രക്തം മരവിച്ച രാത്രി... പുരുഷന്‍മാരുടെ സാന്നിധ്യം നിരോധിച്ച കോണ്‍വന്റിലാണു കുറ്റകൃത്യം നടന്നത് ക്രൂര കൊലപാതകം; കൊല നടന്നത് അടുക്കളയില്‍; ഫാ. കോട്ടൂര്‍ കോടാലി കൊണ്ട് അഭയയുടെ തലയ്ക്കടിച്ചു; സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐക്കു ലഭിച്ച രേഖാ ചിത്രം എവിടെ എന്നത് ഇപ്പോഴും അജ്ഞാതം

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇപ്പോഴും നടുക്കുന്ന ഓര്‍മ്മയായി അഭയ കേസ് മാറുകയാണ്. സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാണെന്ന സിബിഐയുടെ കണ്ടെത്തല്‍ പ്രത്യേക കോടതി പൂര്‍ണമായി ശരിവച്ചിരിക്കുകയാണ്. വിചാരണ വേളയില്‍ തന്നെ അഭയയുടെ മരണം കൊലപാതകമെന്നു വ്യക്തമായെന്നും അഭയയെ തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പ്പിച്ച ശേഷമാണു കിണറ്റിലിട്ടതെന്നും ജഡ്ജി കെ. സനില്‍കുമാര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
മറ്റ് പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇങ്ങനേയാണ്. അഭയ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ല. ഇതിനു തെളിവുകളും ഇല്ല. അഭയ സമര്‍ഥയായ വിദ്യാര്‍ഥിയായിരുന്നു. അഭയയുടെ തലയില്‍ കാണപ്പെട്ട മുറിവുകള്‍ കിണറ്റിനുള്ളില്‍ വച്ചുണ്ടായതല്ല. പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകളില്‍ ഇതു സംബന്ധിച്ചു വ്യക്തമായ തെളിവുണ്ട്.
ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം അഭയ കാണാനിടയായി. ഇതു പുറത്തു പറയാതിരിക്കാന്‍ വേണ്ടി, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഫാ. കോട്ടൂര്‍ കോടാലി ഉപയോഗിച്ചു 3 തവണ അഭയയുടെ തലയ്ക്കടിച്ചത്. തലയുടെ മധ്യത്തിലും വശത്തുമാണ് അടിയേറ്റത്. ഇതിനു ശേഷം അ!ഭയയെ കിണറ്റിലിട്ടു. ഈ വീഴ്ചയിലാണ് അഭയയുടെ ശരീരത്തില്‍ മുറിവുണ്ടായത്. തലയിലെ 3 മുറിവുകളും ആയുധം കൊണ്ടുള്ളതാണെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കി. ആത്മഹത്യയെന്നു വരുത്തി തീര്‍ക്കാനാണു പ്രതികള്‍ ശ്രമിച്ചത്. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്ക് എതിരായിരുന്നു.
കൊല നടന്ന പയസ് ടെന്‍ത് കോണ്‍വന്റില്‍ ഫാ. കോട്ടൂരിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനെക്കുറിച്ചു സാക്ഷിമൊഴി ലഭിച്ചിരുന്നു. 1992 മാര്‍ച്ച് 27 ന് പുലര്‍ച്ചെ 4.15 നും അഞ്ചിനുമിടയിലാണ് അഭയ കൊല്ലപ്പെട്ടത്. 4.30 നാണ് അഭയയുടെ തലയ്ക്കടിച്ചത്.
അടുക്കളയിലും തൊട്ടടുത്തുള്ള കൈ കഴുകുന്ന സ്ഥലത്തുമാണു കൊല നടന്നത്. താഴത്തെ നിലയിലെ മുറിയില്‍ ഒറ്റയ്ക്കാണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. ഇതിനു സമീപത്തുള്ള കിണറ്റില്‍ നിന്നാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം കോണ്‍വന്റിനു മുന്നില്‍ ഫാ. തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ കണ്ടെന്ന മൊഴി വിശ്വസനീയമാണ്. ഇതിന് ഫാ. കോട്ടൂരിനു വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല.
ഫാ. കോട്ടൂര്‍, കൊല നടന്ന പയസ് ടെന്‍ത് കോണ്‍വന്റിലെ നിത്യസന്ദര്‍ശകനാണെന്നു സാക്ഷി മൊഴികളില്‍ വ്യക്തമായി. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും സ്വഭാവദൂഷ്യമുള്ളവരാണെന്നു പ്രഫ. ത്രേസ്യാമ്മ നല്‍കിയ മൊഴിയില്‍ വ്യക്തമാണ്.
കൊലയുമായി ബന്ധപ്പെട്ട് ഫാ. കോട്ടൂര്‍ സാക്ഷി കളര്‍കോട് വേണുഗോപാലിനോടു നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്.
മുഖ്യസാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി സാഹചര്യങ്ങളുമായി ഒത്തു പോകുന്നതാണ്. കോണ്‍വന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ ഫാ. കോട്ടൂരിനെ കണ്ടെന്ന അടയ്ക്കാ രാജുവിന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാം.
അതേസമയം സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിബിഐക്കു ലഭിച്ച രേഖാ ചിത്രം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 1995 ജൂലൈയിലാണു സിബിഐക്കു വിദേശത്തുനിന്നു രേഖാചിത്രം ലഭിച്ചത്. തങ്ങളുടെ നിഗമനങ്ങളുമായി 90 ശതമാനവും യോജിക്കുന്നതാണ് ഈ രേഖാചിത്രമെന്നു അന്നത്തെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു..
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതിന്റെ തലേ രാത്രി നിര്‍ത്താതെ പട്ടി കുരയ്ക്കുന്നതു കണ്ടു പുറത്തേക്കു നോക്കിയ കോണ്‍വന്റിലെ ഒരു സിസ്റ്റര്‍ ഗേറ്റിനരികില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടെന്നു മൊഴി നല്‍കിയിരുന്നു. ഈ സമയം മുറിയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍. പുലര്‍ച്ചെ പട്ടിയുടെ നീണ്ട കുര കേട്ടിരുന്നു. താഴെ അടുക്കള ഭാഗത്തുനിന്നു പാത്രം മറിഞ്ഞുവീഴുന്നതുപോലുള്ള ശബ്ദവും. പട്ടിയുടെ കുര നില്‍ക്കാതിരുന്നപ്പോള്‍ ജനലിലൂടെ പുറത്തേക്കു നോക്കി. അപ്പോള്‍ ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ നടന്നുപോകുന്നതു കണ്ടു എന്നാണ് സിബിഐക്കു നല്‍കിയ മൊഴിയില്‍ പറയുന്നത്.
രാത്രി പത്തരയോടെ കോണ്‍വന്റിനു പുറത്തു കണ്ടയാളും രാവിലെ ഗേറ്റിനു പുറത്തുകൂടി നടന്നുപോകുന്നതായി കണ്ടയാളും ഒന്നാണോ എന്നു കണ്ടെത്താന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha