മൂന്നാറില്‍ തണുപ്പ് മൈനസിലെത്തി... പുല്‍മേടുകളും മലനിരകളുമെല്ലാം മഞ്ഞുപുതച്ചു, തണുപ്പേറിയതോടെ മൂന്നാറിലെ സഞ്ചാരികളുടെ വരവും വര്‍ദ്ധിച്ചു

മൂന്നാറില്‍ തണുപ്പ് മൈനസിലെത്തി... പുല്‍മേടുകളും മലനിരകളുമെല്ലാം മഞ്ഞുപുതച്ചു, തണുപ്പേറിയതോടെ മൂന്നാറിലെ സഞ്ചാരികളുടെ വരവും വര്‍ദ്ധിച്ചു. വൈകിയെത്തിയ ശൈത്യം മൂന്നാറിനെ മഞ്ഞില്‍പുതപ്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ഇത്തവണ തണുപ്പ് മൈനസിലെത്തിയത്. സാധാരണ ഡിസംബര്‍ ആദ്യത്തോടെ മൂന്നാറില്‍ അതിശൈത്യം ആരംഭിക്കുമെങ്കിലും ഇക്കുറി ക്രിസ്മസ് കഴിയുന്നതുവരെ കാത്തിരുന്നു.
മൂന്നാര്‍ ഓള്‍ഡ് ദേവികുളത്ത് തണുപ്പ് മൈനസ് ഒരു ഡിഗ്രിയായിരുന്നു. തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയതോടെ ഇവിടത്തെ പുല്‍മേടുകളും മലനിരകളുമെല്ലാം മഞ്ഞുപുതച്ചു. കഴിഞ്ഞ ദിവസം ലക്ഷ്മി എസ്റ്റേറ്റിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും താപനില പൂജ്യത്തിലെത്തി. മാട്ടുപ്പെട്ടി, എല്ലപ്പെട്ടി, ചെണ്ടുവാര, ചിറ്റുവാര, കുണ്ടള, സെവന്‍മല, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്. തണുപ്പേറിയതോടെ മൂന്നാറിലെ സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മാട്ടുപ്പെട്ടി, എക്കോപോയിന്റ്, ടോപ്പ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ശൈത്യകാലത്ത് സാധാരണ ഗതിയില്‍ മൂന്നാറിലെ തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്താറുണ്ട്.
https://www.facebook.com/Malayalivartha