തമിഴ്‌നാട്ടിലേക്ക് പോകുന്ന മലയാളികള്‍ ജാഗ്രത; മലയാളി വിനോദസഞ്ചാരികളില്‍ നിന്നും പണം തട്ടുന്നു; പാസുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പിഴ ചുമത്തി തമിഴ്‌നാട് പോലീസ്; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ സംഘവും സജീവം; നടപടിയെടുക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടിലേക്ക് വിനോദസഞ്ചാരത്തിനായി പോരുന്ന മലയാളികള്‍ ജാഗ്രത. കഴിയുമെങ്കില്‍ യാത്ര തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത്. തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലയാളികളില്‍ നിന്ന് വ്യാപകമായി പണം തട്ടി തമിഴ്‌നാട് പോലീസ്. പാസുമായി എത്തിയാലും ഇല്ലാത്ത നിയന്ത്രണങ്ങളുടെ പേരില്‍ ആയിരകണക്കിന് രൂപയാണ് പിഴ ചുമത്തുന്നത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി പണവും സാധനങ്ങളും തട്ടുന്ന സംഘവും സജ്ജീവമാണ്. മലയാളി കൂട്ടായ്മകള്‍ തമിഴ്‌നാട് സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ അടച്ച പൂട്ടിയ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഊട്ടി, കൊടൈക്കനാല്‍, ഗൂഡല്ലൂര്‍, രാമേശ്വരം ഉള്‍പ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ-പാസ് മാത്രമാണ് വേണ്ടത്. ടൂറിസത്തിനായി വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഇല്ല.
പാസുമായി കൊടൈക്കനാലിലെത്തിയപ്പോള്‍ പ്രവേശന കവാടത്തിലെ സ്ഥിതി പഴയതുപോലെയല്ല. കേരളാ രജിസ്‌ട്രേഷനിലുള്ള വണ്ടി കണ്ടാല്‍ പോലീസ് പിടിച്ചിടും. സകല രേഖകളും പരിശോധിക്കും. കൃത്യമായ രേഖകളും പാസ്സും കാണിച്ചാലും അനുമതി നല്‍കില്ല. ഇരുപത് ദിവസം ക്വാറന്റീന്‍ ഉള്‍പ്പടെ നിര്‍ബന്ധമെന്ന് പറയും. ഒരാള്‍ക്ക് രണ്ടായിരം രൂപ പിഴ ആവശ്യപ്പെടും. പാസ് ഇല്ലെങ്കില്‍ അയ്യായിരം മുതലാണ് പിഴ.
ആധികാരിത ചോദിച്ചാല്‍ പോലീസിന്റെ സ്വരം മാറും. മടിച്ചുനില്‍ക്കുന്നത് കണ്ടാല്‍ പോലീസ് പോസ്റ്റിലേക്ക് വിളിപ്പിക്കും. പിഴ ആയിരം രൂപ കൈക്കൂലിയായി ചുരുക്കും. പണം നല്‍കി ചുരം കയറി മുകളില്‍ എത്തിയാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജനേയാണ് ഭീഷണി. തിരിച്ചറിയില്‍ രേഖ പോലും ഇല്ലാതെ പിടിച്ചുപറി. മലയാളി ഹോട്ടലുടമകള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെയും തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതോടെ തമിഴ്‌നാട്ടിലേക്ക് പോകാന്‍ മലയാളി വിനോദസഞ്ചാരികള്‍ മടിക്കുകയാണ്.
https://www.facebook.com/Malayalivartha