ഒന്നുമില്ല ഒന്നുമില്ലെന്ന് പറഞ്ഞിട്ട്... രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ശിവശങ്കറിന്റേതുള്‍പ്പെടെ 1.85 കോടി കണ്ടുകെട്ടി ഇഡിയുടെ സര്‍ജിക്കല്‍ അറ്റാക്ക്; രവീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കിയില്ലെന്ന ഇഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ മൂന്ന് പ്രാവശ്യമാണ് ഇഡി ചോദ്യം ചെയ്തത്. നാലാമത്തെ പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ചികിത്സ തേടി മെഡിക്കല്‍ കോളേജില്‍ പോയി. സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ ഇ.ഡിയുടെ അന്തിമ പരിശോധനയിലാണ്. അതിനിടെ ദ്രുത നീക്കവുമായി ഇഡി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ 1.85 കോടി രൂപ കണ്ടുകെട്ടാന്‍ ഇ.ഡി ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ലൈഫ് ഭവന പദ്ധതിയില്‍ കമ്മിഷനായി യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ ശിവശങ്കറിന് നല്‍കിയ ഒരു കോടി രൂപയാണ് സ്വപ്‌ന ലോക്കറില്‍ സൂക്ഷിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഈയിനത്തില്‍ മറ്റ് മൂന്നു പ്രതികള്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കിയതാണ് 85 ലക്ഷം രൂപ. സന്ദീപ് പത്തു ലക്ഷം, സരിത്ത് 12 ലക്ഷം, സ്വപ്‌ന 63 ലക്ഷം എന്നിങ്ങനെയാണ് തുകകള്‍. ഇതു കണ്ടുകെട്ടാനാണ് ഉത്തരവ്.
പണം പിടിച്ചെടുത്തത് ദേശീയ അന്വേഷണ ഏജന്‍സിയാണ്. ബാങ്കിലെ സ്ഥിരം നിക്ഷേപം മരിവിപ്പിച്ചിട്ടുണ്ട്. ലോക്കറിലെ പണം എന്‍.ഐ.എ കോടതിയുടെ കസ്റ്റഡിയിലാണ്. അതിനാല്‍ പ്രിവന്‍ഷന്‍ ഒഫ് മണി ലെന്‍ഡിംഗ് ആക്ട് പ്രകാരം പണം കണ്ടുകെട്ടുന്നതായി എന്‍.ഐ.എ കോടതിയെയും ഇ.ഡി. അറിയിച്ചു. ഈ ആക്ട് പ്രകാരം പ്രഥമ പരിഗണന ഇ.ഡിക്കാണ്.
ഇ.ഡി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ മിശ്രയുടെ അനുമതി ലഭിച്ചാല്‍ ശിവശങ്കറിനെതരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഇതോടെ സ്വാഭാവികജാമ്യം ഇല്ലാതാകും. കേസില്‍ നേരത്തെ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്കെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഒക്ടോബര്‍ 28 നാണ് ശിവശങ്കറിനെ തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ട പ്രകാരം ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാകും.
ഈ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പമാണ് ശിവശങ്കറിനെ കുടുക്കിയത്. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്നു ഇ.ഡി കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിലൂടെയും ലൈഫ് മിഷന്‍ കോഴയായും ശിവശങ്കര്‍ നേടിയ അനധികൃത പണമാണ് സ്വപ്നയുടെ ലോക്കറുകളില്‍ നിന്ന് കണ്ടെടുത്തതെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണം അവസാനിച്ചിട്ടില്ലെങ്കിലും ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ഡിസംബര്‍ 28 നകം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് ഇ.ഡി തയ്യാറെടുത്തത്. എന്നാല്‍ ക്രിസ്തുമസും മറ്റവധികളുമായതിനാലാണ് ഇന്ന് തന്നെ കുറ്റപത്രം നല്‍കുന്നത്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ ശിവശങ്കറിനെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കും. പിന്നീടു ലഭിക്കുന്ന വസ്തുതകള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം നല്‍കാനും ഇ.ഡിക്ക് കഴിയും.
സ്വര്‍ണടക്കത്തു കേസില്‍ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ പ്രതികളാക്കി ഇ.ഡി ഒക്ടോബര്‍ ഏഴിനാണ് പ്രാഥമിക കുറ്റപത്രം നല്‍കിയത്. സ്വപ്ന അറസ്റ്റിലായി 62 ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിനാല്‍ വിചാരണക്കോടതി സ്വപ്നയ്ക്ക് ജാമ്യം നല്‍കി. ശിവശങ്കറിന്റെ കാര്യത്തില്‍ അതു സംഭവിക്കാതിരിക്കാനാണ് ശ്രമം.
"
https://www.facebook.com/Malayalivartha