ദൈവത്തിന്റെ കൈയ്യൊപ്പ്.... ആറാം ക്ലാസുവരെ മാത്രം പഠിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ചങ്കൂറ്റം ഒന്നുകൊണ്ട് മാത്രമാണ് അഭയ കേസില്‍ നീതി നടപ്പിലായത്; കോടതിയില്‍ അഭിഭാഷകന്റെ സഹായമില്ലാതെ ജോമോന്റെ പ്രകടനം കണ്ട് നിയമവൃത്തങ്ങളും അമ്പരന്നു; അഭയ കേസ് വച്ച് പണമുണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് ഉഗ്രന്‍ തിരിച്ചടി

അഭയ കേസുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ഇന്നത്തെ ചാനലുകള്‍ സജീവമല്ലായിരുന്ന കാലത്ത് ഒരു പാവം പെണ്‍കുട്ടി സിസ്റ്റര്‍ അഭയുടെ നീതിക്കായി ജീവിതം മാറ്റിവച്ച വ്യക്തിയാണ് ജോമോന്‍. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആറാം ക്ലാസ് വരെ മാത്രം പഠിച്ച ജോമോന്‍ ആള് ചില്ലറയല്ല. ആറാം ക്ലാസുവരെ മാത്രം പഠിച്ച ജോമോന്‍ കോടതിയില്‍ അഭിഭാഷകന്റെ സഹായമില്ലാതെ വാദിച്ചതു നിയമവൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. അഭയ കേസിനുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷമാണ് ജോമോന്‍ പോരാടിയത്. അതിനിടെ ഉണ്ടായ അഞ്ചിന്റെ ഗതിയില്ലാത്ത ജോമോന്‍ എങ്ങനെ അഭയ കേസ് നടത്തിക്കൊണ്ടു പോകുന്നു എന്ന ചോദ്യത്തിന് ഉത്തരം ദൈവ വിളി എന്ന് മാത്രം.
വെറും ആത്മഹത്യയാണെന്ന് പോലീസും ക്രൈംബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴിതുറന്നതും ഈ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 28 വര്‍ഷങ്ങള്‍ക്കിപ്പുറം അഭയ കൊലക്കേസില്‍ വിധി പ്രസ്താവിച്ചതോടെ അത് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെയും അഭയയുടെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെയും നിയമപോരാട്ടങ്ങളുടെ കൂടി വിജയമാണ്.
അഭയ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമങ്ങളുണ്ടായെന്നാണ് വിധി വന്നശേഷം ജോമോന്‍ പറഞ്ഞത് നീതിപൂര്‍വമായ വിധിയാണ് സി.ബി.ഐ. കോടതിയുടേത്. വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നത്. ഇത് എല്ലാവരുടെയും കൂട്ടായ പോരാട്ടത്തിന്റെ വിജയമാണ്. താനൊരു നിമിത്തവും. പണവും സ്വാധീനവും വിലപ്പോകില്ലെന്നാണു വിധി തെളിയിക്കുന്നത്. കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
അഭയ ആക്ഷന്‍ കൗണ്‍സിലുമായി സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന സാധാരണക്കാരന്‍ സിസ്റ്റര്‍ അഭയക്കേസില്‍ ഉന്നതരുടെ പങ്ക് വെളിച്ചുകൊണ്ടുവന്നത്. പ്രലോഭനങ്ങളും ഭീഷണിയും ഏറെയുണ്ടായി. ലക്ഷക്കണക്കിന് രൂപയാണു കേസൊതുക്കാന്‍ വാഗ്ദാനം ചെയ്യപ്പെട്ടത്. ഉന്നതരായ പലരും അനുനയ മാര്‍ഗത്തിലും അല്ലാതെയും ജോമോനെ സമീപിച്ചിരുന്നു. അതിനൊന്നും വഴങ്ങാന്‍ ജോമോന്‍ കൂട്ടാക്കിയില്ല.
ആത്മഹത്യയെന്നു ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ ദുരൂഹമരണം കൊലപാതകമെന്നു തെളിഞ്ഞതും രണ്ടു പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതും ജോമോന്റെ പോരാട്ടത്തിന്റെ വിജയമാണ്. ജോമോന്‍ അഭയയുടെ ആരുമായിരുന്നില്ല. പക്ഷേ എല്ലാമെല്ലാമായെന്ന് അഭയക്കേസിനെപ്പറ്റി സംസാരിക്കുമ്പോള്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പറയും.
1992ല്‍ കോട്ടയത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്‍. അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് ബോധ്യമായതോടെ ജോമോന്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ നേരില്‍ക്കണ്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കി. ജോമോന്റേതുള്‍പ്പെടെ 34 പരാതികള്‍ സര്‍ക്കാരിനു ലഭിച്ചു. മരണം ആത്മഹത്യയാണെന്നു വിധിയെഴുതാന്‍ സി.ബി.ഐ: എസ്.പി.: ത്യാഗരാജന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുണ്ടായതോടെ അദ്ദേഹത്തെ മാറ്റാനുള്ള നിയമപോരാട്ടവും തുടങ്ങിവച്ചു
സി.ബി.ഐ. വന്നിട്ടും പലവട്ടം അന്വേഷണം ഇഴഞ്ഞുനീങ്ങി. അപ്പോഴെല്ലാം പരാതികളുമായി ജോമോന്‍ ഡല്‍ഹിക്കു പോകും. പ്രതികളുടെ ആസൂത്രിതനീക്കങ്ങള്‍ ഓരോ ഘട്ടത്തിലും ജോമോന്‍ നിയമപരമായി ചോദ്യം ചെയ്തു.
വിധി വന്നതോടെ ജോമോന്റെ കണ്ണ് നിറഞ്ഞു. ഇന്ന് മരിച്ചാലും ദു:ഖമില്ലെന്നാണ് ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആദ്യ പ്രതികരണം. തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ നിറകണ്ണുകളോടെ പറഞ്ഞു.
"
https://www.facebook.com/Malayalivartha