ദുബായ്, കൊളംബോ, സലാല, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങള്‍ക്ക് പകരം വിഴിഞ്ഞം; തലസ്ഥാനം അഭിമാനനേട്ടത്തിന്റെ നെറുകയില്‍; വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ചിംഗ് ഹബ്; ഇതുവരെ 100 കപ്പലുകള്‍, ഒരു കോടി രൂപ വരുമാനം

തലസ്ഥാനത്തെ വികസനത്തിന്റെ മുഖമാകുകയാണ് വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ചിംഗ് ആന്‍ഡ് ആങ്കറിങ് ഹബ്ബായി മാറിയതോടെയാണ് തലസ്ഥാനം അഭിമാനനേട്ടത്തിന്റെ നെറുകയിലെത്തിയത്. കഴിഞ്ഞ ജൂലായ് 15ന് ഈജിപ്തില്‍ നിന്നുള്ള എവര്‍ഗ്ലോബ് (എവര്‍ഗ്രീന്‍) എന്ന കണ്ടെയ്നറാണ് ആദ്യമായി ക്രൂചെയ്ഞ്ചിംഗിനെത്തിയ വിഴിഞ്ഞത്ത് ഇന്നലെ സിംഗപ്പൂരില്‍ നിന്നും യു.എ.ഇയിലെ ഫുജേറയിലേക്ക് പോയ എസ്.ടി.ഐ ലോട്ടസ് എന്ന നൂറാമത്തെ കപ്പലുമെത്തി.
കോവിഡ് പ്രതിസന്ധിക്കിടെ പുതിയ അവസരങ്ങളാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. വിഴിഞ്ഞം തീരം ക്രൂ ചെയ്ഞ്ചിംഗ് അന്താരാഷ്ട്ര ഹബ്ബായി മാറിയതോടെ കൂടുതല്‍ ഏജന്‍സികള്‍ ഇവിടേക്കു കരാറുമായി എത്തിത്തുടങ്ങി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ബര്‍ത്തില്‍ തന്നെയെത്തി ക്രൂ ചെയ്ഞ്ചിംഗ് ഉള്‍പ്പെടെ നടത്താന്‍ കഴിയുമെന്നതും വിഴിഞ്ഞത്തിന്റെ വികസന സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ വിഴിഞ്ഞത്തെത്തും.
ദുബായ്, കൊളംബോ, സലാല, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങള്‍ക്ക് പകരം വിഴിഞ്ഞം വഴി ട്രാന്‍സ്ഷിപ്മെന്റ് നടത്തുമ്പോള്‍ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. ഒരു കപ്പല്‍ എത്ര ദിവസമാണോ തീരക്കടലില്‍ തങ്ങുക, അത്രയും വരുമാനം സംസ്ഥാനത്തിനുണ്ടാകും. ഒരു ദിവസം തന്നെ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കപ്പലുകള്‍ ഇത്തരത്തില്‍ ഫീസായി സര്‍ക്കാരിന് നല്‍കണം. ഇത്തരം സൗകര്യങ്ങള്‍ കൂടി തയ്യാറാകുന്നതോടെ വിഴിഞ്ഞത്ത് ചരക്ക് കപ്പലുകളുടെ വലിയ നിരതന്നെയത്തും. വരുമാന വര്‍ദ്ധനയ്‌ക്കൊപ്പം തൊഴില്‍ കച്ചവട സാദ്ധ്യതയും വര്‍ദ്ധിക്കും.
രാജ്യത്തെ വാണിജ്യമേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ക്രൂചെയ്ഞ്ചിംഗ് പദ്ധതിക്ക് കഴിഞ്ഞെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി പറഞ്ഞു. മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ചിംഗ് ആന്‍ഡ് ആങ്കറിങ് ടെര്‍മിനല്‍ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് തുറമുഖങ്ങള്‍ക്ക് കിട്ടാത്ത അവസരമാണ് വിഴിഞ്ഞത്തിന് ലഭിച്ചിട്ടുള്ളത്. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha