കണ്ണുതള്ളി സഖാക്കള്‍... പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൊരുതിയ സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും കളത്തിലിറങ്ങുന്നു; കേന്ദ്രത്തിന്റെ കര്‍ഷക നിയമത്തിനെതിരെ നിയമസഭ വിളിച്ചുകൂട്ടാനിരുന്ന സര്‍ക്കാരിന് വന്‍ തിരിച്ചടി; പ്രത്യേക സഭാസമ്മേളനം നിഷേധിച്ച് ഗവര്‍ണര്‍; നടപടി കേരളചരിത്രത്തില്‍ ആദ്യം

സംസ്ഥാന സര്‍ക്കാരിനെ ചരിത്രത്തിലാദ്യമായി വെള്ളം കുടുപ്പിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പടപൊരുതിയ സംസ്ഥാന സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തിയിരുന്നു. അവസാനം സര്‍ക്കാര്‍ മുട്ടുമടക്കിയിരുന്നു. അതിന് സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കാന്‍ ഇന്ത്യയിലാദ്യമായി പ്രമേയം പാസാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ അതിനെ പൊളിച്ചടുക്കുകയായിരുന്നു ഗവര്‍ണര്‍.
നിയമസഭാ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ചുകൊണ്ട്, കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം മാത്രമുള്ള ഇടതു സര്‍ക്കാരുമായി പോര്‍മുഖം തുറന്നാണ് ഗവര്‍ണറുടെ അസാധാരണ നടപടി. വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കണമെന്നും കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാന്‍ ഇന്നു ചേരാനിരുന്ന സമ്മേളനത്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരം നടപടി
അനുമതി തേടിയുള്ള മന്ത്രിസഭയുടെ കത്തിന് രാവിലെ രാജ്ഭവനില്‍ നിന്ന് വിശദീകരണം തേടുകയും സര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്‌തെങ്കിലും സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി വൈകുന്നേരത്തോടെ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതോടെ ഗവര്‍ണര്‍ ഒരു വശത്തും സര്‍ക്കാരും പ്രതിപക്ഷവും മറുവശത്തുമായുള്ള രാഷ്ട്രീയപ്പോരിന് വഴിയൊരുങ്ങി. ഗവര്‍ണറുടെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്ന ആരോപണവുമായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തിയത് ഇതിന്റെ സൂചനയായി. ഗവര്‍ണറോട് നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ പ്രത്യേക സഭാസമ്മേളനം വിളിക്കാനുള്ള തീരുമാനം തത്കാലം ഉപേക്ഷിക്കും.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പുതുവര്‍ഷ സമ്മേളനം ആരംഭിക്കേണ്ടതും സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. കേരള പര്യടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലായിരുന്ന മുഖ്യമന്ത്രി രാത്രിയോടെ തലസ്ഥാനത്ത് മടങ്ങിയെത്തിയശേഷം ഗവര്‍ണര്‍ക്ക് വീണ്ടും മറുപടി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ കൂടിയാലോചന നടത്തി.
ജനുവരി എട്ടിന് സഭാസമ്മേളനത്തിന് അനുമതി നല്‍കിയിരിക്കേ അതിന് മുന്‍പ് മറ്റൊരു സമ്മേളനത്തിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. കര്‍ഷകതാല്പര്യം സംരക്ഷിക്കുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ സമാനവികാരമാണ്.
ജനുവരി എട്ടിനു തുടങ്ങുന്ന സഭാസമ്മേളനത്തിന് മന്ത്രിസഭ ശുപാര്‍ശ നല്‍കിയപ്പോഴും കര്‍ഷക സമരമുണ്ടായിരുന്നുവെന്നാണ് ഗവര്‍ണര്‍ തിരിച്ചടിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനകം രൂപംകൊണ്ടതല്ല ആ പ്രശ്‌നം. അതിനാല്‍ നിയമസഭ വിളിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ തീര്‍ത്തു പറഞ്ഞതോടെ എല്ലാം ഓക്കേയായി.
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരും പാര്‍ട്ടിയും വിമര്‍ശനം തുടങ്ങിയെങ്കിലും ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ എന്തായാലും സര്‍ക്കാര്‍ ഒരുക്കമല്ല. തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. ഈ സന്നിദ്ധ ഘട്ടത്തില്‍ ഗവര്‍ണറുടെ പല നിലപാടും നിര്‍ണായകമാകും. അതിനാല്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അംഗീകരിക്കയല്ലാതെ വഴിയില്ല.
"
https://www.facebook.com/Malayalivartha