എല്ലാം ഒരു സിനിമാകഥപോലെ... വലിയ ഭൂസ്വത്തിന്റെ ഉടമയായ ശാഖയെ വിവാഹം കഴിച്ചത് അത് നോട്ടമിട്ട് തന്നെ; വിവാഹ ഫോട്ടോ പുറത്തായത് അരുണിനെ പ്രകോപിപ്പിച്ചു; വിവാഹ സല്‍ക്കാരത്തിനിടെ ഇറങ്ങിപ്പോയി; നേരത്തേയും കൊല്ലാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശി 51കാരി ശാഖാകുമാരിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ മുമ്പും ഭര്‍ത്താവ് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. വലിയ ഭൂസ്വത്ത് കണ്ട് കെട്ടിയ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി 29കാരന്‍ അരുണ്‍ വിവാഹ ദിവസം പോലും ഭാര്യയെ സ്‌നേഹിച്ചിരുന്നില്ലെന്നാണ് പുറത്താകുന്ന വിവരങ്ങള്‍.
ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്പ് മാത്രമാണ് അരുണ്‍ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ മൊഴി നല്‍കി.
ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താന്‍ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്‌സായ രേഷ്മ വെളിപ്പെടുത്തി. വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നും രേഷ്മ പറയുന്നു. കൂട്ടുകാരില്‍ നിന്നടക്കം അരുണിനു അപമാനമേല്‍ക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവര്‍ വഴക്കിട്ടതായും രേഷ്മ മൊഴി നല്‍കി.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അരുണ്‍ തയാറാകാതിരുന്നത് ശാഖയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുണ്‍ വഴങ്ങിയില്ലെന്നും രേഷ്മ പറയുന്നു. വിവാഹമോചനത്തിന് അരുണ്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുത മീറ്ററില്‍ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ബോധപൂര്‍വം ശാഖയെ പലതവണ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു.
വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാന്‍ അരുണ്‍ തീരുമാനിച്ചതെന്നു കാര്യസ്ഥന്‍ വിജയകുമാറും മൊഴി നല്‍കിയിരുന്നു. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നതെന്നും വിജയകുമാര്‍ മൊഴി നല്‍കി. ക്രിസ്മസ് വിളക്കുകള്‍ തൂക്കാന്‍ കണക്ഷന്‍ എടുത്തിരുന്ന വയറില്‍നിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്.
ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകള്‍ കണ്ടെന്നും അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കി. ശാഖയുടെ പേരിലുള്ള നിരവധിയായ സ്വത്തുവകകള്‍ മോഹിച്ചാണ് അരുണ്‍ ഈ വിവാഹത്തിനു തയാറായതെന്നു ശാഖാകുമാരിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.
പുലര്‍ച്ചെയാണ് ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല. പുലര്‍ച്ചെ വീട്ടില്‍വച്ച് ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്. എന്നാല്‍ അരുണിന്റെ മറുപടിയിലും പെരുമാറ്റത്തിലും ഡോക്ടര്‍മാര്‍ ചില സംശയം ഉന്നയിച്ചതോടെയാണ് അരുണിനു കുരുക്ക് വീണത്. കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തതോടെ ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുണ്‍ പൊലീസിനോട് ഏറ്റുപറയുകയും ചെയ്തു.
ശാഖയും അരുണും തമ്മില്‍ വഴക്ക് പതിവായിരുന്നത്രെ. വിവാഹ സല്‍ക്കാരത്തിനിടെ അരുണ്‍ ഇറങ്ങിപ്പോയി കാറില്‍ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. പരേതനായ അധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.
അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുന്‍കയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്. അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു ചില സംശയങ്ങളുണ്ടായിരുന്നു. ആ സംശയമാണ് അരുണിനെ കുടുക്കിയത്.
"
https://www.facebook.com/Malayalivartha