മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും...

മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരായ രവീന്ദ്രനില്‍നിന്നു ശിവശങ്കറിന്റെ ഇടപാടുകളെപ്പറ്റിയാണു ഇ.ഡി. പ്രധാനമായും ചോദിച്ചറിഞ്ഞത്.
ശിവശങ്കറിന്റെ പല ഇടപെടലുകളെപ്പറ്റി അറിയാമെന്നും രവീന്ദ്രന്‍ മൊഴി നല്‍കി. എന്നാല്‍, സ്വപ്നയുടെ നിയമനം, ലൈഫ് മിഷന്‍ കരാര്‍, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ കൂടുതല്‍ അറിവില്ലെന്നായിരുന്നു മൊഴി. ഈ ഘട്ടത്തില്‍ രവീന്ദ്രനെ സാക്ഷിയാക്കാനാണു ഉദ്ദേശിക്കുന്നതെങ്കിലും കള്ളപ്പണം വെളുപ്പിക്കലില്‍ രവീന്ദ്രന്റെ പങ്കു തെളിഞ്ഞാല്‍ പിന്നീടു പ്രതിയാക്കാന്‍ കഴിയും.
അതിനാല്‍, ശിവശങ്കറിനെതിരേ കുറ്റപത്രം നല്‍കിയശേഷം വിശദമായി ചോദ്യംചെയ്യലിനു രവീന്ദ്രനെ വീണ്ടും വിളിപ്പിക്കാനാണു ഇ.ഡി. നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലെ ചിലരില്‍ നിന്നും മൊഴിയെടുക്കാനും ഇ.ഡി. തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 28 നകം ശിവശങ്കറിനെതിരേ കുറ്റപത്രം നല്‍കാനാണു ഇ.ഡി. നീക്കം. അറസ്റ്റിലായി 60 ദിവസം കഴിയുംമുമ്പു കുറ്റപത്രം നല്‍കി ജാമ്യം തടയുകയാണു ഉദ്ദേശം. ജനുവരി നാലിനാണു ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ ബിനാമിയായി രവീന്ദ്രന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആരോപണമുള്ളത്. ടെന്‍ഡര്‍ വിളിക്കാതെ സൊസൈറ്റിക്കു കരാര്‍ നല്‍കിയതില്‍ കോടികളുടെ കമ്മിഷന്‍ ഇടപാടു നടന്നിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ടെന്‍ഡര്‍ ലഭിക്കാന്‍ ശിവശങ്കറും രവീന്ദ്രനും സഹായിച്ചിട്ടുണ്ടോ എന്നതും ശിവശങ്കറിന് ഊരാളുങ്കലില്‍ നിക്ഷേപമുണ്ടോ എന്നുമാണു ഇ.ഡി. പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha