പാചകവാതകവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... സിലിണ്ടറിന് 25 രൂപ കൂട്ടി, ഇന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഗാര്‍ഹിക സിലിന്‍ഡറിന്റെ വില 776 രൂപയായിരുന്നു.
പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വര്‍ധനവാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50രുപയുമാണ് വര്‍ധിപ്പിച്ചത്.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുകയാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വര്‍ധന എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തിനില്‍ക്കെയാണ് പാചകവാതകത്തിന്റേയും വിലവര്‍ധന. രാജ്യത്ത് ഇന്ധനവിലയും ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്നലെ കൂടിയത്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ വില 91 രൂപ 48 പൈസയും ഡീസല്‍ 86 രൂപ 11 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. ഡീസല്‍ വില 87 രൂപ 6 പൈസയിലെത്തി.
രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
അതേസമയം പാചകവാതകവും തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് പാചകവാതക ബുക്കിങ്ങിന് തത്കാല്‍ സേവാസൗകര്യം ഒരുക്കുന്നത്.
തിരുവനന്തപുരമടക്കമുള്ള രാജ്യത്തെ പ്രധാനനഗരങ്ങളില്‍ ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാല്‍ മണിക്കൂറിനകം പാചകവാതക സിലിന്‍ഡറുകള്‍ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.
ഹെദരാബാദില്‍ ഈ സൗകര്യം തുടങ്ങിക്കഴിഞ്ഞു. പടിപടിയായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്ന് തിരുവനന്തപുരം നഗരത്തെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഒരു സിലിന്‍ഡര്‍ മാത്രമുള്ള പാചകവാതക ഉപഭോക്താക്കള്‍ക്കാകും തത്കാല്‍ ബുക്കിങ് അനുവദിക്കുക. െപ്രെംമിനിസ്റ്റേഴ്‌സ് ഉജ്ജ്വല യോജന (പി.എം.യു.െവെ.) പദ്ധതിയില്‍ പാചകവാതക കണക്ഷന്‍ അനുവദിക്കുമ്പോള്‍ നിലവില്‍ ഒരു സിലിന്‍ഡറാണ് അനുവദിക്കാറ്. ഇത്തരം ഉപഭോക്താക്കള്‍ക്ക് അടുത്ത സിലിന്‍ഡര്‍ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകുമെന്നതാണ് പദ്ധതിയുടെ നേട്ടം.
തത്കാല്‍ബുക്കിങ് വഴി സിലിന്‍ഡര്‍ ലഭിക്കുന്നതിന് ഹൈദരാബാദില്‍ 25 രൂപയാണ് അധികം ഈടാക്കുന്നത്.
https://www.facebook.com/Malayalivartha



























