ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... രോഗാതുരനായി ശയ്യാവലംബിയായി മാറിയ സിപിഎമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് പാര്‍ട്ടിയുടെ നവവത്സര സമ്മാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍; ആ സമ്മാനം ഇത്രയും വിശിഷ്ടമാകുമെന്ന് വി.എസ്. പോലും ഓര്‍ത്തിട്ടുണ്ടാവില്ല

ഒരു വനിതാ നേതാവിനെ പീഡിപ്പിച്ചതായി ആരോപണം ഉയര്‍ന്ന പി.കെ. ശശി എം എല്‍ എയെ പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് പാര്‍ട്ടി വി എസിന് പാര്‍ട്ടി നവവത്സര സമ്മാനം നല്‍കിയത്. പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന പരാതി കിട്ടിയപ്പോള്‍ അത് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് അയച്ചുകൊടുത്തത് വി എസ് അച്യുതാനന്ദനാണ്. വി എസുമായി അടുപ്പം പുലര്‍ത്തുന്ന സീതാറാം യച്ചൂരിയാണ് ശശിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിണറായി പക്ഷത്തെ പ്രമുഖനായിരുന്ന ശശിയെ രക്ഷിക്കാന്‍ ഔദ്യോഗിക പക്ഷം കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വി എസ് വീണു പോയ ശേഷമാണ് ശശിയെ പാര്‍ട്ടി തിരിച്ചെടുത്തത്.
ഇനി അദ്ദേഹത്തെ സി പി എം സംസ്ഥാന കമ്മിറ്റിയിലും ഉള്‍പ്പെടുത്തും. ഇതിന്റെ ആദ്യപടിയായാണ് ജില്ലാ സെക്രട്ടേറിയറിലേക്ക് തിരിച്ചെടുക്കാന്‍! തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് തീരുമാനമെടുത്തത്. പി.കെ ശശിയെ തിരിച്ചെടുക്കുന്നതിന് സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു. പീഡന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ശശിയെ 2019 സെപ്റ്റംബറിലാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.
പരാതിക്കാരിയെയും വി.എസിനെയും ഭയന്നാണ് ശശിക്കെതിരെ അന്ന് പാര്‍ട്ടി നടപടി സ്വീകരിച്ചത്. ശശിയെ പാര്‍ട്ടിയില്‍ തരം താഴ്ത്താനായിരുന്നു ആദ്യ നീക്കം. ഒടുവില്‍ പാര്‍ട്ടിക്ക് ശശി വിനയാകുമെന്ന് കണ്ടപ്പോഴാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.
ശശിക്കെതിരെ നടപടിയെടുക്കാന്‍ ആദ്യം മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒരു കമ്മിറ്റിയുണ്ടാക്കി. പ്രസ്തുത കമ്മിറ്റി പോലും ശശിക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്തില്ല. ലൈംഗികാതിക്രമം എന്ന വാക്ക് പോലും ബാലന്‍ കമ്മിറ്റി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല .ശശിക്കെതിരെ നാമമാത്രമായ നടപടി മതിയെന്നായിരുന്നു ബാലന്റെ ശുപാര്‍ശ. ശശിക്കെതിരെ നിന്നവര്‍ക്ക് നേരേ കടുത്ത നടപടി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് പിന്നീട് വേണ്ടെന്ന് വച്ചു. അത് പാര്‍ട്ടിയിലെ വിമത നേതാക്കളില്‍ നിന്നും കൂടുതല്‍ ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.
ഇതിനിടെ പരാതിക്കാരി ശശിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ശശിയും സി പി എമ്മും കുരുങ്ങുമായിരുന്നു. അങ്ങനെയാണ് പുറത്താക്കല്‍ ഉണ്ടായത്.
എന്നാല്‍ ആരും ഹൈക്കോടതിയെ സമീപിക്കാതിരിക്കാന്‍ ശശി മാനേജ് ചെയ്തു. കോടതിയെ സമീപിക്കുമെന്ന് വീമ്പിളക്കിയ കോണ്‍ഗ്രസും ബി ജെ പിയും പിന്നീട് ആ വഴി തിരിഞ്ഞുനോക്കിയില്ല.
എം. ചന്ദ്രനും വി എസ് അച്യൂതാനന്ദനുമാണ് ശശിക്കെതിരായ നടപടിയില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയത്. പരാതിക്ക് പിന്നില്‍ പാര്‍ട്ടി ഗ്രൂപാണെന്നാണ് ആദ്യം പുറത്തുവന്നത്. ശശി ഔദ്യോഗിക പക്ഷത്തിലെ പ്രധാന നേതാവാണ്. അച്ചുതാനന്ദന്റെ അണികളെ ജില്ലയില്‍ നിന്നും വെട്ടിമാറ്റിയ നേതാവാണ് ശശി. പി കെ ശശിക്കെതിരായ വനിതയുടെ പരാതി വി എസ് കേന്ദ്ര കമ്മിറ്റിക്ക് അയച്ചത് അങ്ങനെയാണ്.
ഫോണിലൂടെ വനിതാ നേതാവിനോട് മോശമായി സംസാരിച്ചു എന്ന ആരോപണമാണ് പാര്‍ട്ടി ശശിക്കെതിരായി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പരാതിക്കാരിയുടെ ആരോപണം ഇതായിരുന്നില്ല. ശശി തന്നെ ലൈംഗികമായി ആക്രമിച്ചു എന്നായിരുന്നു പരാതി. കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കാന്‍ പരാതിക്കാരി തയ്യാറായത് ഇതു കൊണ്ടാണ്. ശശിക്കെതിരായ ഓഡിയോ തെളിവ് പരാതിക്കാരി ഹാജരാക്കിയിരുന്നു.
പി കെ ശശിയെ വെറുതെ വിടാനാണ് ആദ്യം സി പി എം തീരുമാനിച്ചത്. സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ തന്നെ പരാതിക്കാരിയെ സ്വാധീനിക്കാനും സംസാരിക്കാനും ശ്രമിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ചില ഉന്നത സ്ഥാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാണ് അച്ചടക്കമുള്ള വനിതാ സഖാവ് തന്റെ പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ പരാതിയില്‍ ഉറച്ചു നിന്നു. അതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടി വന്നത്.
ഏതായാലും സ്ത്രീപീഡകരെയെല്ലാം സിപിഎം തിരിച്ചെടുക്കും. കാരണം ചോദ്യം ചെയ്യാനുള്ള ആരോഗ്യം വി. എസിനില്ല.
https://www.facebook.com/Malayalivartha