അടപടലം ഇളകുന്നു... ടോമിന്‍ ജെ തച്ചങ്കരി യൂണിയന്‍കാരെ നിലയ്ക്ക് നിര്‍ത്തി കെ.എസ്.ആര്‍.ടി.സി.യെ ശുദ്ധീകരിച്ച പോലെ ബിജു പ്രഭാകറും രംഗത്ത്; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിച്ചതു പോലെ ബിജു പ്രഭാകറിനെതിരേയും യൂണിയന്‍കാര്‍ തിരിഞ്ഞു; ഇഞ്ചികൃഷി ചെയ്യുന്നവരെ പുറത്താക്കുമെന്ന് പറഞ്ഞാല്‍ പുറത്താക്കും; 100 കോടി കാണാനില്ല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തെറിച്ചു

കെ.എസ്.ആര്‍.ടി.സി.യെ ശുദ്ധീകരിക്കാന്‍ എംഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി നടത്തിയ ശ്രമങ്ങള്‍ ഏറെ കൈയ്യടി നേടിയിരുന്നു. ജോലി ചെയ്യാതെ ചീഫ് ഓഫീസില്‍ അടകൂടിയിരുന്നവരെ ഡിപ്പോയിലയച്ച് ജോലി ചെയ്യിപ്പിച്ചു. നഷ്ടത്തിലായിരുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തില്‍ കൊണ്ടു വന്ന് കൈയ്യടി നേടി. അവസാനം യൂണിയന്‍കാര്‍ തിരിഞ്ഞതോടെ തച്ചങ്കരി തെറിച്ചു.
ഒരിടവേളയ്ക്ക് ശേഷം സാമൂഹ്യ നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറെയാണ് എംഡിയായി കൊണ്ടു വന്നത്. ബിജു പ്രഭാകറും കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറാണ് തലസ്ഥാനത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കിയത്. അതുപോലെ കെ.എസ്.ആര്‍.ടി.സിയെ ശുദ്ധീകരിക്കുകയാണ് ബിജു പ്രഭാകര്‍.
കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചിരിക്കുകയാണ് ചെയര്‍മാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകര്‍. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടില്‍ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതല്‍ ടിക്കറ്റ് മെഷീനില്‍ ജീവനക്കാരന്‍ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി.
സ്ഥാപനത്തിലെ പത്തു ശതമാനത്തോളം പേര്‍ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ തൊഴിലാളി സംഘടനകളും രംഗത്തു വന്നു. നേരത്തേ അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായിരിക്കുകയും നിലവില്‍ പെന്‍ഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗത്തിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സോണിലേക്ക് (എറണാകുളം) ഇന്നലെ സ്ഥലം മാറ്റി. അവിടെ ഓപ്പറേഷന്‍ ചുമതല നല്‍കിയിട്ടില്ല. ശ്രീകുമാറിനെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.
2012-15 കാലഘട്ടത്തില്‍ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ വായ്പയില്‍ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് ഭരണസമിതി അംഗമായ അഡി. സെക്രട്ടറി എസ്. അനില്‍കുമാര്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് 100 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്.
അതേസമയം വാര്‍ത്താസമ്മേളനത്തില്‍ തൊഴിലാളി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനകള്‍ക്കും എം.ഡിയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുണ്ട്.
കെ.എസ്.ആര്‍.ടി.സിയിലെ അമ്പലം വിഴുങ്ങികള്‍ ഇവരാണ്. വയനാട്ടില്‍ ടിക്കറ്റ് മെഷീനില്‍ കൃത്രിമത്വം കാട്ടി 45 ലക്ഷം രൂപ തട്ടിയെടുത്തു. ജീവനക്കാരനെ പുറത്താക്കി. വര്‍ക്ക്‌ഷോപ്പുകളില്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങുന്നതില്‍ വന്‍ അഴിമതി. പല ബസുകളിലും ഓഡോ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ട്രിപ്പ് ഷീറ്റില്‍ ദൂരം കൂട്ടിയെഴുതും. ഡീസല്‍ ചോര്‍ത്തിയെടുക്കാനാണിത്.
സിഫ്റ്റ് എന്ന കമ്പനി രൂപീകരിച്ചാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ലഭിക്കുകയുള്ളൂവെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രകമ്പനിയാണ് സിഫ്റ്റ്. ദീര്‍ഘദൂര ബസുകളുടെ നടത്തിപ്പിനാണ് ഈ സംവിധാനം.പത്തുവര്‍ഷത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ലയിപ്പിക്കും.
ബിജു പ്രഭാകര്‍ തുറന്നടിച്ചത് സര്‍ക്കാര്‍ സമ്മതത്തോടെയാണ്. ധനമന്ത്രി തോമസ് ഐസക്, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ശ്രമിച്ചുവരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തെ ആറാമത്തെ മാനേജിംഗ് ഡയക്ടറാണ് ബിജു പ്രഭാകര്‍. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. എന്ന നിലപാടിലാണ് ബിജു പ്രഭാകര്‍.
"
https://www.facebook.com/Malayalivartha