പാലക്കാട് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു.... കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും സംഭവസമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെടുത്തു

പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും സംഭവസമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ ഇലമന്ദം ചെറുതപ്പുല്ലൂര്‍ക്കാട് വീട്ടില്‍ പ്രഭുകുമാര്‍ (43), അമ്മാവന്‍ സുരേഷ് (45) എന്നിവരെ സ്ഥലത്ത് എത്തിച്ചാണു തെളിവെടുത്തത്.
സഹോദരന്‍ അരുണ്‍കുമാറിനൊപ്പം മാനാംകുളമ്പ് സ്‌കൂളിനടുത്ത് ജങ്ഷനിലെ കടയിലേക്ക് പോയപ്പോഴാണ് അനീഷ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാവിലെ 10.15 ന് പ്രതികളുമായി ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് സംഘം കൊലപാതകം നടന്ന മാനാംകുളമ്പിലാണ് ആദ്യം എത്തിയത്. പിന്നീട് ഒന്നാംപ്രതി സുരേഷിന്റെ ചെറുതപ്പുല്ലൂരിലെ വീട്ടിലെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും സുരേഷ് സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും ചെരുപ്പും ഇവിടെനിന്ന് കണ്ടെടുത്തു.
മുണ്ടും ഷര്‍ട്ടും ചെരുപ്പും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. സമീപത്തുള്ള രണ്ടാംപ്രതി പ്രഭുകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനീഷിനെ മര്‍ദിക്കാനുപയോഗിച്ച കമ്പിയും വസ്ത്രങ്ങളും കാര്‍ഷെഡില്‍നിന്ന് കണ്ടെത്തി.
ആക്രമണത്തിന് ഉപയോഗിച്ച ഒരു കമ്പി കനാലില്‍ വലിച്ചെറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കിണാശേരിയിലേക്ക് പോകുന്ന വഴിയിലെ കനാലില്‍ പരിശോധിച്ചു. കനാല്‍ വരമ്പില്‍നിന്നു വൈകിട്ടോടെ അതും കണ്ടെടുത്തു. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
"
https://www.facebook.com/Malayalivartha