കാര്യങ്ങള്‍ ശരിയായാല്‍... കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രിയാകാന്‍ പുറപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി നടക്കാതെ വന്നപ്പോള്‍ നേരെ കേരളത്തിലേക്ക് തന്നെ; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; അന്തിമ ലക്ഷ്യം മുഖ്യമന്ത്രിയാകുക

മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്, ഉലക്കേട മൂട് എന്നീ കലാപരിപാടികളുമായി രാഹുല്‍ ഗാന്ധിയെ അധികാരത്തിലെത്തിച്ച് അടികൂടലിലൂടെ മുന്തിയ കേന്ദ്രമന്ത്രിസ്ഥാനം നേടാനായാണ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ച് എംപിയായത്. രാഹുല്‍ ഗാന്ധിയെ മോദി നിലംതൊടിക്കാതെ വന്നപ്പോള്‍ അടുത്ത ലക്ഷ്യം കേരളത്തിലായി. കേരളത്തിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്. ആ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിവന്നാല്‍ മുഖ്യമന്ത്രിപോലുമാകാം. ലീഗിന്റെ സീറ്റ് ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെയാണ്. കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞ് ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതായാല്‍ പിന്നെ എങ്ങനെ മുഖ്യമന്ത്രിയാകാമെന്ന് കുഞ്ഞാലിക്കുട്ടിയെ ആരും പഠിപ്പിക്കേണ്ട.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മലപ്പുറം ജില്ലയിലുള്‍പ്പെടെയുണ്ടായ തിരിച്ചടി, നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ കോട്ടകളിലും വിള്ളലുണ്ടാക്കിയേക്കാമെന്ന തിരിച്ചറിവില്‍ പാര്‍ട്ടിയിലെ ഒന്നാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ മുസ്ലീം ലീഗ് തീരുമാനം. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച വേങ്ങരയിലോ മലപ്പുറം മണ്ഡലത്തിലോ ആവും ജനവിധി തേടുക.
കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് പോയതോടെ, മുന്നണിയില്‍ ലീഗിന് മുന്‍പത്തെ പ്രാധാന്യം കിട്ടുന്നില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടിയെപ്പോലൊരു വിലപേശല്‍ ശക്തി അനിവാര്യമാണെന്നും ലീഗ് കാണുന്നു. തിരിച്ചുവരവിന് ഇതും കാരണമായി.
മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വമേകും. രാജി തീയതി തീരുമാനിച്ചിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടത്താവുന്ന തരത്തിലാവും രാജിയെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മജീദ് പറഞ്ഞു. ഏത് സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടിയാണ് പറയുകയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രത്തില്‍ യു.പി.എ അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ടായിരുന്നു കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിച്ചത്. മുത്തലാഖ് വിഷയത്തിലടക്കം ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ പ്രകടനത്തില്‍ പാര്‍ട്ടിയില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ന്യൂനപക്ഷ വിഷയങ്ങളില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ മികച്ച പ്രകടനം കൂടിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ കുഞ്ഞാലിക്കുട്ടി നേരത്തേ താത്പര്യപ്പെട്ടിരുന്നു. എന്നാല്‍, ഫാസിസത്തിനെതിരെ പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിക്കുന്നെന്ന വിമര്‍ശനവും അനാവശ്യമായി ഉപതിരഞ്ഞെടുപ്പെന്ന പഴിയും ലീഗ് ഭയപ്പെട്ടു.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ വഴി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സ്വാധീനിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെങ്കിലും പച്ചക്കൊടി കാണിച്ചില്ല. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ തങ്ങള്‍ പച്ചക്കൊടി കാട്ടുകയായിരുന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവെന്ന നിലയില്‍ എം.കെ. മുനീറിന്റെ പ്രകടനം വേണ്ടത്ര ഉയര്‍ന്നില്ലെന്നും പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ടായി. രാഷ്ട്രീയ തന്ത്രജ്ഞനായ കുഞ്ഞാലിക്കുട്ടിയിലൂടെ നില കൂടുതല്‍ ഭദ്രമാക്കുകയാണ് ലീഗിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha