നേത്രരോഗ ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് 'നയനപഥം'; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

നേത്രരോഗ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതിന് ഉതകുന്ന സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ വാഹനത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 20 ലക്ഷം രൂപ വീതം ആകെ 2.8 കോടി രൂപയാണ് ചെലവഴിച്ചത്.
ദുര്‍ഘട പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും നേത്രപരിശോധന ലഭ്യമാക്കുവാന്‍ ഉദ്ദേശിച്ചാണ് നയനപഥം പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിദഗ്ധ ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് പരിശോധന സമയത്ത് തന്നെ ആവശ്യമായ മരുന്നും, ചികിത്സയും നല്‍കുകയും തുടര്‍ ചികിത്സ ആവശ്യമുള്ളവരെ റഫറല്‍ കേന്ദ്രങ്ങളിലേക്ക് വാഹനത്തില്‍ എത്തിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗജന്യ നേത്ര പരിശോധന, സ്‌കൂള്‍ കുട്ടികളുടെ നേത്രപരിശോധന, നേത്രപരിശോധന കേന്ദ്രത്തില്‍ നിന്നും ചികിത്സക്കായി അടുത്തുള്ള റഫറല്‍ കേന്ദ്രങ്ങളിലേക്ക് രോഗികളെ കൊണ്ടുപോവുക, നേത്രപടലാന്ധത, ഗ്ലോക്കോമ, തുടങ്ങിയ രോഗ പരിശോധന സൗകര്യങ്ങള്‍ നല്‍കുക, നേത്രരോഗ ബോധവത്ക്കരണം എന്നിവയും ഇതിലൂടെ സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ ജില്ലയിലുമുള്ള നേത്രരോഗ വിദഗ്ധര്‍ അടങ്ങുന്ന മൊബൈല്‍ ടീം അംഗങ്ങളാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പ്രദേശങ്ങളില്‍ നേത്രരോഗ നിര്‍ണയ ക്യാമ്പുകള്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ആദിവാസി മേഖല, തീരപ്രദേശം, അതിഥി തൊഴിലാളികള്‍ ദുര്‍ഘടപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് സാധാരണ ജനങ്ങളുടെ നേത്ര സംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസമാകുവാന്‍ ഈ പദ്ധതിക്ക് സാധ്യമാകുന്നതാണ്.
നേത്ര ചികിത്സാ രംഗത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ മാറ്റമാണ് ഉണ്ടായത്. ഈ കാലയളവില്‍ സൗജന്യ നേത്രരോഗ ചികിത്സ സൗകര്യങ്ങള്‍ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ക്ക് പുറമെ 270 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിഷന്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ഓരോ വിഷന്‍ സെന്ററിലും ഒരു ലക്ഷം രൂപ വീതമുള്ള നേത്ര രോഗ പരിശോധനാ ഉപകരണങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്തുള്ള ഒപ്‌റ്റോമെട്രിസ്റ്റുകള്‍ ഈ വിഷന്‍ സെന്ററുകളിലൂടെ പൊതുജനത്തിന് സൗജന്യ നേത്രപരിശോധന നല്‍കിവരുന്നു.
എല്ലാ സര്‍ക്കാര്‍ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും സൗജന്യ നേത്ര പടലാന്ധതയ്ക്കുള്ള ശസ്ത്രക്രിയ സൗജന്യമായി നല്‍കിവരുന്നു. അതോടൊപ്പം ഗ്ലോക്കോമ, ചൈല്‍ഡ്ഹുഡ് ബ്ലൈന്റനസ്, സ്‌ക്യുന്റ്, എന്നീ നേത്ര രോഗങ്ങള്‍ക്കുള്ള ചികിത്സയും പരിശീലനം ലഭിച്ച നേത്രരോഗ വിദഗ്ദ്ധരിലൂടെ നല്‍കുന്നുണ്ട്. കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കും, പ്രായമുള്ളവര്‍ക്കും കണ്ണടകള്‍ സൗജന്യമായി കെ.എം.എസ്.സി. എല്‍ വഴി സംസ്ഥാനത്താകെ ലഭ്യമാക്കുന്നുണ്ട്.
അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. പാര്‍വതി, ഡോ. മുരളീധരന്‍, എന്‍പിസിബി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. നീന റാണി, അഡീഷണല്‍ ഡി.എം.ഒ. ഡോ. ജോസ് ഡിക്രൂസ്, എന്‍.എച്ച്.എം. എച്ച്ആര്‍ മാനേജര്‍ കെ. സുരേഷ്, സ്റ്റേറ്റ് ഒഫ്ത്താല്‍മിക് കോ-ഓഡിനേറ്റര്‍ എം. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha