മുന്നറിയിപ്പ്...സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 350 കടന്നു... ഈ മാസം മാത്രം മരിച്ചത് 35 പേർ... 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചു

സംസ്ഥാനത്ത് ഈ വര്‍ഷം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 350 കടന്നു. ഇതില്‍ 203 പേര്‍ രോഗം സ്ഥിരീകരിച്ച ശേഷമാണ് മരിച്ചത്. 149 പേരുടെ മരണകാരണം എലിപ്പനിയാണെന്ന് സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഈ മാസം മാത്രം 35 പേരാണ് രോഗബാധ മൂലം മരിച്ചത്. ഈ വര്‍ഷം ഏതാണ്ട് അയ്യായിരത്തോളം പേരാണ് എലിപ്പനി മൂലം ചികിത്സ തേടിയത്. ഇതുകൂടാതെ, ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചത് 69 പേരാണ്. 42 പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചും മരിച്ചിട്ടുണ്ട്.
പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രായഭേദമന്യേ ആര്‍ക്കും എലിപ്പനി ബാധിക്കാം. ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടിക്കൊണ്ടു പോകുന്നവരുടെ നിലയാണ് ഗുരുതരമാകുന്നത്. പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന തുടങ്ങിയവ പ്രധാന രോഗലക്ഷണങ്ങളാണ്. കടുത്ത ക്ഷീണം നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗാവസ്ഥ അനുസരിച്ച് കണ്ണില്‍ ചുവപ്പ് നിറമുണ്ടാകും. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ എലിപ്പനി സംശയിക്കാം. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ശ്വാസകോശം എന്നിവയെയൊക്കെ ബാധിച്ച് മരണം സംഭവിച്ചേക്കാം. പനി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ശരിയായ ചികിത്സയ്ക്കു വിധേയമാക്കുകയും ചെയ്യണം.
https://www.facebook.com/Malayalivartha























