ക്രൂരതയുടെ ചുരുളഴിയുന്നു... കാരക്കോണത്തെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; ഷോക്കേല്‍പ്പിച്ച് കൊന്നത് ബോധപൂര്‍വം; അരുണിന്റെ ഇടിയേറ്റു താഴെ വീണ ശാഖയെ ബോധം കെടുത്തി ഹാളിലെത്തിച്ച് കൊലപാതകം; നിര്‍ണായകമായ പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ കൊലപാതക ചുരുള്‍ അഴിച്ച് പോലീസ്

വലിയ പ്രായ വ്യത്യാസമുള്ളവര്‍ തമ്മില്‍ കല്യാണം കഴിക്കുക. കല്യാണത്തിന് ശേഷം സ്വത്ത് മാത്രം മോഹിച്ച് പ്രായക്കൂടുതലുള്ള ഭാര്യയെ തള്ളിക്കളയുക. ഇതായിരുന്നു തിരുവനന്തപുരം കാരക്കോണത്ത് നടന്ന കൊലപാതകത്തിന്റെ കാതല്‍. കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍വീട്ടില്‍ 51 കാരിയായ ശാഖയെ 28 കാരനായ ഭര്‍ത്താവ് അരുണ്‍ ശ്വാസം മുട്ടിച്ചു ബോധരഹിതയാക്കിയ ശേഷം ഷോക്കേല്‍പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. നെയ്യാറ്റിന്‍കര പത്താംകല്ല് സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അരുണ്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നു കോടതിയില്‍ ഹാജരാക്കും.
വൈദ്യുതാഘാതമേറ്റാണു ശാഖയുടെ മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് അറിയിച്ചു.
പോലീസ് പറയുന്നത് ഇങ്ങനെയാണ് രാത്രി 12.30 നാണ് വഴക്കു തുടങ്ങിയത്. അരുണിന്റെ ഇടിയേറ്റു കട്ടിലില്‍ നിന്നു താഴെ വീണ ശാഖയുടെ മൂക്കു മുറിഞ്ഞു രക്തം ഒഴുകി. ഉടന്‍ തന്നെ അരുണ്‍ മുഖം അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു. ബോധരഹിതയായ ശാഖയെ വലിച്ചിഴച്ചു ഹാളിലെത്തിച്ചു. മെയിന്‍ സ്വിച്ചില്‍ നിന്നു വീടിനു വെളിയിലൂടെ ഇവിടേക്കു വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണം നേരത്തേ ഒരുക്കിയിരുന്നു. ഇലക്ട്രിക് വയര്‍ ശരീരത്തില്‍ ഘടിപ്പിച്ചു വൈദ്യുതി കടത്തിവിട്ടാണു കൊലപ്പെടുത്തിയത്. മുഖത്തും കയ്യിലും തലയിലും ഷോക്കേല്‍പിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അരുണ്‍ കിടന്നുറങ്ങിയെന്നും പൊലീസ് അറിയിച്ചു.
ശാഖ ഷോക്കേറ്റു മരിച്ചതായി പിറ്റേന്നു രാവിലെ 6 ന് അയല്‍വീട്ടിലെത്തി അരുണ്‍ അറിയിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ ശാഖ പരേതനായ ആല്‍ബര്‍ട്ടിന്റെയും ഫിലോമിനയുടെയും മകളാണ്. ഒന്നര വര്‍ഷം മുന്‍പാണ് അരുണിനെ പരിചയപ്പെട്ടത്. ഒക്ടോബര്‍ 19 നായിരുന്നു വിവാഹം. മൃതദേഹം സംസ്‌കരിച്ചു.
കിടപ്പുമുറിയിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ശാഖാകുമാരിയെ ഷോക്കേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ക്രിസ്മസ് വിളക്കില്‍നിന്ന് ഷോക്കേറ്റെന്നാണു ഭര്‍ത്താവ് അരുണ്‍ വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ശാഖ രണ്ടു വര്‍ഷം മുന്‍പാണ് അരുണുമായി പരിചയത്തിലാകുന്നത്. രണ്ടു മാസം മുന്‍പായിരുന്നു വിവാഹം. പ്രായക്കൂടുതലുള്ള ശാഖയുമായുള്ള വിവാഹ ഫോട്ടോകള്‍ പുറത്തുവന്നത് അരുണിനെ പ്രകോപിപ്പിച്ചിരുന്നു.
വിവാഹത്തിന്റെ കാര്യം അരുണിന്റെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. വിവാഹചടങ്ങില്‍ അധികം ആളുകള്‍ അരുണിന്റെ ഭാഗത്ത് ഉണ്ടായിരുന്നില്ല. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതും സ്വത്തിനു വേണ്ടിയുള്ള തര്‍ക്കവുമെല്ലാം ബന്ധം വഷളാക്കി. ഭര്‍ത്താവിന്റെ സ്വഭാവം നന്നാവാന്‍ ശാഖ എടുത്ത വ്രതം അവസാനിക്കുന്ന ദിവസമായിരുന്നു കൊലപാതകം.
ക്രിസ്മസ് ലൈറ്റുകള്‍ക്കെന്ന പേരിലാണ് മീറ്റര്‍ ബോര്‍ഡില്‍നിന്ന് അരുണ്‍ നേരിട്ട് വൈദ്യുതി എടുത്തത്. കൂടുതല്‍ ഷോക്കേല്‍ക്കാനാണ് മീറ്റര്‍ ബോര്‍ഡില്‍നിന്ന് വൈദ്യുതി എടുത്തതെന്നു ശാഖയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ ഒരുവട്ടം അരുണ്‍ ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചത് അയല്‍ക്കാര്‍ക്ക് അറിയാമായിരുന്നു. അതിനാലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. എന്തായാലും അതിവേഗം അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്.
"
https://www.facebook.com/Malayalivartha