എം.ശിവശങ്കറിന് ഇന്ന് അതിനിർണ്ണായക ദിവസം; കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നു; തടസവാദം ഉന്നയിച്ച് കസ്റ്റംസ്

എം.ശിവശങ്കറിന് ഇന്ന് അതിനിർണ്ണായക ദിവസം. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുകയാണ്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കുന്നത് . എന്നാല്‍ ജാമ്യാപേക്ഷയില്‍ തടസ്സവാദവുമായി കസ്റ്റംസ് രംഗത്തെത്തിയിട്ടുണ്ട് . നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കുകയും അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിക്കാതെയാണ് പുതിയ ജാമ്യ ഹര്‍ജിയുമായെത്തിയിരിക്കുന്നത് എന്ന കാര്യമാണ് കസ്റ്റംസിന്റെ അഭിഭാഷകര്‍ ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ജാമ്യ ഹര്‍ജി നല്‍കുകയും അത് പിന്‍വലിക്കുകയും ചെയ്തത് വ്യക്തമാക്കാതെ പുതിയ ജാമ്യഹര്‍ജി നല്‍കുന്നതില്‍ പ്രതിയുടെ സ്വഭാവം വ്യക്തമാണെന്നാണ് കസ്റ്റംസ് ഉന്നയിക്കുന്ന തടസവാദം. ജാമ്യം നിഷേധിക്കണമെന്ന ആവശ്യമാണ് കസ്റ്റംസിന്റെ അഭിഭാഷകന്‍ മുന്നോട്ട് വെയ്ക്കുന്നത്.
സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന് വേറെയും കൂട്ടാളികളുണ്ടെന്ന സംശയം ബലപ്പെടുന്നു. എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇതുവരെ പുറത്ത് വരാത്ത ചില പേരുകള്‍ പരാമര്‍ശിക്കുന്നത്. റസിയുണ്ണിയെന്ന സ്ത്രീയുടെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇവരും ശിവശങ്കരനും തമ്മലുള്ള ഇടപാടുകള്‍ അവ്യക്തമാണ്.
രണ്ടു ദിവസം മുന്നേ ആയിരുന്നു എം.ശിവശങ്കറിനെതിരായ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ) പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത് . നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ ഇഡി പറയുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ നിന്ന് ശിവശങ്കര്‍ കോഴ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്. സ്വര്‍ണക്കടത്ത് സംഘവുമായി അറിഞ്ഞുകൊണ്ട് ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് ഇഡി പറയുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി എട്ട് ലക്ഷം രൂപ യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ ശിവശങ്കറിനുള്ള കമ്മീഷനായി കൈമാറുകയായിരുന്നു.
യൂണിടാക്കിനായി കരാര്‍ ഉറപ്പിച്ചു നല്‍കിയതിനുള്ള പ്രതിഫലമായിട്ടാണ് ഇത്ര വലിയ തുക കൈക്കൂലിയായി ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്‌നയേയും സരത്തിനേയും ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകള്‍ സ്വപ്‌നയ്ക്ക് ശിവശങ്കര്‍ ചോര്‍ത്തി നല്‍കി എന്നതാണ്. ചോര്‍ത്തി നല്‍കിയ കരാറുകള്‍ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അനുബന്ധ കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് 60 ദിവസമാകുന്ന സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിലേക്ക് പോകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വോള്യമായി സാക്ഷി മൊഴികള്‍ ഉള്‍പ്പെടെയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha