'കെഎസ്ആർടിസിയിൽ നിന്ന് നൂറു കോടി തട്ടിയെടുത്തവർക്കെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണം . അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണം, കെഎസ്ആർടിസിയെ രക്ഷിച്ചേ പറ്റൂ. കേരളം അതാഗ്രഹിക്കുന്നു...' കുറിപ്പുമായി സന്ദീപ് വാര്യർ

കെഎസ്ആർടിസിയിലെ യൂണിയനുകൾക്കും ഒരുവിഭാഗം ജീവനക്കാർക്കുമെതിരെ തുറന്നടിച്ചും സ്ഥാപനത്തിലെ തട്ടിപ്പുകൾ തുറന്നുപറഞ്ഞും സിഎംഡി ബിജു പ്രഭാകർ രംഗത്ത് എത്തുകയുണ്ടായി. കെഎസ്ആർടിസിയിലെ പിടിപ്പുകെട്ട ഉന്നത നേതൃത്വം മാറിയേ പറ്റൂ. ഒന്നുകിൽ നന്നാക്കും, അല്ലെങ്കിൽ ഞാൻ പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞതിന് പിന്നാലെ നിരവധി വാദങ്ങളാണ് പുറത്തേക്ക് വരുന്നത്. ഇതിനുപിന്നാലെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കേരളത്തിൻ്റെ ലൈഫ് ലൈനായ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആർടിസി . അതിൽ നൂറു കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സിഎംഡി ബിജു പ്രഭാകർ പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെതിരെ ഗുരുതരമായ ആരോപണം ഇന്നലെ കാലത്തുന്നയിച്ച ബിജു പ്രഭാകർ വൈകിട്ടായപ്പോഴേക്കും നിലപാടിൽ പതം വരുത്തി.
കെഎസ്ആർടിസി പോലെ കഴിഞ്ഞ നാൽപ്പത് മാസത്തിലധികമായി ശമ്പളം നൽകാത്ത സ്ഥാപനത്തിലെ നൂറ് കോടി രൂപ കാണാതായെങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്രമാണോ , അക്കാലത്തെ എംഡിക്ക് അതിൽ ഉത്തരവാദിത്വമില്ലേ ? നൂറ് കോടി രൂപ തട്ടിപ്പ് കെഎസ്ആർടിസി സിഎംഡി തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് സിബിഐ അന്വേഷിക്കാൻ പര്യാപ്തമായ സാമ്പത്തിക കുറ്റകൃത്യമായി ഇതു മാറിയിരിക്കുന്നു .
ബിജു പ്രഭാകർ ഇന്നലെ തൊഴിലാളികളെയും യൂണിയനുകളെയും കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് കാരണക്കാരായി ചിത്രീകരിച്ച് കയ്യടി വാങ്ങാൻ ശ്രമിച്ചപ്പോൾ പൊളിറ്റിക്കൽ ലീഡർഷിപ്പിനെ ബോധപൂർവ്വം സംരക്ഷിച്ചു നിർത്തി. വാസ്തവത്തിൽ കെഎസ്ആർടിസിയുടെ സമ്പൂർണ നാശത്തിനു വഴിവച്ചത് കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളുടെ നയവൈകല്യവും തീരുമാനങ്ങളെടുക്കുവാനുള്ള കഴിവില്ലായ്മയുമല്ലേ ?
ബിജു കൂടുതൽ നല്ല പിള്ള ചമയേണ്ട. പഴയ ലാവണങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും പൊതുമണ്ഡലത്തിൽ സജീവമാണ്. കെഎസ്ആർടിസിയിൽ നിന്ന് നൂറു കോടി തട്ടിയെടുത്തവർക്കെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണം . അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണം, കെഎസ്ആർടിസിയെ രക്ഷിച്ചേ പറ്റൂ. കേരളം അതാഗ്രഹിക്കുന്നു.
https://www.facebook.com/Malayalivartha