ഇടനെഞ്ച് പൊട്ടുന്നു... കെവിന്റെ കൊലപാതകത്തിന് ശേഷം കേരളക്കരയെ നടുക്കിയ അനീഷ് കൊലപാതകത്തിന്റെ ചുരുളഴിയുന്നു; നിന്റെ താലിക്ക് 90 ദിവസം ആയുസെന്ന് മകളോട് പിതാവ് വെല്ലുവിളി നടത്തുമ്പോള്‍ അത് ഇത്രയും പ്രതീക്ഷിച്ചില്ല; എന്നാല്‍ കാത്തിരുന്ന് അത് നടപ്പിലാക്കിയപ്പോള്‍ നാട് നടുങ്ങിപ്പോയി

കേരളത്തെ ഏറെ വേദനിപ്പിച്ചതാണ് കെവിന്റെ കൊലപാതകം. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്നു കോടതി വിശേഷിപ്പിച്ച കെവിന്‍ വധം 2018 ലായിരുന്നു. കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫ് കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം തട്ടിക്കൊണ്ടുപോയി പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. നീനുവിന്റെ പിതാവ് ചാക്കോയെ വിട്ടയച്ചെങ്കിലും സഹോദരന്‍ സാനു അടക്കം 10 പ്രതികള്‍ക്കു സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. അപ്പീലില്‍ ഹൈക്കോടതിയില്‍ വാദം നടക്കുന്നു.
അതിന് സമാനമായ ദുരഭിമാന കൊലയാണ് പാലക്കാട്ടും നടന്നത്. നിന്റെ താലിക്ക് വെറും 90 ദിവസത്തെ ആയുസെന്ന് പിതാവ് വെല്ലുവിളി നടത്തുമ്പോള്‍ അതാരും വിശ്വസിച്ചില്ല. എന്നാല്‍ അത് വലിയ പകയായി മാറിയപ്പോള്‍ അത് നടപ്പിലാക്കുകയായിരുന്നു. അനീഷിന്റെ അച്ഛനാണ് കണ്ണീരോടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നിന്റെ താലിക്ക് വെറും 90 ദിവസത്തെ ആയുസ്. മകളുടെ മുഖത്ത് നോക്കി അവളുടെ അച്ഛന്‍ പറഞ്ഞ വാക്കാണ്. അതും പൊലീസ് സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയിട്ട്. എസ്‌ഐ സാറിന്റെ മുന്നില്‍ വച്ച് അവള്‍ക്ക് അവനൊപ്പം ജീവിക്കാനാണ് ഇഷ്ടമെങ്കില്‍ അങ്ങനെയാവട്ടെ എന്ന് സമ്മതിച്ചിട്ടാണ് പുറത്തിറങ്ങി ഇങ്ങനെ പറഞ്ഞത്. ഞങ്ങള്‍ പാവങ്ങളാണ്, അവരോട് മല്‍സരിക്കാന്‍ പണമില്ല, പദവിയില്ല. ജാതി പ്രശ്‌നമായിരുന്നു അവര്‍ക്ക്... എന്നാണ് അനീഷിന്റെ പിതാവ് കണ്ണീരോടെ പറയുന്നത്.
വിവാഹത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കുഴല്‍മന്ദം തേങ്കുറുശി മാനാംകുളമ്പ് സ്‌കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകന്‍ അനീഷ് (അപ്പു 27) ആണ് വെട്ടേറ്റു മരിച്ചത്. ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാര്‍ (43), അമ്മാവന്‍ സുരേഷ്‌കുമാര്‍ (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിനു തലേന്നായിരുന്നു സംഭവം. താലിക്കു 90 ദിവസത്തിലേറെ ആയുസില്ലെന്നു മകളെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തിയിരുന്നു. പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് അനീഷിന്റെ കുടുംബം ആരേ!ാപിച്ചു. പ്രണയവിവാഹം മൂന്നാം മാസത്തിലേക്ക് എത്തുന്നതിന്റെ തലേന്നാണ് ഹരിതയ്ക്ക് ഭര്‍ത്താവ് അനീഷിനെ നഷ്ടമായത്.
വ്യത്യസ്ത ജാതികളില്‍പ്പെട്ട അനീഷും ഹരിതയും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു. സാമ്പത്തിക അന്തരവും പ്രതികളുടെ വൈരാഗ്യത്തിനു കാരണമായെന്നു പോലീസ് പറയുന്നു. അനീഷ് പെയിന്റിങ് തൊഴിലാളിയും ഹരിത രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയുമാണ്. വീട്ടുകാര്‍ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്.
മകളെ തട്ടിക്കൊണ്ടുപോയെന്ന പ്രഭുകുമാറിന്റെ പരാതിയില്‍ പോലീസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇനി പരാതിയില്ലെന്നാണു പ്രഭുകുമാര്‍ അന്നു പറഞ്ഞതെന്നു പോലീസ് അറിയിച്ചു. എന്നാല്‍ പിന്നീടും അനീഷിനെ ഭീഷണിപ്പെടുത്തിയതായി അച്ഛന്‍ അറുമുഖന്‍ പറഞ്ഞു. ഡിസംബര്‍ 8 നു മദ്യപിച്ചെത്തിയ സുരേഷ്‌കുമാര്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായി ഹരിത പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരന്‍ അരുണിനൊപ്പം കടയില്‍പ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്‌കുമാറും ഇരുമ്പുദണ്ഡുകൊണ്ടു തലയിലടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി.
ഭീഷണിപ്പെടുത്തിയിരുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് അനീഷിന്റെ ഭാര്യയായ ഹരിത പറഞ്ഞത്. കൊല ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ കിട്ടണം. അതിനു വേണ്ടിയാണ് ഇനിയെന്റെ ജീവിതമെന്നും നിലവിളിച്ചുകൊണ്ട് ഹരിത പറഞ്ഞു.
"
https://www.facebook.com/Malayalivartha