കലിതുള്ളി ഗവര്‍ണര്‍... പൗരത്വ ഭേദഗതിയ്‌ക്കെതിരെ ഗവര്‍ണറെ കൊണ്ട് നിയമസഭയില്‍ പറയിപ്പിച്ചതു പോലെ കാര്‍ഷിക നിയമത്തിനെതിരേയും പറയിപ്പിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍; ഭൂരിപക്ഷ സര്‍ക്കാരിന്റെ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി; ഡല്‍ഹിയിലെ സമരത്തിന് ഇവിടെ പരിഹാരമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണറും

കഴിഞ്ഞ വര്‍ഷത്തെ അതേ സാഹചര്യമാണ് ഇപ്പോഴും വന്നിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നിലകൊണ്ട സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഗവര്‍ണറെ കൊണ്ട് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ സഭയില്‍ സംസാരിപ്പിച്ചു. അതുപോലെയാണ് ഇത്തവണത്തെ കാര്‍ഷിക നിയമവും. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. എന്നാല്‍ വീണ്ടും 31 സഭ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല നയ പ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമത്തിനെതിരേയും പറയുന്നുണ്ട്. ഇത് ഗവര്‍ണര്‍ വായിക്കുമോയെന്ന് കണ്ടറിയാം.
ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയാണ് സാധാരണനിലയില്‍ ഗവര്‍ണര്‍മാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 23ന് നിയമസഭാ സമ്മേളനം ചേരാനുള്ള ശുപാര്‍ശ അടിയന്തര സാഹചര്യമില്ലെന്ന് കാട്ടി ഗവര്‍ണര്‍ നിരസിച്ച പശ്ചാത്തലത്തില്‍, 31ന് അതേ വിഷയത്തില്‍ അദ്ദേഹം അനുമതി നല്‍കുമോയെന്ന കാര്യമാണ് ഇനി അറിയാനുള്ളത്.
അതേസമയം ഗവര്‍ണര്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. സജീവ രാഷ്ട്രീയക്കാരനായ മുഖ്യമന്ത്രിയുടെ പ്രധാന കടമ സര്‍ക്കാരിനെ നയിക്കുകയെന്നതാണെങ്കില്‍ ഗവര്‍ണറെന്ന നിലയില്‍ തന്റെ കടമ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നാട്ടിലെ നിയമത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കലാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും രാജ്യത്തെ സേവിക്കുകയെന്നതാണ് നമ്മുടെയെല്ലാം അന്തിമലക്ഷ്യം. അടിയന്തരമായി സഭ ചേരാനുള്ള സാഹചര്യം താങ്കള്‍ക്ക് വിശദീകരിക്കാനാവാത്ത സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. ഭരണഘടനാപരമായ പ്രശ്‌നങ്ങളൊന്നും അതിലില്ല. മന്ത്രിസഭയുടെ ശുപാര്‍ശപ്രകാരം നിയമസഭ വിളിച്ചുചേര്‍ക്കണം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി താനാ ചുമതലയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല.
ഇപ്പോഴും ജനുവരി എട്ടിന് സഭ ചേരാനാവശ്യപ്പെട്ട് 18ന് നല്‍കിയ കത്തിന് 21ന് ഉച്ചയ്ക്ക് അനുമതിയും നല്‍കി. ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ സമ്മേളനം വിളിക്കാനാവശ്യപ്പെപ്പോള്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസെന്ന ചട്ടത്തില്‍ നിന്ന് വ്യതിചലനമുണ്ടായി. അപ്പോള്‍ അടിയന്തരസാഹചര്യമെന്തെന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത തനിക്കുണ്ട്. കര്‍ഷക സമൂഹത്തിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പൊതുതാല്പര്യമുള്ളതാണെന്നുമാണ് താങ്കളുടെ മറുപടി.
18നും 21നുമിടയ്ക്ക് താന്‍ കാണാത്ത എന്തെങ്കിലും അടിയന്തര സംഭവമുണ്ടായെങ്കില്‍ അതില്‍ സര്‍ക്കാരെന്ത് നടപടിയെടുത്തുവെന്ന് കൂടി തനിക്കറിയണം. അതിന്റെ കാരണങ്ങള്‍ ചോദിച്ചപ്പോള്‍ ഡല്‍ഹിയിലെ സമരത്തിന്റെ കാരണം പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതല്ല. ഇവിടെ പരിഹാരം നല്‍കാനുമില്ല. അടിയന്തര സാഹചര്യം ഉടലെടുക്കാനുള്ള കാരണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളെ താങ്കള്‍ അവഗണിച്ചു. ഇതിലൊന്നും താന്‍ ഭരണഘടനാപ്രശ്‌നം ഉയര്‍ത്തിയിരുന്നില്ല. താനെന്നും ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം മന്ത്രിസഭയെടുക്കുന്ന തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കാതിരിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് ചര്‍ച്ച ചെയ്യണമെന്നത് നിയമസഭയുടെ അവകാശത്തില്‍പ്പെട്ടതാണ്. എന്തിനാണ് സമ്മേളനം വിളിക്കുന്നതെന്നൊന്നും ചോദിക്കേണ്ടതില്ല. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി ഉത്തരം നല്‍കിയില്ല. ഗവര്‍ണറില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമനുസരിച്ചാണല്ലോ പ്രവര്‍ത്തിക്കുക. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റേതായ ധര്‍മ്മം നിര്‍വഹിക്കുന്നുവെന്നാണല്ലോ. അതിനനുസരിച്ചാവാം തീരുമാനമെടുക്കുന്നത്. കര്‍ഷകസമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടയാണ് ഗവര്‍ണറുടെ തീരുമാനത്തിന് പ്രസക്തിയേറുന്നത്.
https://www.facebook.com/Malayalivartha