കേരളത്തിൽ കോവിഡ് കൂടുന്നതിന് പിന്നിൽ അനാസ്ഥ... നിയന്ത്രണങ്ങളില്ലാതെ ആഘോഷങ്ങൾ നടക്കുന്നതാണ് രോഗബാധാ വർദ്ധനവിന് കാരണം- നീതി ആയോഗ്...

ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് മൂലമാണ് കേരളത്തിൽ കോവിഡ് കൂടുന്നതിന് കാരണം എന്ന ആശങ്ക പ്രകടിപ്പിച്ച് നീതി ആയോഗ്. കേരളം ആർ.ടി.പി.സി.ആർ. പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ആരോഗ്യവിഭാഗം അംഗം ഡോ. വിനോദ്കുമാർ പോൾ പറഞ്ഞു.
രാജ്യത്തെ കോവിഡ് രോഗികളിൽ 45 ശതമാനവും ഇപ്പോൾ കേരളത്തിലാണ്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് രാജ്യത്താകെ 1,36,549 പേരാണ് കോവിഡ് പോസിറ്റീവായി തുടരുന്നത്. ഇതിൽ 61,030 പേർ കേരളത്തിലാണ്.
കോവിഡ് രോഗികളിൽ 73 ശതമാനം പേർ ഇപ്പോൾ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 38,307 പേരാണ് വ്യാഴാഴ്ച വൈകീട്ട് കോവിഡ് പോസിറ്റീവായുള്ളത്.
എന്നാൽ, കോവിഡ് മരണനിരക്ക് കേരളത്തിൽ കുറവാണെന്നത് ആശ്വാസമാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 51,591 പേർ മരിച്ചു. കേരളത്തിൽ 4,016 മരണം ഉണ്ടായി. തമിഴ്നാട്-12,432, കർണാടക-12,273, ഡൽഹി-10,894, പശ്ചിമബംഗാൾ-10,235, ഉത്തർപ്രദേശ്-8,704, ആന്ധ്രാപ്രദേശ്-7,163, പഞ്ചാബ്-5,712, ഗുജറാത്ത്-4,402 എന്നിവയാണ് മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങൾ.
https://www.facebook.com/Malayalivartha
























