സിസ്റ്റര്‍ അഭയയുടെ കൊലയാളികളെ കണ്ടെത്താന്‍ വഴി തെളിച്ചത് രാജുവിന്റെ മോഷണ ശ്രമം

കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊന്ന് തള്ളിയവരെ 28 വര്‍ഷത്തിന് ശേഷം കണ്ടെത്താന്‍ വഴി തെളിച്ചത് രാജുവിന്റെ മോഷണ ശ്രമമായിരുന്നു. അഭയ മരിച്ച ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴാണ് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പൃതുക്കയില്‍ എന്നിവരെ രാജു കാണുന്നത്. ഈ മൊഴി വച്ചാണ് രാജുവിനെ പ്രധാന സാക്ഷിയാക്കി രണ്ടു പേര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയത്. ഈ മൊഴി മാറ്റിപ്പറയാന്‍ കോടികളാണ് രാജുവിന് വാഗ്ദാനം ചെയ്തത്. രാജു വഴങ്ങിയില്ല. സത്യത്തിന്റെ പക്ഷത്ത് ഉറച്ചു നിന്നു രാജു എന്ന കള്ളന്‍.
സമീപത്ത് താമസിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് രാജുവിനെയും പൊലീസ് പിടികൂടിയത്. മോഷണ ശ്രമത്തിനിടയില്‍ രണ്ടു വൈദികരെ കോണ്‍വെന്റിന്റെ സ്‌റ്റെയര്‍കേസില്‍ കണ്ടെന്നു രാജു മൊഴി നല്‍കി. അങ്ങനെ കണ്ടില്ലെന്ന് പറയിക്കാന്‍ പൊലീസ് സമ്മര്‍ദ്ദം ഉണ്ടായി. നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ മോഷണശ്രമത്തിനിടയില്‍ രാജുവാണ് അഭയയെ കൊന്നതെന്ന് തെളിയിക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. പണം കൊടുത്ത് സ്വാധീനിക്കാനും ശ്രമമുണ്ടായി. എന്നിട്ടും നിലപാടില്‍ ഉറച്ചു നിന്നു. സി.ബി.ഐക്ക് രാജു നല്‍കിയ മൊഴി വച്ചാണ് രണ്ട് വൈദികരും സിസ്റ്റര്‍ സെഫിയും പ്രതികളായത്. ഫാദര്‍ പുതൃക്കയിലിനെ കണ്ട തീയതി മാറിപ്പോയതിനാലാണ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കിയത്. മോഷണം നിറുത്തി ഇപ്പോള്‍ കൂലിപ്പണിക്കു പോവുകയാണ് രാജു.
https://www.facebook.com/Malayalivartha