കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവ്

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഉത്തരവ്. കേസില്‍ ഇന്ന് കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇ.ഡിയുടെ നടപടി. ശിവശങ്കറിന്റെ സ്വത്ത് സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി കോടതിയെ അറിയിക്കും.
ശിവശങ്കറിന് സ്വര്‍ണം, ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് ഇ.ഡി വിലയിരുത്തല്‍. ഐ.ടി സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ വഹിച്ചിരുന്ന ശിവശങ്കറിന് ചില പ്രോജക്ടുകള്‍, നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കമീഷന്‍ ലഭിച്ചെന്നും സംശയിക്കുന്നു. അതിനാലാണ് സ്വത്തിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ 1.80 കോടി രൂപ ഇതിനകം കണ്ടുകെട്ടിക്കഴിഞ്ഞു. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരുകോടി രൂപ ശിവശങ്കറിന് കമീഷനായി ലഭിച്ചതാണെന്ന വിലയിരുത്തലില്‍ ഇ.ഡിയും കസ്റ്റംസും നീങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ബാങ്ക് അധികൃതര്‍ക്കും രജിസ്ട്രാര്‍ക്കും നല്‍കിയതായാണ് സൂചന.
ശിവശങ്കറിന്റെ സ്വത്ത് വിശദാംശങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനാണ് നടപടി. പൂജപ്പുരയില്‍ വീടും സ്ഥലവുമുള്ള ശിവശങ്കറിന് വെള്ളനാടും സ്വത്തുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റെവിടെങ്കിലും സ്വത്തുണ്ടെങ്കില്‍ അവയെല്ലാം കണ്ടുകെട്ടും.
"
https://www.facebook.com/Malayalivartha