യുവ നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി...

നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. കേസിലെ എട്ടാം പ്രതി ആയിരുന്നു ദിലീപ്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി.
കേസിലെ സാക്ഷികളെ ഭീക്ഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നെന്നും, വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നതുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയായണ് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മറ്റു ചില സാക്ഷികളുടെ നിലപാടു മാറ്റത്തിനു പിന്നിലും പ്രതിഭാഗത്തിന്റെ ഇടപെടലുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍, ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്‌പദമാണെന്നുമാണ് ദിലീപ് കോടതിയിൽ വാദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെടുകയുണ്ടായി. 100 സാക്ഷികളെ വിസ്തരിച്ചിട്ടും ആരും ദിലീപിനെതിരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ടിരുന്നില്ല.
കേസില്‍ അഡ്വ വി എന്‍ അനില്‍കുമാറിനെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാരാണ് നിയമിച്ചത്. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് അനില്‍കുമാറിനെ നിയമിച്ചത്. കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്‍ രാജിവെച്ചത്.
https://www.facebook.com/Malayalivartha
























