ശബരിമല വിഷയത്തില്‍ സി പി എമ്മിനും ബി ജെ പിക്കും ഏകനിലപാട്; രണ്ട് പേരും അതിനെക്കുറിച്ച് മിണ്ടണ്ട എന്നാണ് ഇപ്പോള്‍ തിരുമാനിച്ചിരിക്കുന്നത്, സി പിഎം - ബി ജെ പി സഖ്യത്തിന് മറ്റൊരു തെളിവാണ് രണ്ടു കൂട്ടരും ഒരേ നിലപാടിലെത്തി

ശബരിമല വിഷയത്തില്‍ സി പി എമ്മിനും ബി ജെ പിക്കും ഏകനിലപാടായിരിക്കുന്നു. രണ്ട് പേരും അതിനെക്കുറിച്ച് മിണ്ടണ്ട എന്നാണ് ഇപ്പോള്‍ തിരുമാനിച്ചിരിക്കുന്നത്. സി പിഎം - ബി ജെ പി സഖ്യത്തിന് മറ്റൊരു തെളിവാണ് രണ്ടു കൂട്ടരും ഒരേ നിലപാടിലെത്തിയത്. ശബരിമല വിഷയം ഉന്നയിക്കാന്‍ സി പി എമ്മും ബി ജെ പിയും ഭയക്കുന്നത് അത് അവരുടെ പുതിയ കൂട്ടുകെട്ടിന് തടസമാകും എന്ന് കരുതിയാണ്.മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഫലമായിട്ടാണ് ശബരിമലയെ ഒരു കലാപഭൂമിയാക്കി മാറ്റിയത്.
ഭക്തജനങ്ങളുടെ മനസില്‍ ആഴത്തില്‍ മുറിവേറ്റ ശബരിമല വിഷയത്തില്‍ രണ്ടു കൂട്ടരും കണ്ണടക്കുകയാണ്. സുപ്രിം കോടതിയിലെ റിവ്യു ഹര്‍ജി വേഗത്തില്‍ പരിഗണനക്ക് എടുക്കണമെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറുണ്ടോ. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം.
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി കേന്ദ്രത്തിന് നിയമ നിര്‍മാണം നടത്താന്‍ കഴിയും. അങ്ങനെ നിയമം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി ഇവിടെ വന്ന് പ്രഖ്യാപിച്ചതുമാണ്. എന്തു കൊണ്ടാണ് അത് ചെയ്യാത്തത്. അതിന് സംസ്ഥാനത്തെ ബി ജെ പി നേതൃത്വം മുന്‍കൈ എടുക്കുമോ?
ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാന്‍ ബി ജെ പിയും സി പിഎമ്മും നടത്തിയ ശ്രമം ജനങ്ങള്‍ കണ്ടതാണ്. പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമില്ല.
സര്‍ക്കാരിന്റെ നിലപാട് തെറ്റായിരുന്നുവെന്ന് സി പിഎം തന്നെ വിലയിരുത്തിയല്ലേ? അങ്ങിനെയാണെങ്കില്‍ എന്ത് കൊണ്ട് സത്യവാങ്ങ് മൂലം തിരുത്തി നല്‍കുന്നില്ല. അപ്പോള്‍ ആത്മാര്‍ത്ഥ ഇല്ലാത്ത നിലപാടാണ് സി പി എമ്മിന്റെത്. ബി ജെപിയെ ശക്തിപ്പെടുത്തുക, അതുവഴി യു ഡിഎഫിനെ തോല്‍പ്പിക്കുക എന്നതാണ് സി പി എം ലക്ഷ്യമിട്ടത്.
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരി മലയിലെ വിശ്വാസ സംരകഷണത്തിനായി നിയമം കൊണ്ടുവരും.
സി.പി.എം വര്‍ഗ്ഗീയത ഇളക്കിവിടുന്നു
-----------
മുസ്ളീം ലീഗിനെ വര്‍ഗീയമായി അധിക്ഷേപിച്ച സി പി എം ഇപ്പോള്‍ തങ്ങളുടെ കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് കണ്ടപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. വര്‍ഗീയ കാര്‍ഡ് കളിക്കാനുള്ള സി പി എം ശ്രമത്തിന്റെ ഭാഗമാണിത്. ഞാനും ഉമ്മന്‍ചാണ്ടിയും പാണക്കാട് തങ്ങളെ കണ്ട് സംസാരിച്ചതില്‍ എന്ത് വര്‍ഗീയതയാണ് ഉള്ളത്. യു ഡി എഫിലെ രണ്ടാമത്തെ കക്ഷിയാണ് മുസ്ളീം ലീഗ്. അതിന്റെ സംസ്ഥാന അധ്യക്ഷനെ കണ്ട് സംസാരിച്ചതില്‍ എന്ത് മതമൗലിക വാദമാണ് ഉയരുന്നത്.
വളരെ ബോധപൂര്‍വ്വം വര്‍ഗീയത ഇളക്കിവിടാനാണ് സി പിഎം ശ്രമിക്കുന്നത. എല്ലാവരും ആദരിക്കുന്ന കുടൂംബമാണ് പാണക്കാട് കുടംബം. എന്നും മതേതര നിലപാടുകള്‍ മാത്രമേ അവര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാതെ വര്‍ഗീയതയില്‍ അഭയം തേടുന്ന ഒരു സര്‍ക്കാരാണിത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കും.
ബി ജെ പിയുടെ പ്രസിഡന്റ് പറയുന്ന അതേ വാചകങ്ങളാണ് സി പിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. ഇവര്‍ രണ്ട് പേരും മുസ്ളീം ലീഗിനെയും അത് വഴി മത ന്യുനപക്ഷങ്ങളെയും കടന്നാക്രമിക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയ ധ്രൂവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഭരണ ഘടന തൊട്ട് സത്യം ചെയ്ത മുഖ്യമന്ത്രിക്ക് ഇതെങ്ങിനെ കഴിയും?
നാല് വോട്ട് കിട്ടാന്‍ മതവിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഈ നീക്കം ആപല്‍ക്കരമാണ്. അതില്‍ നിന്ന് സര്‍ക്കാരും പാര്‍ട്ടിയും പിന്തിരിയണം. മുസ്ളീങ്ങളെയും, ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനുള്ളനീക്കം ജനങ്ങള്‍ തിരിച്ചറിയും.
മുഖ്യമന്ത്രിയാണ് ഇത് തുടങ്ങി വച്ചത്. കെ പി സി സി പ്രസിഡന്റിനെ തിരുമാനിക്കുന്നത് മുസ്ളീം ലീഗാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയാണ് ഈ വര്‍ഗ്ഗീയക്കളി തുടങ്ങി വച്ചത്. തില്ലങ്കേരി മോഡല്‍ പരീക്ഷണം ഈ തിരഞ്ഞെടുപ്പില്‍ വ്യപകമായി പരീക്ഷിക്കാനാണ് ബി ജെപിയും സി പിഎമ്മും ശ്രമിക്കുന്നത്. സി പി എമ്മും ബി ജെ പിയും ആഗ്രഹിക്കുന്നത് യു ഡി എഫ് പരാജയപ്പെടാനാണ്. ഈ രണ്ട് കൂട്ടരും ചേര്‍ന്ന് കൊണ്ട് യു ഡി എഫിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്.
അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരാണിത്. കുറ്റാരോപിതനായ മുഖ്യമന്ത്രി അവസാന അഭയമായി വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അന്വേഷിക്കും.
ചലച്ചിത്ര അവാര്‍ഡ് പ്രശ്‌നം
-----------
ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളെ അപമാനിച്ചു എന്ന കാര്യം സിനിമാ താരങ്ങള്‍ തന്നെയാണ് എന്നെ വിളിച്ചു പറഞ്ഞത്.
അവാര്‍ഡ് മേശപ്പുറത്ത് വച്ചിട്ട് എടുത്തു കൊണ്ടു പോകൂ എന്ന് പറഞ്ഞ ധാര്‍ഷ്ട്യം കേരളത്തിന് അംഗീകരിക്കാന്‍ കഴിയുമോ? മേശപ്പുറത്ത് നിന്ന് എടുത്തു കൊണ്ട് പോകണമായിരുന്നെങ്കില്‍ എന്തിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സിനിമാ താരങ്ങള്‍ക്ക് അത് പോസ്റ്റലായി അയച്ച് കൊടുത്താല്‍ പോരായിരുന്നോ? അല്ലെങ്കില്‍ പി.ആര്‍.ഡി ഉദ്യോഗസ്ഥര്‍ക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കാമായിരുന്നില്ലേ? മുഖ്യമന്ത്രി ഓണ്‍ലൈനായി ചടങ്ങ് നടത്തിയാല്‍ മതിയായിരുന്നല്ലോ?
അവാര്‍ഡുകള്‍ നേടിയ ആളുകളെ സര്‍ക്കാര്‍ അപമാനിച്ചു എന്ന കാര്യത്തില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. സിനിമാ പ്രവര്‍ത്തകരെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണ് ചെയ്തത്.
പ്രോട്ടോക്കോള്‍ പ്രശ്‌നം
-------------
ഐശ്വര്യ കേരള യാത്രയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടു എന്നാണ് മന്ത്രി ബാലന്‍ പറയുന്നത്. അതെന്താ, മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അദാലത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമില്ലേ? ഞങ്ങള്‍ പരിപാടി നടത്തുമ്പോള്‍ മാത്രമെന്താണ ്ഈ പ്രോട്ടോക്കോള്‍ ലംഘനം, അത് കയ്യില്‍ വച്ചാല്‍ മതി. പരമാവധി സാമൂഹ്യ അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചുമാണ് യു ഡിഎഫ് യാത്ര നടത്തുന്നത്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ എടുത്ത സൂത്രപ്പണി ഇനി നടക്കില്ല. ഞങ്ങള്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കും. ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയും.
വയനാട് മെഡിക്കല്‍ കോളേജ്
-----------
വയനാടിനെ സംസ്ഥാന സര്‍ക്കാര്‍ സ്ഥിരമായി അവഗണിക്കുകയും കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. വയനാട്ടില്‍ മെഡിക്കല്‍ കോളജിന് സ്ഥലമെടുത്തിട്ട് അഞ്ച് വര്‍ഷമായി. ഇതുവരെ അത് സ്ഥാപിക്കാന്‍ എന്ത് കൊണ്ട് കഴിഞ്ഞില്ല?
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ നൂറു ദിന കര്‍മ്മ പരിപാടിയിലെ ആദ്യത്തെ കാര്യം വയനാടിന് ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുക എന്നതായിരിക്കും. കഴിഞ്ഞ യുഡി എഫ് സര്‍ക്കാര്‍ തറക്കല്ലിട്ട പദ്ധതിയാണ്. അഞ്ചു വര്‍ഷമായി ഒന്നും നടന്നില്ല. വയനാടിനായി 3000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല.
ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വഞ്ചനയാണിത്. പാര്‍ട്ടിക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റാനുള്ള നീക്കമാണിത്. പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ആപല്‍ക്കരമാണ്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണിത്. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
https://www.facebook.com/Malayalivartha






















