മേലാല്‍ ആവര്‍ത്തിക്കരുത്... തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ തള്ളി വിടുന്നതില്‍ നേതാക്കള്‍ക്ക് പങ്ക്; സി.പി.എം ഗൃഹ സന്ദര്‍ശനത്തില്‍ പാളിച്ച പറ്റിയവരെ വിമര്‍ശിച്ച് മുഖ്യമന്ത്രി; വിവാദങ്ങള്‍ക്ക് പിറകേ പോകേണ്ടെന്നും നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധിക നാളില്ല. എന്നാല്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും കരി നിഴലിലാക്കി പല പല വിവാദങ്ങളാ രംഗത്തെത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വര്‍ണക്കടത്ത് കേസും കേന്ദ്ര അന്വേഷണ സംഘവും തണുത്ത മട്ടാണ്.
അത് കഴിഞ്ഞതോടെ ശബരിമല വിഷയവും നിയമന വിവാദവും വന്നു. എന്നാല്‍ സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പല വിവാദവും ആളിക്കത്തിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ ശബരിമല പ്രസ്താവനയും വൈരുദ്ധാത്മക ഭൗതിക വാദവും പ്രതിപക്ഷ നേതാക്കള്‍ക്ക് വലിയ വടിയായി. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി അവസാനവാരം പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ വിവിധ ജില്ലകളില്‍ വീഴ്ചകള്‍ വന്നിട്ടുണ്ടെന്നാണ് സി.പി.എം. വിലയിരുത്തല്‍.
പലയിടത്തും ഇത് ശരിയായ വിധത്തില്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്ന്, ഇന്നലെ സംസ്ഥാനതലത്തില്‍ വിളിച്ചുചേര്‍ത്ത ശില്പശാലയില്‍ മുഖ്യമന്ത്രി കടുത്ത സ്വരത്തില്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍, മണ്ഡലം സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു ശില്പശാല. പി.ബിയെ പ്രതിനിധീകരിച്ച് കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു.
പാര്‍ട്ടി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും വീഴ്ചകള്‍ അനുവദിക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വിമര്‍ശനം ആവര്‍ത്തിച്ചു. പാര്‍ട്ടി തീരുമാനങ്ങള്‍ ഭാഗികമായി പൂര്‍ത്തിയാക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയ വിജയരാഘവന്‍,
എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥകള്‍ ഓരോ ജില്ലയിലുമെത്തുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് ദിവസം മറ്റ് പരിപാടികളെല്ലാം മാറ്റി വച്ച് ഗൃഹസന്ദര്‍ശന പരിപാടികള്‍ പൂര്‍ത്തീകരിക്കാനും സര്‍ക്കാരിന്റെ ക്ഷേമ, വികസന നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതിപക്ഷവും മാദ്ധ്യമങ്ങളും ഊതിപ്പെരുപ്പിക്കുന്ന വിവാദങ്ങള്‍ക്ക് പിറകേ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ വികസന, ക്ഷേമ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തന്നെ ജനങ്ങളിലേക്കിറങ്ങണം. വിവിധ വിഷയങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമമുണ്ടെങ്കിലും സ്വര്‍ണക്കടത്ത് കേസ് പോലെ എല്ലാം കെട്ടടങ്ങും.
ശബരിമല വിഷയത്തില്‍ അനാവശ്യ വിവാദമുയര്‍ത്താനാണ് ശ്രമം. വിശ്വാസികള്‍ ഇത്തവണ സജീവമാവുകയും നല്ല നിലയില്‍ തന്നെ ഉത്സവം നടക്കുകയുമുണ്ടായി. യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നിട്ട് എല്ലാവരുമായും ചര്‍ച്ച നടത്തി സമവായത്തിലെത്തിയേ തീരുമാനമെടുക്കൂ. യു.ഡി.എഫ് പ്രചാരണം എന്‍.എസ്.എസ് നേതൃത്വത്തിന് പോലും ഇഷ്ടപ്പെട്ടില്ലെന്നാണ് മനസ്സിലാകുന്നത്.
പി.എസ്.സി വഴി ഏറ്റവുമധികം നിയമനം നടത്തിയത് ഈ സര്‍ക്കാരാണ്. ഇനിയും നിയമനം നടക്കാനിരിക്കുന്നു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ചിലപ്പോള്‍ താത്കാലിക നിയമനം അനിവാര്യമായി വരും. യു.ഡി.എഫ് ഭരണകാലത്തുള്‍പ്പെടെ അത്തരത്തില്‍ നിയമിക്കപ്പെട്ടവരെ മാനുഷിക പരിഗണനയുടെ പേരിലാണ് സ്ഥിരപ്പെടുത്തുന്നത്.
ഇടതു തുടര്‍ഭരണം തടയാന്‍ ഏതുവിധേനയും യു.ഡി.എഫ് ശ്രമിക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ പിന്മാറുന്നതായി നടിച്ചെങ്കിലും നിയമസഭാതിരഞ്ഞെടുപ്പില്‍ അവര്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവരുമായി കൂട്ടുകെട്ട് ശക്തമായി തുടരുമെന്ന് തന്നെ കരുതണം.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും കാര്‍ഷിക, തൊഴില്‍ നിയമങ്ങളില്‍ ഒരേനയമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ ചെറുഘടകകക്ഷികളെയടക്കം ഇഴചേര്‍ത്ത് ഒറ്റ മനസ്സോടെ മുന്നോട്ട് നയിക്കാനാവണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























