്ളി എടുത്ത നിലപാട് കാരണം ജനകീയ മുന്നണിക്ക് തിരിച്ചടിയായി. മുല്ലപ്പള്ളി നാടായ അഴിയൂര്‍ പഞ്ചായത്തില്‍ നാല് സീറ്റെങ്കിലും നഷ്ടപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്തിലെ നാല് ഡിവിഷനിലെ തോല്‍വിക്കും അനാവശ്യവിവാദം കാരണമായി. ജനകീയ മുന്നണിയെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിച്ചു. സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയിട്ടും കല്ലാമലയില്‍ ജയകുമാറിനായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടായി. തദ്ദേശതെരഞ്ഞെടുപ്പില്‍ ജയകുമാറിന് 387 വോട്ടുകള്‍ എങ്ങനെ കിട്ടിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും എന്‍.വേണു പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും തര്‍ക്കത്തെ തുടര്‍ന്ന് ആര്‍.എം.പി സ്ഥാനാര്‍ഥിക്ക് വേണ്ടി മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്ത വടകര ബ്ലോക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. സി.പി.എമ്മിലെ അഡ്വ. ആശിഷ് ആണ് കല്ലാമല ഡിവിഷനില്‍ 3543 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.എം.പിയുടെ സി. സുഗതന്‍ മാസ്റ്റര്‍ 2135 വോട്ട് നേടി. മത്സരത്തില്‍ നിന്ന് പിന്മാറിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.പി. ജയകുമാറിന് 368 വോട്ട് ലഭിച്ചു.
യു.ഡി.എഫ് ധാരണയനുസരിച്ച് ആര്‍.എം.പിക്ക് നല്‍കിയ സീറ്റില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ കല്ലാമലയില്‍ മുന്നണിയില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതോടെ യു.ഡി.എഫിന് കല്ലാമലയില്‍ രണ്ട് സ്ഥാനാര്‍ഥികളായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വടകര എം.പി കെ. മുരളീധരനും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക് വളര്‍ന്നിരുന്നു. യു.ഡി.എഫ് ധാരണക്ക് വിരുദ്ധമായാണ് കെ.പി.സി.സി അധ്യക്ഷന്റെ നാട്ടില്‍ തന്നെ കോണ്‍ഗ്രസ് വിമതന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഇരു സ്ഥാനാര്‍ഥികളും പിന്മാറാന്‍ തയാറാകാത്തത് യു.ഡി.എഫിന് തലവേദനയായി.
വിമതനെ രംഗത്തിറക്കിയതിനെതിരെ മുരളീധരന്‍ എം.പി പരസ്യനിലപാടെടുത്തത് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടലിലേക്ക് വളര്‍ന്നിരുന്നു. താന്‍ കല്ലാമലയില്‍ പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്. എന്നാല്‍ മത്സരത്തെ ശേഷം വീണ്ടും തര്‍ക്കങ്ങള്‍ ചര്‍ച്ചയാകുകയാണ്.
https://www.facebook.com/Malayalivartha