സിപിഎം കാണിക്കാത്ത ആവേശവുമായി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐ; എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ ജയിച്ചവര്‍ക്കു വീണ്ടും മത്സരിക്കാന്‍ സിപിഐ ഇത്തവണ ഇളവു നല്‍കില്ല

സിപിഎം കാണിക്കാത്ത ആവേശമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐ എടുത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ ജയിച്ചവര്‍ക്കു വീണ്ടും മത്സരിക്കാന്‍ സിപിഐ ഇത്തവണ ഇളവു നല്‍കില്ല. അതായത് മന്ത്രിമാരായ പി.തിലോത്തമന്‍, വി.എസ്. സുനില്‍ കുമാര്‍, കെ.രാജു എന്നീ പ്രമുഖന്‍മാര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടും. സിപിഐയിലെ പ്രമുഖരുടെ നിരയില്‍പ്പെട്ട സി.ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ക്കും ഗോദയില്‍നിന്ന് മാറി നില്‍ക്കേണ്ടിവരും. പിണറായി സര്‍ക്കാരിലെ ഏറ്റവും തി ളക്കമുള്ള മന്ത്രിയെന്ന നിലയില്‍ സുനില്‍കുമാര്‍ ഒഴിവാകുന്നതില്‍ എല്‍ഡിഎഫ് എന്തു തീരുമാനമെടുക്കുമെന്നത് വ്യക്തമല്ല. ഇതില്‍ ബിജിമോള്‍ക്ക് അര്‍ഹമായ ഒരു സ്ഥാനവും സര്‍ക്കാരില്‍ നല്‍കാന്‍ സാധിച്ചതുമില്ല.
തുടര്‍ച്ചയായി പരമാവധി രണ്ടു ടേം എന്നതാണു സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു സിപിഐയുടെ നിബന്ധന. കഴിഞ്ഞ തവണ ജില്ലാ നേതൃത്വങ്ങളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഇവര്‍ക്കു മൂന്നാം ഊഴത്തിനായി ഇളവു നല്‍കിയത്. മാര്‍ഗരേഖ തന്നെ അപ്രസക്തമാക്കുന്ന ഇളവു വേണ്ടെന്നാണു നേതൃതലത്തില്‍ ഇപ്പോഴുള്ള ധാരണ. സിപിഐ ദേശീയ നിര്‍വാഹക, കൗണ്‍സില്‍ യോഗങ്ങള്‍ ഹൈദരാബാദില്‍ ചേര്‍ന്നപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും ഇക്കാര്യത്തില്‍ തേടിയിരുന്നു.നിലവില്‍ സിപിഐയിലെ നാലു മന്ത്രിമാരില്‍ മൂന്നു പേരും തിരഞ്ഞെടുപ്പു രംഗത്തു നിന്ന് ഒഴിവാക്കപ്പെടുകായാണ്.
മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി, ഇ.കെ.വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഗീതാ ഗോപി, ജി.എസ്. ജയലാല്‍ എന്നിവര്‍ രണ്ടും ടേം പൂര്‍ത്തിയാക്കിയവരാണ്. അതതു മണ്ഡലങ്ങളില്‍ ഇവരുടെ സാന്നിധ്യം വിജയത്തിന് അനിവാര്യമാണെന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി മൂന്നാം ടേം പരിഗണിച്ചേക്കാം. കഴിഞ്ഞ തവണ ചിലര്‍ക്കു മൂന്നാം ഊഴം നല്‍കിയ സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം പൂര്‍ണമായും വഴിയടച്ച സമീപനം ഉണ്ടാകില്ല.
https://www.facebook.com/Malayalivartha























