51 കാരിയുടെ കൊലപാതകം ആസൂത്രിതം... ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ഷോക്കടിപ്പിച്ചുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാരക്കോണം സ്വദേശിനി 51 കാരി ശാഖാകുമാരിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പൊലീസിന്റെ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ ഭര്‍ത്താവ് അരുണ്‍ കുറ്റം സമ്മതിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ കൊലപാതകം നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും കണ്ടെത്തിയിരുന്നു.
ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുണ്‍ ആദ്യം പറഞ്ഞത്. ക്രിസ്മസ് വിളക്കുകള്‍ തൂക്കാനെടുത്ത കണക്ഷന്‍ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലര്‍ച്ചെ ശാഖ ഇതില്‍ സ്പര്‍ശിച്ചപ്പോള്‍ ഷോക്കേറ്റെന്നുമായിരുന്നു അരുണ്‍ പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങുകയായിരുന്നു.
രണ്ടുമാസം മുന്‍പ് മതാചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നി. സ്വത്ത് മോഹിച്ചാണ് ശാഖയെ വിവാഹം കഴിച്ചതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് കൂടൂതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha