നാല്‍പ്പത്തിയൊന്ന് ദിവസത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് നാളെ മണ്ഡലപൂജ.... തങ്ക അങ്കി ഘോഷയാത്ര ഇന്ന് പമ്പയില്‍ എത്തിച്ചേരും

നാല്‍പ്പത്തിയൊന്ന് ദിവസത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനംകുറിച്ച് നാളെ മണ്ഡലപൂജ.... തങ്ക അങ്കി ഘോഷയാത്ര ഇന്ന് പമ്പയില്‍ എത്തിച്ചേരുംഉച്ചയ്ക്ക് 11.40നും 12.20നും മദ്ധ്യേയുള്ള മീനംരാശി മുഹൂര്‍ത്തത്തിലാണ് ഈ സവിശേഷ പൂജ. അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി അണിയിച്ച് തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മണ്ഡലപൂജയും ഉച്ചപൂജയും ഒന്നിച്ചുനടത്തും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രി 9ന് നട അടയ്ക്കും.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് 22ന് പുറപ്പെട്ട ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. തുടര്‍ന്ന് പമ്പാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വയ്ക്കും. മൂന്നുമണിയോടെ പ്രത്യേക പേടകത്തിലേക്ക് മാറ്റും. അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാര്‍ പേടകം ശിരസിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം വഴി ശരംകുത്തിയിലെത്തും. അവിടെ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാം പടികയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, മെമ്പര്‍ അഡ്വ.കെ. എസ്. രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്. നമ്ബൂതിരി എന്നിവര്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധന നടത്തും.ഘോഷയാത്ര കടന്നുപോകുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് തുറക്കും. അന്ന് ഭക്തര്‍ക്ക് പ്രവേശനമില്ല. ജനുവരി 14നാണ് മകരവിളക്ക്. 19 വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 20ന് രാവിലെ ഏഴിന് നട അടയ്ക്കും.
" f
https://www.facebook.com/Malayalivartha