അവള്‍ എന്റെ കുഞ്ഞാ അച്ചോ... രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ളവരുടെ യഥാര്‍ത്ഥ ദൈവവിളി കാട്ടിത്തരുന്ന സംഭവമായി അഭയ കേസ് മാറുന്നു; തിരുവസ്ത്രമിട്ട വൈദികനും സിസ്റ്ററും ഇരുമ്പഴിക്കുള്ളിലാകുമ്പോള്‍ മോഷണത്തിന് വന്ന അടയ്ക്കാ രാജു ദൈവത്തിന്റെ സ്വന്തം ഹീറോയാകുന്നു

കള്ളനും വൈദികനും രണ്ട് വിരുദ്ധ ധ്രുവമാണ്. വൈദികന്‍ ദൈവത്തിന് നിരക്കുന്നതും കള്ളന്‍ ദൈവത്തിന് നിരക്കാത്തതുമാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ വൈദികനും സിസ്റ്ററും ദൈവത്തിന് നിരക്കാത്തതും കള്ളന്‍ ദൈവത്തിന് നിരക്കുന്നതും ആയ കാര്യങ്ങള്‍ ചെയ്യുന്ന അപൂര്‍വ കാഴ്ചയാണ് കാണുന്നത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഴിക്കുള്ളിലാകുമ്പോള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ താരമാകുന്നത് സാഹചര്യത്താല്‍ കള്ളനായ അടയ്ക്കാ രാജുവാണ്.
ഒരു ദൃക്‌സാക്ഷി മാത്രമാണുള്ളത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തൊണ്ടിമുതലൊന്നുമില്ല. എന്നിട്ടും 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസില്‍ കൊലക്കുറ്റം തെളിയിക്കാന്‍ നിര്‍ണായകമായതു സാക്ഷി മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലുള്ള സാഹചര്യ തെളിവുകള്‍. മോഷ്ടിക്കാന്‍ കോണ്‍വന്റില്‍ കയറിയ അടയ്ക്കാ രാജു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ടു വൈദികരെ അന്നു പുലര്‍ച്ചെ അവിടെ കണ്ടെന്നു പറഞ്ഞതു മാത്രമാണു സംഭവവുമായി ബന്ധപ്പെട്ട ഏക ദൃക്‌സാക്ഷി മൊഴി.
പ്രതിയുടെ കോണ്‍വന്റിലെ സാന്നിധ്യം വ്യക്തമാക്കാന്‍ ഈ മൊഴി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൊലപാതകം ഉറപ്പിക്കാന്‍ നിര്‍ണായകമായത് ശാസ്ത്രീയ സാഹചര്യ തെളിവുകളാണ്. നാര്‍ക്കോ അനാലിസില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നീണ്ടത്.
എന്റെ കുഞ്ഞിനു നീതി കിട്ടിയെന്നാണ് അടയ്ക്കാ രാജു നിറകണ്ണോടെ പറഞ്ഞത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീതി ലഭിക്കണമെന്ന്. കോടികള്‍ എനിക്കു പലരും വാഗ്ദാനം ചെയ്തു. ഒന്നും ഞാന്‍ വാങ്ങിയില്ല. 3 സെന്റ് സ്ഥലത്തു കോളനിയിലാണ് ഇപ്പോഴും താമസിക്കുന്നത്. എന്റെ രണ്ട് പെണ്‍മക്കള്‍ ഒളിച്ചോടി. അവരും സന്തോഷത്തോടെയാണ് കഴിയുന്നത്. എനിക്ക് ഒരു രൂപ പോലും വേണ്ട എന്ന അടയ്ക്കാ രാജുവിന്റെ വാക്കുകള്‍ എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്.
കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെയാണ്. സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ തലയ്ക്കു പിന്നില്‍ മധ്യത്തിലും നെറ്റിയിലും ആഴത്തിലുള്ള മുറിവുമേറ്റിരുന്നു. ഇതു കിണറ്റില്‍ സ്വയം ചാടുമ്പോള്‍ സംഭവിക്കാവുന്നതല്ല. ഫൊറന്‍സിക് വിദഗ്ധരുടെ മൊഴി ഇതു സാധൂകരിക്കുന്നു.
കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്നു 30ാം സാക്ഷിയായ ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. വി. കന്തസ്വാമിയുടെ മൊഴി. അഭയയുടെ വയറ്റിലുണ്ടായിരുന്നത് 300 മില്ലിലീറ്റര്‍ വെള്ളം മാത്രം. ആത്മഹത്യയാണെങ്കില്‍ ഇതിന്റെ പതിന്മടങ്ങ് വെള്ളം ഉള്ളിലുണ്ടാവും. മരണ വെപ്രാളത്തില്‍ കയറി പിടിക്കുമ്പോള്‍ കിണറ്റിലെ പായലും ചെടികളുടെ ഇലകളുമെല്ലാം കൈയ്ക്കുള്ളില്‍ കാണണമായിരുന്നു. അതുണ്ടായില്ല. തലയ്ക്കു പിന്നില്‍ അടിയേറ്റാവും മരണമെന്നു ഡോ. കന്തസ്വാമിയുടെ മൊഴി.
പ്രതി ഫാ. തോമസ് കോട്ടൂര്‍ സ്വകാര്യ സംഭാഷണത്തില്‍ കുറ്റസമ്മതം നടത്തിയതായി സാമൂഹിക പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായരുടെ മൊഴി. വിചാരണ കൂടാതെ വിട്ടയച്ച വിട്ട രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലും, കോട്ടൂര്‍ കുറ്റസമ്മതം നടത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നെന്നും മൊഴി.
ഡമ്മി പരീക്ഷണത്തെ തുടര്‍ന്നു ഫൊറന്‍സിക് വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് കൊലപാതകമാണെന്നു വ്യക്തമാക്കുന്നു.
നാര്‍ക്കോ അനാലിസില്‍ 3 പ്രതികളില്‍നിന്നു കൊലപാതകം വ്യക്തമാക്കുന്ന സൂചന ലഭിച്ചിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരിമറി നടന്നതായി കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിളായ എം.എം.തോമസിന്റെ മൊഴി. അന്നത്തെ എഎസ്‌ഐ ആയിരുന്ന വി.വി.അഗസ്റ്റിന്‍ തിരിമറി നടത്താന്‍ ആവശ്യപ്പെട്ടതായാണു മൊഴി.
തൊണ്ടി മുതലുകളെല്ലാം നശിപ്പിക്കപ്പെട്ടതും കൊലപാതകം മറച്ചുവയ്ക്കാനുള്ള കുറ്റവാളികളുടെ ശ്രമം വ്യക്തമാക്കുന്നു.
പ്രതിയായ സിസ്റ്റര്‍ സെഫി കുറ്റകൃത്യം മറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയെന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനും പ്രിന്‍സിപ്പലും നല്‍കിയ മൊഴി. ഈ തെളിവുകളാണ് യഥാര്‍ത്ഥ കള്ളന്‍മാര്‍ ആരാണെന്ന് കോടതിക്ക് ബോധ്യമായത്.
https://www.facebook.com/Malayalivartha