ഇനി ആ കളി നടക്കില്ല... കോണ്‍ഗ്രസ് ജയിക്കുമെന്ന് കരുതിയിരുന്ന സീറ്റില്‍ മേയര്‍ പ്രശാന്തിനെ ഇറക്കി സിപിഎം കളിച്ചതോടെ വിജയം കണ്ട സീറ്റില്‍ അതേ കളി പുറത്തിറക്കാനുറച്ച് കോണ്‍ഗ്രസ്; വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ ആദര്‍ശ ധീരന്‍ സുധീരനേയോ ജിജി തോംസണേയോ ഇറക്കാന്‍ നീക്കം

കേരളത്തില്‍ ഏറെ ശ്രദ്ധേയമായ മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. ബിജെപിയ്ക്ക് ഏറെ വേരോട്ടമുള്ള മണ്ഡലത്തില്‍ കെ. മുരളീധരന്‍ തുടര്‍ച്ചയായി ജയിച്ചു വന്ന മണ്ഡലത്തില്‍ അന്നത്തെ മേയര്‍ വി.കെ. പ്രശാന്തിനെ ഇറക്കി സിപിഎം കളിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. എന്നാല്‍ ഇത്തവണ അതേ കളി പുറത്തിറക്കി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്.
സ്ഥാനാര്‍ഥികളാരാണെന്ന് തീരുമാനമാകും മുന്‍പ് തന്നെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. ഉപതിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ വി.കെ. പ്രശാന്ത് തന്നെയാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിന് വേണ്ടി ആരു രംഗത്തിറങ്ങും എന്നതിലാണ് അഭ്യൂഹങ്ങള്‍ പലത് തുടരുന്നത്.
ഇവിടത്തെ എംഎല്‍എയായിരുന്ന കെ. മുരളീധരന്‍ എംപി സ്ഥാനം രാജിവച്ച് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മല്‍സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ ആ നീക്കം ഉപേക്ഷിച്ച മട്ടാണ്. ഇതോടെയാണ് മികച്ച സ്ഥാനാര്‍ഥിക്കായി അന്വേഷണം തുടങ്ങിയത്.
യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണങ്കിലും ഉപതിരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് പതിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതാണ് വലതു ക്യാംപുകളില്‍ ആശങ്കയുയര്‍ത്തുന്നത്. ബിജെപി ഏറ്റവും വിജയ സാധ്യതയുള്ള എ പ്‌ളസ് കാറ്റഗറിയില്‍ വട്ടിയൂര്‍ക്കാവിനെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നില്‍ എല്‍ഡിഎഫാണങ്കിലും ബിജെപിയും മികച്ച പ്രകടനം നടത്തി. യുഡിഎഫ് ദയനീയാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് മികച്ച സ്ഥാനാര്‍ഥി വേണമെന്ന ചര്‍ച്ച വലതു ക്യാംപില്‍ ഉയര്‍ന്നത്.
മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്തിറങ്ങുമെന്ന പ്രചാരണം സജീവമാണ്. എന്നാല്‍ അത്തരം ഒരു ആലോചനയേ ഇല്ലെന്നാണ് സുധീരന്റെ മറുപടി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന വാക്കില്‍ മാറ്റമൊന്നുമില്ലെന്നും വ്യക്തമാക്കുന്നു. മാത്രമല്ല, കോവിഡ് ബാധിച്ചിരുന്ന സുധീരന്‍ പൂര്‍ണ വിശ്രമത്തിലാണ്. ആറ് ആഴ്ചവരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനിടെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇറങ്ങിയേക്കുമെന്നും പ്രചാരണമുണ്ട്. എന്നാല്‍ തന്നോട് ആരും അത്തരമൊരു കാര്യം സംസാരിച്ചിട്ടില്ലെന്നും തിര!ഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയവും പ്രായവും കഴിഞ്ഞു പോയെന്നാണ് തന്റെ വിലയിരുത്തലെന്നുമാണ് ജിജി തോംസണ്‍ പറയുന്നത്. ഏതായാലും വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ പട നയിക്കാന്‍ ആരെന്നതില്‍ ആകാംക്ഷ തുടരുന്നു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ നേടിയ മിന്നും ജയത്തോടെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പുതിയ താരമായി മാറുകയായിരുന്നു വി.കെ.പ്രശാന്ത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ വേരോട്ടവും സംഘടനാ സംവിധാനവുമുള്ള വട്ടിയൂര്‍ക്കാവില്‍ ഇത്ര മികച്ചൊരു വിജയം പ്രശാന്തോ സിപിഎമ്മോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. 2000 മുതല്‍ 5000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കാന്‍ പറ്റിയേക്കും എന്നു കരുതിയ മണ്ഡലത്തിലാണ് ത്രികോണ മത്സരത്തിനൊടുവില്‍ 14,438 എന്ന മികച്ച മാര്‍ജിനില്‍ പ്രശാന്ത് ജയിച്ചു കയറുന്നത്.
പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിക്കും പിറകില്‍ നിന്ന സിപിഎമ്മിനെ ആ മാനക്കേടില്‍ രക്ഷപ്പെടുത്തിയയാളാണ് വികെ പ്രശാന്ത്. ആ പ്രശാന്തിനെ സുധീരനിലൂടെ തളയ്ക്കാനാകുമോയെന്നാണ് എല്ലാവരും നോക്കുന്നത്.
"
https://www.facebook.com/Malayalivartha