നടുവേദനയിൽ പിടിവിടാതെ ശിവശങ്കർ.. കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ഇതിനുള്ള പരിശോധനകളും ചികിത്സയും നടക്കുന്നുണ്ട്; സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി. സി.ജെ.എം കോടതി ഡിസംബർ 28നു പരിഗണിക്കാൻ മാറ്റി

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി. സി.ജെ.എം കോടതി ഡിസംബർ 28നു പരിഗണിക്കാൻ മാറ്റി. ഇതു രണ്ടാം തവണയാണ് ശിവശങ്കർ സാമ്പത്തിക കുറ്റ വിചാരണയുടെ ചുമതലയുള്ള കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. ആദ്യത്തേത് പിൻവലിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹർജി നൽകിയത്. കാൻസർ രോഗബാധ സംശയിക്കുന്നതിനാൽ ഇതിനുള്ള പരിശോധനകളും ചികിത്സയും നടക്കുന്നുണ്ടെന്നും കഠിനമായ നടുവേദനയുണ്ടെന്നും ഹർജിയിൽ പറയുന്നു. തനിക്കെതിരെ തെളിവുകൾ ഹാജരാക്കാൻ 100 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണം ഏറെക്കുറേ പൂർത്തിയായ സാഹചര്യത്തിൽ കസ്റ്റഡിയിൽ കഴിയേണ്ടതില്ലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുടെ 1.85 കോടി രൂപ കണ്ടുകെട്ടാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ലൈഫ് ഭവന പദ്ധതിയിൽ കമ്മിഷനായി യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ ശിവശങ്കറിന് നൽകിയ ഒരു കോടി രൂപയാണ് സ്വപ്‌ന ലോക്കറിൽ സൂക്ഷിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇൗയിനത്തിൽ മറ്റ് മൂന്നു പ്രതികൾ ബാങ്കിൽ സ്ഥിര നിക്ഷേപമാക്കിയതാണ് 85 ലക്ഷം രൂപ.
സന്ദീപ് പത്തു ലക്ഷം, സരിത്ത് 12 ലക്ഷം, സ്വപ്‌ന 63 ലക്ഷം എന്നിങ്ങനെയാണ് തുകകൾ. ഇതു കണ്ടുകെട്ടാനാണ് ഉത്തരവ്. കണ്ടുകെട്ടാൻ തീരുമാനിച്ചിട്ടില്ല.പണം പിടിച്ചെടുത്തത് ദേശീയ അന്വേഷണ ഏജൻസിയാണ്. ബാങ്കിലെ സ്ഥിരം നിക്ഷേപം മരിവിപ്പിച്ചിട്ടുണ്ട്. ലോക്കറിലെ പണം എൻ.ഐ.എ കോടതിയുടെ കസ്‌റ്റഡിയിലാണ്. അതിനാൽ പ്രിവൻഷൻ ഒഫ് മണി ലെൻഡിംഗ് ആക്‌ട് പ്രകാരം പണം കണ്ടുകെട്ടുന്നതായി എൻ.ഐ.എ കോടതിയെയും ഇ.ഡി. അറിയിച്ചു.
ഈ ആക്‌ട് പ്രകാരം പ്രഥമ പരിഗണന ഇ.ഡിക്കാണ്.പുലർച്ചെയോടെ ഇ.ഡി ഡയറക്‌ടർ സഞ്ജയ്‌കുമാർ മിശ്രയുടെ അനുമതി ലഭിച്ചാൽ ശിവശങ്കറിനെതരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഇതോടെ സ്വാഭാവികജാമ്യം ഇല്ലാതാകും. കേസിൽ നേരത്തെ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകൾ ഇ.ഡിയുടെ അന്തിമ പരിശോധനയിലാണ്. രവീന്ദ്രനെ മൂന്ന് തവണ ചോദ്യം ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha