യുവതിയും മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബത്തെ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി

കഴക്കൂട്ടത്തെ സൈനിക് നഗറില്‍ സ്ത്രീയും മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബത്തെ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചശേഷം വീട് പൊളിച്ചതായി പരാതി. സുറുമിയെയും കുടുംബത്തെയുമാണ് സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് (പുറമ്‌ബോക്കില്‍) ഇറക്കിവിട്ടത്. ഇവരുടെ ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി നിര്‍മിച്ച വീടാണ് തകര്‍ത്തത്. ഡിസംബര്‍ 17നായിരുന്നു സംഭവം.
ഏഴുവര്‍ഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു കുടുംബം. ഇടക്കാലത്ത് വീടിന്റെ ശോച്യാവസ്ഥ കാരണം തൊട്ടടുത്ത വാടക വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും സാമ്ബത്തിക പ്രയാസം കാരണം തിരികെയെത്തി. ഈ സാഹചര്യത്തിലാണ് അയല്‍പക്കത്തെ സഹോദരങ്ങളായ രണ്ടുപേര്‍ ആയുധങ്ങളുമായെത്തി പുറത്താക്കുകയും വീട് നശിപ്പിക്കുകയും ചെയ്തതത്രെ. ഇതിന്റെ സി.സി.ടി.വി കാമറ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആക്രമണ വിവരമറിഞ്ഞെത്തിയ പൊലീസ് ദൃശ്യം പകര്‍ത്തി മടങ്ങിയതല്ലാതെ മറ്റ് നടപടികള്‍ സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു. യുവതിയും മൂന്ന് പെണ്‍മക്കളും താമസിക്കാന്‍ സൗകര്യമില്ലാതെ പ്രയാസത്തിലാണ്. സ്ഥലം പുറമ്‌ബോക്ക് ഭൂമിയാണെന്ന രേഖ കുടുംബത്തിന്റെ പക്കലുണ്ട്. പട്ടയം നല്‍കണമെന്ന് കാട്ടി താലൂക്കിലും വില്ലേജിലും അപേക്ഷ നല്‍കി കാത്തിരിക്കുമേ്ബാഴാണ് കുടിയൊഴിപ്പിച്ചത്. മറ്റൊരു വസ്തുവിലേക്ക് പോകാന്‍ വഴി ആവശ്യപ്പെട്ടാണത്രെ ആക്രമണം. ആക്രമണത്തിനിരയായ കുടുംബം പൊലീസിനും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും പരാതി നല്‍കി. അതേസമയം, യുവതിയെയും കുട്ടികളെയും ഭീഷണിപ്പെടുത്തി കുടില്‍ പൊളിച്ച സംഭവം ശ്രദ്ധയില്‍പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. 17ന് നടന്ന സംഭവത്തില്‍ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടിയിറക്കപ്പെട്ട കുടുംബത്തിന് വീട് വെച്ചുനല്‍കുമെന്ന് പ്രവാസി വ്യവസായി ആമ്ബലൂര്‍ എം.ഐ. ഷാനവാസ് അറിയിച്ചു. വീട് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെയുള്ള വാടകയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha