അതിനും തീര്‍പ്പായി... കുടിയന്‍മാരുടെ പരാതിയും കാര്‍ന്നോര് കേട്ടു; കുപ്പിക്ക് ഇത്തിരി വില കൂടുതലാണെന്ന് പറയേണ്ട താമസം ഒരു കുപ്പിക്ക് കുറക്കാന്‍ പോകുന്നത് 200 രൂപ

പിണറായി സര്‍ക്കാരിന്റെ കരുതലിനെ കുറിച്ച് ആകാശത്തിലൂടെ പാറി പറക്കുന്ന പറവകള്‍ വരെ പയ്യാരം പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഉറുമ്പുകള്‍ മുതല്‍ എല്‍ എന്‍ എസിനോടും എസ് എന്‍ ഡി പിയോടും വരെ ഇത്രയധികം കരുതല്‍ കാണിക്കുന്ന ഒരു സര്‍ക്കാര്‍ ഇതേ വരെ കേരളം ഭരിച്ചിട്ടില്ല.
ലയ രാജേഷിനെ ഒഴിച്ച് ബാക്കിയുള്ളവരെയെല്ലാം പിണറായിക്ക് വല്ലാത്ത ഇഷ്ടമാണ്. ഉടക്കാന്‍ പോകാതെ, അടുത്തു ചെന്ന് തലകുനിച്ച്, തല ചരിച്ച് അടക്കം പറഞ്ഞാല്‍ അദ്ദേഹം ആകാശ താഴ് വരകളില്‍ ഒളിച്ചു കളിക്കുന്ന അമ്പിളി മാമനെ വരെ പിടിച്ചു തരും. ഇച്ചിരി പിടിവാശി കൂടുതലാണെന്നൊഴിച്ചാല്‍ കാര്‍ന്നോര് ഒരു പ്രസ്ഥാനം തന്നെയാണ്.
ദാ,ഇപ്പോള്‍ കണ്ടില്ലേ
കുടിയന്‍മാരുടെ പരാതിയും കാര്‍ന്നോര് കേട്ടു. കുപ്പിക്ക് ശ്ശി വില കൂടുതലാണെന്ന് പറയേണ്ട താമസം ഒരു കുപ്പിക്ക് കുറക്കാന്‍ പോകുന്നത് 200 രൂപ. ഉത്തരവ് കേട്ട് ഐസക്ക്അദ്ദേഹം മുണ്ടു മടക്കി കുത്തിയെന്നാണ് കഥ. പറഞ്ഞിട്ടെന്ത് കാര്യം? ഉടക്കിയാല്‍ 250 കുറയ്ക്കുമെന്നാണ് പ്രസ്ഥാനത്തിന്റെ നയം.
ഒടുവില്‍ ഐസക്ക് മുട്ടുകുത്തി. അങ്ങനെ കഴിഞ്ഞ ദിവസത്തെ കാബിനറ്റ് കുപ്പി വില കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് അടുത്ത കാബിനറ്റിലേക്ക് മാറ്റി. ഇതിനിടയില്‍ തെരഞ്ഞടുപ്പ് വിജ്ഞാപനം വന്നാല്‍ ഉത്തരവ് ഇറക്കാന്‍ ധനവകുപ്പിന് നിര്‍ദ്ദേശവും നല്‍കി. പഴയ തിയതിയില്‍ വിജ്ഞാപനം ഇറക്കിയാല്‍ മതി. അല്ലെങ്കിലും അത്യാവശ്യം കുറെ സര്‍ക്കാര്‍ ഉത്തരവ് നമ്പറുകള്‍ മാറ്റിവച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യവില കുറയാന്‍ വഴിയൊരുങ്ങുന്നു എന്നു കേട്ടിട്ട് കുറച്ചു നാളായി. കൊവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കിയിട്ടും ആഴ്ചകളായി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. കൊവിഡ് കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് മെയ് മാസത്തില്‍ മദ്യത്തിന്റെ എക്‌സൈസ് നികുതി 35 ശതമാനം കൂട്ടി.
212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയര്‍ത്തിയത്. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടി. അധിക നികുതി എത്രനാളത്തേക്കെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.
മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടിസ്ഥാന നിരക്കില്‍ 7 ശതമാനം വര്‍ദ്ധന അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഇതോടെ ഫെബ്രുവരി 1 മുതല്‍ മദ്യ വില വീണ്ടും കൂടി. പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 150 മുതല്‍ 200 രൂപ വരെ വര്‍ദ്ധനയുണ്ടായി. ബാറുകളില്‍ പാഴ്‌സല്‍ വില്‍പ്പന ഒഴിവാക്കുകയും ചെയ്തു. മദ്യവില വര്‍ദ്ധന ബാറുകളിലേയും ബെവ്‌കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകലിലെ വില്‍പ്പനയേയും ബാധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ളനീക്കം.
ഇനിയാണ് സര്‍ക്കാരിന്റെ രണ്ടാം തരികിട. മദ്യ വില കൂടിയതോടെ ബാറുകളില്‍ മദ്യവില്‍പ്പന കുറഞ്ഞിരുന്നു. അത് വല്ലാത്ത ആഘാതമാണ് വില്‍പ്പനയില്‍ സൃഷ്ടിച്ചത്. സ്ഥിരം കൂടിയന്‍മാര്‍ സ്ഥിരമായി വാറ്റാനും കഷായം സേവിക്കാനും തുടങ്ങി.
അതോടെ ബാറുകാര്‍ അങ്കലാപ്പിലായി. വില കൂട്ടാനും കുറക്കാനും കൈമണി എന്ന ആശയം അങ്ങനെയാണ് വന്നു ചേര്‍ന്നത്. തെരഞ്ഞടുപ്പ് കാലമല്ലേ? കാശിന്റെ ആവശ്യം ആവോളമുണ്ട്. വില കുറയ്ക്കാന്‍ ഇതും ഒരു കാരണമായെന്ന് ആരെങ്കിലും സംശയിച്ചാല്‍ അത്ഭുതപ്പെടാതൊന്നുമില്ല. കാശും കിട്ടും. വോട്ടും കിട്ടും. ട്രഷറി പട്ടിണിയിലായാലൊന്നും അവര്‍ക്ക് പരിഭവമില്ല. ഇതാണ് ഇടതിന്റെ നവശൈലി!
തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ മദ്യവില കുറക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ മൊത്തം വിലയിരുത്തല്‍. ഏതായാലും കോണ്‍ഗ്രസ് കണ്ണും തള്ളി ഇരിപ്പാണ്. എത്രയും വേഗം ഇലക്ഷന്‍ പ്രഖ്യാപിക്കണേ എന്ന ആഗ്രഹത്തിലാണ് കോണ്‍ഗ്രസ്.ഇല്ലെങ്കില്‍ ഉള്ള വോട്ടു കൂടി പ്രസ്ഥാനം കട്ടോണ്ട് പോകും.
"
https://www.facebook.com/Malayalivartha



























