കണ്ണൂരിന്‍ താരകമല്ലോ... കണ്ണൂരില്‍ മൂന്ന് ജയരാജന്‍മാരേയും തഴഞ്ഞുള്ള സ്ഥാനാര്‍ത്ഥി പട്ടിക വരുമെന്നായപ്പോള്‍ പിജെ ആര്‍മി രംഗത്ത്; സ്ഥാനാര്‍ത്ഥി തീരുമാനമാകും മുന്‍പേ പി. ജയരാജന്റെ പേരില്‍ പാര്‍ട്ടിക്ക് മുന്നില്‍ മുറവിളിയുമായി ഫാന്‍സ് സഖാക്കള്‍; പി. ജയരാജനെ സ്ഥാനാര്‍ഥിയാക്കി മാന്യമായ സ്ഥാനം കൊടുക്കണമെന്ന് ആവശ്യം

കണ്ണൂരിലെ പ്രബലരാണ് പി. ജയരാജന്‍, എം.വി. ജയരാജന്‍, ഇപി ജയരാജന്‍ എന്നിവര്‍. എന്നാല്‍ ഇത്തവണ ഈ ജയരാജന്‍മാരെ മത്സരത്തിനിറക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ മുഖമായി ജയരാജന്മാരില്‍ ആരുമില്ലാതെ ഇക്കുറി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരുമെന്നാണ് സൂചന. തീരുമാനമാകും മുന്‍പേ പി. ജയരാജന്റെ പേരില്‍ പാര്‍ട്ടിക്ക് മുന്നില്‍ മുറവിളിയുമായി ഫാന്‍സ് സഖാക്കള്‍ രംഗത്തുണ്ട്. പി. ജയരാജനെ സ്ഥാനാര്‍ഥിയാക്കി മാന്യമായ സ്ഥാനം കൊടുക്കണമെന്ന അഭ്യര്‍ത്ഥന പരസ്യമായുന്നയിച്ച് സൈബര്‍ ഇടങ്ങളില്‍ പി.ജെ. ആര്‍മി സജീവം.
ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവര്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പ്രബലരാണ്. എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്തുണ്ടാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇ.പി. ജയരാജന്‍, പി. ജയരാജന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ടെങ്കിലും സ്ഥാനാര്‍ത്ഥികളാകുമോ എന്ന് ഉറപ്പില്ല. പിണറായി വി.എസ്. വിഭാഗീയതയുടെ കാലത്തുള്‍പ്പെടെ പാര്‍ട്ടിക്ക് കരുത്തായിനിന്ന് കണ്ണൂര്‍ പാര്‍ട്ടിയില്‍ ഒറ്റ ശബ്ദമായിരുന്നു ജയരാജന്മാര്‍. എന്നാല്‍ പിന്നീട് പാര്‍ട്ടിയിലുണ്ടായ ഗ്രൂപ്പ് സമവാക്യങ്ങളില്‍ മൂവരും ഒറ്റക്കൊറ്റക്കായി.
അധികാര രാഷ്ര്ടീയത്തില്‍നിന്ന് ഏറെക്കാലമായി മാറി നില്‍ക്കുകയായിരുന്നു പി.ജെ. ഇത്തവണ അദ്ദേഹത്തെ പരിഗണിക്കണമെന്ന് അണികള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വ്യക്തി പൂജാ വിവാദത്തിലുപരി ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തി പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ വരാന്തയില്‍ കയറി അദ്ദേഹം നടത്തിയ സമരം പിണറായി വിജയന്റെ കണ്ണിലെ കരടാക്കി.
കണ്ണൂര്‍ പാര്‍ട്ടിയില്‍ പി. ജയരാജന്‍ ഏറ്റവും സ്വാധീനമുള്ള നേതാവായി വളര്‍ന്നത് മറ്റു പലര്‍ക്കും അത്ര രസിച്ചില്ലെന്നതും ജയരാജന് വിനയായി. വ്യക്തിപൂജയ്ക്ക് മനസറിഞ്ഞ് പി.ജെ പിന്തുണ നല്‍കിയെന്ന കുറ്റം ചാര്‍ത്തി താക്കീതിലേക്ക് നയിച്ചത് അതിന്റെ തുടര്‍ച്ചയായിരുന്നു. കതിരൂര്‍ മനോജ് വധക്കേസിലെ സി.ബി.ഐ. അന്വേഷണമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പി. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള നീക്കങ്ങള്‍ നടക്കും.
പി. ജയരാജന്‍ പാര്‍ട്ടി കോട്ടകളായ കണ്ണൂരിലെ മണ്ഡലങ്ങളില്‍ വിജയിക്കുമെങ്കിലും സംസ്ഥാനമാകെ തെരഞ്ഞെുപ്പ് പ്രചരണത്തില്‍ പാര്‍ട്ടിക്കെതിരേ അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശനമുയരാനിടയാക്കുമെന്ന വാദമുന്നയിച്ചായിരിക്കും നീക്കം നടത്തുക. പി. രാജീവും കെ.എന്‍. ബാലഗോപാലും സെക്രട്ടേറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും പി.ജയരാജനെ ഒതുക്കി. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും പി. ജയരാജനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഫാന്‍സ് സഖാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളില്‍ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജയരാജന് പാര്‍ട്ടി നല്‍കിയ നിര്‍ദേശം.
വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സി.പി.എമ്മിന്റെ അമരത്തേക്ക് വരാന്‍ സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തിന്റെ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ഇ.പി. ജയരാജന്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകും എന്ന സൂചനകളുണ്ട്.
ജയരാജന്‍ രണ്ടുതവണ എം.എല്‍.എയായ മട്ടന്നൂരില്‍ ഇക്കുറി ആരോഗ്യമന്ത്രി കെ.കെ. ശൈലജ സ്ഥാനാര്‍ഥിയായേക്കും. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ സമയത്ത് തന്നെ ജയരാജന്‍ പകരക്കാരനാവണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി തുടര്‍ഭരണ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ മന്ത്രിസഭയിലെ ഒരു പ്രമുഖനെ മാറ്റുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനം ഏറ്റെടുക്കാമെന്ന നിലപാട് ജയരാജനും വ്യക്തമാക്കി. അതുകൊണ്ടാണ് തന്റെ വിശ്വസ്തനായ എ. വിജയരാഘവനെ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ നിര്‍ദേശിച്ചത്. പാര്‍ട്ടി യോഗങ്ങളില്‍ സജീവമാണെങ്കിലും കോടിയേരിക്ക് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.
"
https://www.facebook.com/Malayalivartha